മലപ്പുറത്ത് ഇ-ജില്ല പദ്ധതി തുടങ്ങുന്നു

മലപ്പുറം: സ൪ക്കാ൪ ഓഫിസുകളിലെ നടപടിക്രമങ്ങളിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ ദേശീയ ഇ-ഗവേണൻസ് പദ്ധതിയുടെ ഭാഗമായി ഇ-ജില്ല പദ്ധതികൾക്ക് തുടക്കമാവുന്നു. സ൪ട്ടിഫിക്കറ്റുകളും സേവനങ്ങളും അക്ഷയ കേന്ദ്രം വഴി ലഭ്യമാക്കുന്ന പദ്ധതിയാണിത്. ജനങ്ങൾക്ക് സ൪ക്കാ൪ ഓഫിസുകൾ കയറിയിറങ്ങാതെയും സമയപരിധി നോക്കാതെയും സമീപത്തെ അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷ നൽകാനും സ൪ട്ടിഫിക്കറ്റ് വാങ്ങാനും സാധിക്കുമെന്നതാണ് പ്രധാന നേട്ടം.
അപേക്ഷയും വ്യക്തിഗത വിവരങ്ങളും അക്ഷയ കേന്ദ്രത്തിൽ നൽകുമ്പോൾതന്നെ രജിസ്ട്രേഷൻ നമ്പ൪ ലഭിക്കും. സ൪ട്ടിഫിക്കറ്റ് നൽകേണ്ട ഉദ്യോഗസ്ഥൻ ഇവ പരിശോധിച്ച് ഡിജിറ്റൽ സിഗ്നേച്ച൪ നൽകി സ൪ട്ടിഫിക്കറ്റ് അക്ഷയ കേന്ദ്രത്തിൽ ലഭ്യമാക്കും. സ൪ട്ടിഫിക്കറ്റ് അക്ഷയ കേന്ദ്രത്തിൽ ഓൺലൈനായി എത്തിയയുടൻ അപേക്ഷകന്റെ മൊബൈൽ ഫോണിൽ വിവരം നൽകാനും സംവിധാനമുണ്ട്. സ൪ട്ടിഫിക്കറ്റിന്റെ പ്രിന്റ്ഔട്ട് എപ്പോൾ വേണമെങ്കിലും വാങ്ങാം. ഒരിക്കൽ രജിസ്റ്റ൪ ചെയ്താൽ ഈ നമ്പറിന്റെ സഹായത്തോടെ ഒരാൾക്ക് ഏത് സ൪ട്ടിഫിക്കറ്റിനും അപേക്ഷിക്കാം. വtേു:നനലറശtെേശര.േസലൃമഹമ.ഴീ്.ശി  വെബ്സൈറ്റിലൂടെയാണ് അക്ഷയ സംരംഭക൪ ഉദ്യോഗസ്ഥ൪ക്ക് അപേക്ഷ അയക്കുന്നത്. ഭരണപരമായ ചെലവ് കുറക്കാനും സമയം ലാഭിക്കാനും ഇത് സഹായിക്കും.
ഐ.ടി മിഷൻ, അക്ഷയ, നാഷനൽ ഇൻഫ൪മാറ്റിക് സെന്റ൪, സി-ഡിറ്റ്, ഐ.ടി സെൽ, റവന്യു വകുപ്പ് എന്നിവ ചേ൪ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സ൪ക്കാ൪ ഓഫിസുകളിൽ സാങ്കേതിക സൗകര്യങ്ങളൊരുക്കും. ഉദ്യോഗസ്ഥ൪ക്കും സംരംഭക൪ക്കും വേണ്ട പരിശീലനം നൽകുന്നത് സി-ഡിറ്റാണ്.
തുടക്കത്തിൽ റവന്യു വകുപ്പിൽനിന്ന്  ലഭിക്കുന്ന സ൪ട്ടിഫിക്കറ്റുകളാണ് നൽകുക. ജാതി, വരുമാനം, സോൾവൻസി, ബന്ധുത്വം, കൈവശാവകാശം, കമ്യൂണിറ്റി പൊസഷൻ ആൻഡ് നോൺ അറ്റാച്ച്മെന്റ്, മിശ്രവിവാഹം, ലൈഫ്, അഗതി, നോൺ മാര്യേജ് തുടങ്ങി 23 സ൪ട്ടിഫിക്കറ്റുകളാണ് ആദ്യഘട്ടത്തിൽ നൽകുക. ഇതിന് തഹസിൽദാ൪മാ൪, വില്ലേജ് ഓഫിസ൪മാ൪, അക്ഷയ സംരംഭക൪ എന്നിവ൪ക്കുള്ള ഒന്നാംഘട്ട പരിശീലനം ശനിയാഴ്ച ആരംഭിക്കും.
പദ്ധതി നി൪വഹണത്തിന് ജില്ലാ ഇ-ഗവേണൻസ് സൊസൈറ്റി രൂപവത്കരിച്ചു. കലക്ട൪ ചെയ൪മാനും അക്ഷയ ജില്ലാ സെക്രട്ടറി കൺവീനറുമാണ്. കലക്ട൪ എം.സി. മോഹൻദാസ്, എ.ഡി.എം എൻ.കെ. ആന്റണി, ജില്ലാ പൊലീസ് സൂപ്രണ്ട് കെ. സേതുരാമൻ, ജില്ലാ ഇൻഫ൪മാറ്റിക് ഓഫിസ൪ പി.കെ. ബഷീ൪ അഹമ്മദ്, കൃഷി പ്രിൻസിപ്പൽ ഓഫിസ൪ വി. ആമിന, ആ൪.ടി.ഒ എൽദോ, ഡി.എസ്.ഒ കെ. രാധാകൃഷ്ണൻ, ഡെപ്യൂട്ടി കലക്ട൪ വി.കെ. സുന്ദരൻ, അക്ഷയ ജില്ലാ സെക്രട്ടറി കെ.പി. മുഹമ്മദ് ബഷീ൪, ഡി.ഡി.പി സി.എൻ. ബാബു, ജില്ലാ ട്രഷറി ഓഫിസ൪ എ. കാസു, ജില്ലാ പ്ലാനിങ് ഓഫിസ൪ കെ. മുഹമ്മദലി എന്നിവരടങ്ങുന്ന ഇ-ഗവേണൻസ് കമ്മിറ്റിയാണ് പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.