കൽപറ്റ: ജില്ലയിൽ മഴക്കാലജന്യ പക൪ച്ചവ്യാധികൾ തടയുന്നതിനായി വിവിധ വകുപ്പുകൾ ഏകോപനത്തോടെയും ജാഗ്രതയോടെയും പ്രവ൪ത്തിക്കണമെന്ന് സംസ്ഥാന പട്ടികവ൪ഗ-യുവജനക്ഷേമകാര്യ മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മഴക്കാല രോഗങ്ങൾ നേരിടുന്നതിനുള്ള തയാറെടുപ്പുകൾ അവലോകനം ചെയ്യാനായി ചേ൪ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യരക്ഷാ മുൻകരുതൽ പ്രവ൪ത്തനങ്ങൾക്ക് ആരോഗ്യവകുപ്പ് നേതൃത്വം നൽകണം. എന്നാൽ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും പട്ടികവ൪ഗ-പട്ടികജാതി വികസന വകുപ്പുകൾ, സാമൂഹികക്ഷേമ വകുപ്പ്, ജല അതോറിറ്റി, തൊഴിൽ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് തുടങ്ങിയവക്കെല്ലാം ഇക്കാര്യത്തിൽ പ്രധാന പങ്ക് വഹിക്കാനുണ്ട്. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാവിധ സ്ഥാപനങ്ങളിലും പരിശോധന ക൪ശനമാക്കാനും മന്ത്രി നി൪ദേശം നൽകി.
ജില്ലയിൽ പനി, വയറിളക്കം തുടങ്ങിയ രോഗം ബാധിച്ചവരുടെ തോത് കഴിഞ്ഞ വ൪ഷത്തെ അപേക്ഷിച്ച് കൂടുതലാണെങ്കിലും സ്ഥിതിഗതികൾ ആശങ്കാജനകമല്ളെന്ന് ഇതുസംബന്ധിച്ച് വിശദീകരിച്ച ജില്ലാ മെഡിക്കൽ ഓഫിസ൪ ഡോ. സമീറ യോഗത്തെ അറിയിച്ചു. പനിയുടെ കാര്യത്തിൽ കഴിഞ്ഞ വ൪ഷത്തെ അപേക്ഷിച്ച് ഏഴു ശതമാനവും വയറിളക്കത്തിൻെറ കാര്യത്തിൽ 11 ശതമാനവും വ൪ധനയുണ്ട്. ഈ വ൪ഷം ഇതുവരെ കോളറയെന്ന് സംശയിക്കുന്ന 33 കേസുകൾ റിപ്പോ൪ട്ട് ചെയ്തു. ഇതിൽ ഒമ്പതു കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കോളറമൂലമെന്ന് സംശയിക്കുന്ന രണ്ട് മരണങ്ങളുമുണ്ടായി. എന്നാൽ, കോളറ നിലവിൽ നിയന്ത്രണാധീനമാണെന്ന് ഡി.എം.ഒ വ്യക്തമാക്കി. ജില്ലയിൽ 13 മലേറിയ കേസുകളും നാല് ഡെങ്കിപ്പനിയും റിപ്പോ൪ട്ട് ചെയ്തിട്ടുണ്ട്. മലേറിയ മിക്കവാറും അന്യസംസ്ഥാനത്തുനിന്ന് വരുന്നവ൪ക്കാണ് ബാധിച്ചിട്ടുള്ളത്. എന്നാൽ, നിലവിൽ ആശങ്കാജനകമായി കാണുന്ന ഒരസുഖം ഹെപ്പറ്റൈറ്റിസ് ബി. മഞ്ഞപ്പിത്തമാണെന്നും ഇതുവരെ ജില്ലയിൽ 159 ഹെപ്പറ്റൈറ്റിസ് ബി. കേസുകൾ റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടുള്ളതായും ഡി.എം.ഒ പറഞ്ഞു.
മഴക്കാല രോഗങ്ങളുടെ ചികിത്സക്കായി ജില്ലയിൽ ഏ൪പ്പെടുത്തിയ സംവിധാനങ്ങൾ സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ ജില്ലയുടെ മേൽനോട്ടം നി൪വഹിക്കുന്ന വകുപ്പിൻെറ വിജിലൻസ് വിഭാഗം അഡീഷനൽ ഡയറക്ട൪ ഡോ. പി.എൻ. രമണി യോഗത്തിൽ വിശദീകരണം നൽകി. തയാറെടുപ്പുകൾക്കായി ജില്ലക്ക് അഞ്ചുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഓരോ വാ൪ഡിനുമായി അനുവദിച്ച 25,000 രൂപക്ക് പുറമെയാണിത്. താലൂക്ക് ആശുപത്രികളിലെ ലാബുകൾ രാത്രി എട്ടുമണി വരെയും ജില്ലാ ആശുപത്രിയിലെ ലാബ് 24 മണിക്കൂറും പ്രവ൪ത്തിപ്പിക്കും. പനി പടരുന്ന സാഹചര്യം വന്നാൽ ഈ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും പ്രത്യേക പനി വാ൪ഡുകൾ തുറക്കും. എല്ലാ ആശുപത്രികളിലും മരുന്ന് ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമായിവരുന്ന പക്ഷം മരുന്നുകൾ പ്രാദേശികാടിസ്ഥാനത്തിൽ തന്നെ വാങ്ങും. ജീവനക്കാരുടെ അഭാവം പരിഹരിക്കാൻ താൽക്കാലിക വ്യവസ്ഥയിൽ ജീവനക്കാരെ നിയമിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും അഡീഷനൽ ഡയറക്ട൪ പറഞ്ഞു.
ഓരോ ദിവസവും ജില്ലയിലെ രോഗ വിവരങ്ങൾ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലേക്ക് റിപ്പോ൪ട്ട് ചെയ്യുന്നുണ്ടെന്നും വിവിധ ജില്ലകളിൽ നിന്നുള്ള റിപ്പോ൪ട്ടുകൾ ഓരോ ദിവസവും വകുപ്പ് മന്ത്രി പരിശോധിക്കുന്നുണ്ടെന്നും അഡീഷനൽ ഡയറക്ട൪ യോഗത്തെ അറിയിച്ചു.
എം.എൽ.എമാരായ എം.വി. ശ്രേയാംസ്കുമാ൪, ഐ.സി. ബാലകൃഷ്ണൻ, കൽപറ്റ മുനിസിപ്പൽ ചെയ൪മാൻ എ.പി. ഹമീദ്, കൽപറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് സലീം മേമന, സബ് കലക്ട൪ എസ്. ഹരികിഷോ൪ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.