മാനാഞ്ചിറയില്‍ ഇനി ‘കാലപ്രവാഹ’ത്തിന്‍െറ കാഴ്ച

കോഴിക്കോട്: വഴിമാറുന്ന ചരിത്ര കാഴ്ചകൾക്ക് ഇനി കാലപുരുഷൻ സാക്ഷി. പ്രശസ്ത ശിൽപി  കെ.എസ്. രാധാകൃഷ്ണൻ  വെങ്കലത്തിൽ തീ൪ത്ത  കാലത്തിൻെറ ഒഴുക്കിനെ പ്രതിനിധാനംചെയ്യുന്ന  ‘കാലപ്രവാഹം’ എന്ന ശിൽപമാണ്  മാനാഞ്ചിറക്ക് തിലകമായി ഉയ൪ന്നുനിൽക്കുന്നത്. 650 കിലോ വെങ്കലത്തിൽ തീ൪ത്ത  പുരുഷൻെറ ശിൽപം ഇരുകൈകളും കുത്തി താഴോട്ട് നോക്കി കരിങ്കൽ സ്തൂപത്തിനുമുകളിൽ നിൽക്കുന്ന അവസ്ഥയിലാണ്. സ്തൂപത്തിനുമുകളിൽ വെച്ച 50 കിലോയുള്ള വെങ്കല മേൽക്കൂരയും കാഴ്ചക്കാരിൽ ഓ൪മകളുണ൪ത്തുന്നു.
ശിൽപനഗരം പദ്ധതിയുടെ ഭാഗമായി ഉയ൪ന്ന 12 ശിൽപങ്ങളിൽ ഒന്നാണ് ‘കാലപ്രവാഹം.’ ജയ്പൂരിൽനിന്ന് വെങ്കലത്തിൽ വാ൪ത്തെടുത്ത് കൊണ്ടുവന്ന   ശിൽപം 25 അടി ഉയരമുള്ള കരിങ്കൽ സ്തൂപത്തിനുമുകളിലാണ് സ്ഥാപിച്ചിട്ടുള്ളത്. ന്യൂദൽഹി ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന ശിൽപി  കെ.എസ്. രാധാകൃഷ്ണൻ സ്വന്തം ചെലവിലാണ് ഒന്നരകോടി രൂപയോളം മൂല്യമുള്ള  ശിൽപം സമ്മാനിച്ചത്.
 രൂപമില്ലാത്ത കാലം എവിടെയോ എത്തിച്ചവരെ ഉയരത്തിൽനിന്ന് എല്ലാത്തിനും സാക്ഷിയാക്കി നിൽക്കുന്നുവെന്ന ആശയമാണ്  ‘കാലപ്രവാഹ’ത്തിലൂടെ ആവിഷ്കരിച്ചത്. നാഗരികതയുടെ എല്ലാ തിരക്കുകളിൽനിന്നും മാറി  മാനാഞ്ചിറ മൈതാനത്തെത്തുന്നവ൪ക്ക് ഉൾക്കൊള്ളാൻ കഴിയുന്നതാണ് ശിൽപം. ഏകാന്തതയിൽനിന്ന് അവരെ ഒരുമിപ്പിക്കുന്നതിനും ശിൽപത്തിനു കഴിയും -ശിൽപനഗരം പദ്ധതിയുടെ ഡയറക്ട൪ കൂടിയായ ശിൽപി  കെ.എസ്. രാധാകൃഷ്ണൻ  പറഞ്ഞു.
 സഞ്ചാരികൾക്ക് മനസ്സിലാക്കുന്നതിനുവേണ്ടി ശിൽപത്തിൻെറ പേരടക്കം മലയാളത്തിലും ഇംഗ്ളീഷിലും എഴുതിയ ലഘുവിവരണം ഒരുക്കും. ശിൽപം സ്ഥാപിച്ച കോൺക്രീറ്റ് അടിത്തറ കാണാത്ത വിധം മണ്ണിട്ടുയ൪ത്തി പുൽത്തകിടി വെച്ചുപിടിപ്പിക്കും.    മാനാഞ്ചിറ മൈതാനത്തിൻെറ മധ്യത്തിൽ  നഗരത്തെ വീക്ഷിക്കുന്ന കാലപുരുഷൻ  ഇനി കോഴിക്കോടിന് സ്വന്തം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.