ക്രിമിനല്‍ പട്ടികയെചൊല്ലി പൊലീസില്‍ അമര്‍ഷം

കോഴിക്കോട്: ഡി.ജി.പി        ഹൈകോടതിയിൽ നൽകിയ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയെചൊല്ലി പൊലീസിൽ അമ൪ഷം. ഇതുസംബന്ധിച്ച് പല ഉദ്യോഗസ്ഥരും നേരിലും രേഖാമൂലവും ഉന്നത ഉദ്യോഗസ്ഥ൪ക്കും മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും പരാതി നൽകിയിട്ടുണ്ട്. സ൪ക്കാ൪ അറിയാതെയാണ് ഡി.ജി.പിയുടെ ഓഫിസിൽനിന്ന് പട്ടിക നൽകിയതെന്നാണ് അറിയുന്നത്. 605 പേരടങ്ങുന്ന പട്ടിക കേരള പൊലീസിൻെറ പ്രതിച്ഛായയെ ബാധിച്ചതായി സ൪ക്കാറിനുതന്നെ ബോധ്യമായിട്ടുണ്ട്.
വിവിധ പൊലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയായ 533 പേരാണ് പട്ടികയിലുള്ളത്. ഇതിന് പുറമെ സി.ബി.ഐ അന്വേഷണം നേരിടുന്ന 36 പേരും വിജിലൻസ് കേസുകളിൽപെട്ട 26 പേരും വനം, എക്സൈസ് കേസുകളിൽപെട്ട ഏഴുപേരും പട്ടികയിലുണ്ട്. ഹൈകോടതി നി൪ദേശപ്രകാരം കഴിഞ്ഞ ആഗസ്റ്റിൽ ഡി.ജി.പി സമ൪പ്പിച്ച പട്ടിക വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷ വഴിയാണ് പുറത്തായത്.
സ്വകാര്യ അന്യായത്തിൻെറ പേരിൽ ഉദ്യോഗസ്ഥരെ ക്രിമിനൽ പട്ടികയിൽപെടുത്തിയത് നിയമപരമായി ശരിയല്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥ൪ പറയുന്നത്. അതുപോലെ വിജിലൻസ് കേസ് ക്രിമിനൽ കേസായി പരിഗണിക്കാൻ പറ്റില്ലെന്നും ഇവ൪ ചൂണ്ടിക്കാട്ടുന്നു. നടപടിക്രമങ്ങളിലെ അപാകതയുടെ പേരിൽ ഉദ്യോഗസ്ഥ൪ക്കെതിരെ വിജിലൻസ് കേസെടുക്കാം. ഇതിൽ അഴിമതിയുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കപ്പെടുന്നത് കോടതിയിലാണ്.
വാഹനമിടിച്ച് ആളുമരിച്ച കേസിലും പ്രതികളെ മ൪ദിച്ചുവെന്ന പരാതികളെ തുട൪ന്നുള്ള കേസുകളിലുംപെട്ട  നിരവധി പേ൪ ഈ പട്ടികയിലുണ്ട്.
ക്രിമിനൽ ബന്ധമുള്ളതോ ക്രിമിനൽ പ്രവൃത്തിയിൽ ഉൾപ്പെട്ടതോ ആയ ഉദ്യോഗസ്ഥരെ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തിലാണ് ഹൈകോടതി പട്ടിക ആവശ്യപ്പെട്ടതെന്നാണ് ഉദ്യോഗസ്ഥ൪ പറയുന്നത്. എന്നാൽ, വിവിധ സ്റ്റേഷനുകളിലെ കേസ് പട്ടികയിലുള്ള ഉദ്യോഗസ്ഥരുടെ പേരുവിവരം മുഴുവൻ ശേഖരിച്ച് കോടതിക്ക് നൽകുകയാണ് ചെയ്തത്. ഇതോടെ മികച്ച ഉദ്യോഗസ്ഥരെപ്പോലും ക്രിമിനലുകളായി ചിത്രീകരിക്കുന്ന അവസ്ഥയുണ്ടായി. ഇത് പൊലീസിൻെറ മനോവീര്യം തക൪ക്കുമെന്നാണ് പ്രധാന പരാതി.
തന്നെ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ കണ്ണൂ൪ റെയ്ഞ്ച് ഡി.ഐ.ജി എസ്. ശ്രീജിത്ത് ഐ.പി.എസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്്. രമേശ് നമ്പ്യാ൪ എന്നയാൾ തൃശൂ൪ വിജിലൻസ് കോടതിയിൽ നൽകിയ സ്വകാര്യ പരാതിയുടെ പേരിലാണ് തന്നെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും  സ്വകാര്യ ഹരജികളിൽ  ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരം കോടതി ആവശ്യപ്പെട്ടിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
അങ്ങനെയാണെങ്കിൽതന്നെ സ്വകാര്യ പരാതികളിൽ പ്രതിചേ൪ക്കപ്പെട്ടവരെ ക്രിമിനലായി മുദ്രകുത്തുന്നത് ശരിയല്ല.
 ആ൪ക്കും ഏതു പൊലീസ് ഉദ്യോഗസ്ഥനെതിരെയും ഏതു ആരോപണവും ഉന്നയിച്ച് പരാതി നൽകാനാവും.
അന്വേഷണ ഘട്ടത്തിൽ തന്നെ ക്രിമിനലായി ചിത്രീകരിക്കരുതെന്ന് പരാതിയിൽ ശ്രീജിത്ത് അഭ്യ൪ഥിക്കുന്നു. തനിക്കെതിരായ പരാതി എ.ഡി.ജി.പി മഹേഷ്കുമാ൪ സിംഗ്ള രണ്ടുവ൪ഷം  അന്വേഷിച്ചശേഷം തള്ളിയതാണ്. ഈ റിപ്പോ൪ട്ട് മറച്ചുവെച്ചാണ് വീണ്ടും വിജിലൻസ് കോടതിയിൽ പരാതി നൽകിയിരിക്കുന്നത്. ഈ ഒറ്റക്കാരണംകൊണ്ട് ക്രിമിനൽ ഉദ്യോഗസ്ഥരുടെ പട്ടികയിൽ  തന്നെ പെടുത്തിയത് ഒഴിവാക്കണമെന്ന് ഡി.ഐ.ജി ആവശ്യപ്പെടുന്നു.
ശ്രീജിത്തിനെ കൂടാതെ ഐ.ജി ടോമിൻ ജെ. തച്ചങ്കരി, ഈയിടെ സ൪വീസിൽനിന്ന് വിരമിച്ച ഡി.ജി.പി  എസ്. പുലികേശി, ഉണ്ണിത്താൻ വധശ്രമ കേസിലെ പ്രതി ഡിവൈ.എസ്.പി എം. സന്തോഷ്നായ൪ തുടങ്ങിയ ഉന്നതരും പട്ടികയിൽ ഉൾപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.