കൊച്ചി മെട്രോ: സ്ഥലമെടുപ്പിന് പൊന്നുംവില നിയമം ബാധകമാക്കാന്‍ അനുമതി

കാക്കനാട്: മെട്രോ റെയിൽ പദ്ധതിക്ക് മുന്നോടിയായി നഗരത്തിലെ വിവിധ റോഡുകൾ വികസിപ്പിക്കാൻ സ്ഥലമെടുപ്പിന് പൊന്നുംവില നിയമം ബാധകമാക്കാൻ സ൪ക്കാ൪ അനുമതി നൽകി. ഒരുമാസത്തിനകം സ്ഥലം ഏറ്റെടുത്ത് കൈമാറുമെന്ന് കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് കലക്ടറേറ്റിൽ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
സൗത് റെയിൽവേ സ്റ്റേഷൻ റോഡ്, എം.ജി റോഡ്, ബാന൪ജി റോഡ് എന്നിവിടങ്ങളിലാണ് സ്ഥലമെടുപ്പ് അവശേഷിക്കുന്നത്. ഇവിടങ്ങളിൽ സ്ഥല ഉടമകളുമായി വില സംബന്ധിച്ച് ധാരണയുണ്ടാക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെത്തുട൪ന്നാണ് എൽ.എ നിയമപ്രകാരം ഏറ്റെടുക്കാൻ ജില്ലാ ഭരണകൂടം സ൪ക്കാറിൻെറ അനുമതി തേടിയത്. നിയമം ബാധകമാകുന്നതോടെ ഉടമകളുടെ തടസ്സവാദങ്ങൾ പരിഹരിക്കാതെ തന്നെ സ്ഥല വില കോടതിയിൽ കെട്ടി സ്ഥലം ഏറ്റെടുക്കാനാകുമെന്ന് കലക്ട൪ പറഞ്ഞു.
സ്ഥലം ഏറ്റെടുക്കുന്നതിന് ഡിമാൻഡ് ഡ്രാഫ്റ്റ് ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വിശദമായ വാല്യുവേഷൻ സറ്റേറ്റ്മെൻറും തയാറായി. എം.ജി റോഡിൽ ഒമ്പത് സെൻറും ബാന൪ജി റോഡിൽ 67 സെൻറും സൗത് റെയിൽവേ സ്റ്റേഷൻ റോഡിൽ 17 സെൻറും സ്ഥലമാണ് മെട്രോ റെയിൽ മുന്നൊരുക്ക വികസന പ്രവ൪ത്തനങ്ങൾക്കായി ഏറ്റെടുക്കുന്നത്. എം.ജി റോഡിൽ സ്ഥലം ഏറ്റെടുക്കുമ്പോൾ അധികം കെട്ടിടങ്ങൾ പൊളിക്കേണ്ടി വരില്ലെങ്കിലും ബാന൪ജി റോഡിൽ കെട്ടിടങ്ങൾ പൂ൪ണമായും ചിലത് ഭാഗികമായും പൊളിച്ചു നീക്കേണ്ടിവരുമെന്ന് കലക്ട൪ പറഞ്ഞു.
കച്ചേരിപ്പടി മുതൽ നോ൪ത്ത് മേൽപ്പാലം വരെ അഞ്ച് കടകളും രണ്ട് ബാങ്കുകളും മൂന്ന് പെട്രോൾ പമ്പുകളും ആശുപത്രിയും പൊളിച്ചു നീക്കേണ്ടിവരും. ബാന൪ജി റോഡിലും എം.ജി റോഡിലും ജില്ലാ പ൪ച്ചേസ് കമ്മിറ്റി സെൻറിന് 40 ലക്ഷം രൂപവരെ വില നി൪ണയിച്ചിട്ടുണ്ട്. വികസനപ്രവ൪ത്തനങ്ങൾക്കായി സ്ഥലം ഏറ്റെടുക്കുന്നിടങ്ങളിൽ ആകെ ഏഴ് ഭൂവുടമകളാണുള്ളത്.
നോ൪ത്ത് പാലം, സൗത് പാലം വികസനത്തിന് സ്ഥലം ഏറ്റെടുക്കൽ നടപടി പൂ൪ത്തിയായിട്ടുണ്ട്. ഇവിടെ സ്ഥലത്തിൻെറ വില ഡി.എൽ.പി.സി നി൪ണയിച്ചിട്ടുണ്ട്. ഈ വില സ്ഥലം ഉടമകൾ സമ്മതിച്ചതായി കലക്ട൪ കൂട്ടിച്ചേ൪ത്തു. ഒരാഴ്ചക്കകം ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വില ഉടമകൾക്ക് കൈമാറും. ജില്ലാ ഇൻഫ൪മേഷൻ ഓഫിസ൪ ചന്ദ്രഹാസനും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.