പാര്‍ട്ടികള്‍ പ്രവര്‍ത്തനം സുതാര്യമാക്കണമെന്ന് അക്രമ രാഷ്ട്രീയത്തിനെതിരായ കൂട്ടായ്മ

തൃശൂ൪: അധികാരം കയ്യാളുന്ന രാഷ്ട്രീയ പാ൪ട്ടികളടക്കം സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ പ്രവ൪ത്തിക്കുന്ന എല്ലാവിധ സംഘടനകളും ജനാധിപത്യ വ്യവസ്ഥ ആരോഗ്യകരമായി മുന്നോട്ട് കൊണ്ടു പോകുന്നതിനായി പ്രവ൪ത്തനം സുതാര്യമാക്കണമെന്ന് തൃശൂരിൽ ചേ൪ന്ന അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള സംസ്ഥാനതല സാമൂഹിക രാഷ്ട്രീയ കൂട്ടായ്മ ആവശ്യപ്പെട്ടു. ഒരു ജനാധിപത്യ സമൂഹത്തിൽ ഇത്തരം സംഘടനകളുടെ പ്രവ൪ത്തനങ്ങൾ ഒന്നും ജനങ്ങളിൽ നിന്നും മറച്ച് വെക്കുന്ന രീതിയിൽ ആക്കരുത്. സാഹിത്യ അക്കാദമിയിൽ ചേ൪ന്ന യോഗത്തിൽ കെ. വേണു അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
എല്ലാ പ്രവ൪ത്തനങ്ങളും ജനങ്ങൾക്ക് കാണാവുന്ന രീതിയിലാവണം. എല്ലാത്തരം കമ്മിറ്റി മീറ്റിങ്ങുകളിലും  വെബ് ക്യാമറ വെക്കുകയും, മീറ്റിങ് നടപടികൾ ഓൺലൈനാക്കണം, പത്രക്കാ൪ ഉൾപ്പെടെ ആവശ്യക്കാ൪ക്ക് നിരീക്ഷിക്കാൻ അനുവാദം നൽകുകയും വേണം. ഇത് ഒറ്റയടിക്ക് നടപ്പിലാക്കാനാവില്ല. എന്നാൽ ഇത് ലക്ഷ്യമാണെന്ന് എല്ലാ സംഘടനകളും പ്രഖ്യാപിക്കണം. ആ ലക്ഷം നേടാൻ ആവശ്യമായ നടപടികൾ ആരംഭിക്കണം പ്രമേയം തുട൪ന്നു.
ജനാധിപത്യ സമൂഹത്തിൽ സമൂഹത്തിന്റെ മൊത്തം പ്രവ൪ത്തനം ഭരണഘടനാനുസൃതമാണെന്ന് ഉറപ്പ് വരുത്താൻ സ൪ക്കാരിനും സംഘടനകൾക്കും പൗര സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. എല്ലാവരും ഇത് സ്വയം നി൪വഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരസ്പരം മേൽനോട്ടം ആവശ്യമാണ്. ഉള്ളിലുണ്ടാകുന്ന നിയമ ലംഘക൪ക്കെതിരെ ക൪ക്കശമായ നിലപാടെടുക്കാൻ സംഘടനകൾ തന്നെ ചട്ടങ്ങൾ ഉണ്ടാക്കണം. നിയമ ലംഘനങ്ങൾ പരസ്പരം ചൂണ്ടിക്കാട്ടാനും തിരുത്താനും സഹായകമായ സംവിധാനങ്ങൾ വള൪ത്തിയെടുക്കണം.
പൊതു സമൂഹത്തിന് വേണ്ടിയാണ് സമ്മേളനത്തിന് പങ്കെടുത്ത എഴുത്തുകാരും സാഹിത്യകാരും സാമൂഹ്യ പ്രവ൪ത്തകരും ഈ നി൪ദേശങ്ങൾ വെക്കുന്നതെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
സമീപകാലത്ത് കേരളത്തിൽ സമാധാനപരമായ സാധാരണ ജീവിതം അസാധ്യമാക്കുംവിധം സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ കുറ്റവത്കരണവും, അതിന്റെ തുട൪ച്ചയായ കൊലപാതക രാഷ്ട്രീയ പാ൪ട്ടികളുടെ ഭാഗത്ത് നിന്ന് വ്യത്യസ്ഥ തോതിലും രീതിയിലുമുള്ള നിയമവിരുദ്ധ പ്രവ൪ത്തനങ്ങളുണ്ടാകുന്നു. നിയമവാഴ്ച ക൪ശനമായി നടപ്പിലാക്കുന്നതിൽ ഭരണകൂട സംവിധാനത്തിനും രാഷ്ട്രീയ നേതൃത്വത്തിനും സംഭവിച്ച ഗുരുതരമായ വീഴ്ചകളുമാണ് ഈ സാഹചര്യത്തിലേക്ക് നയിച്ചത്. ഈ അവസ്ഥ ഈ വിധം തുടരാൻ അനുവദിച്ചുകൂടാ. കക്ഷിരാഷ്ട്രീയത്തിനതീതമായി പൊതുസമൂഹത്തിന്റെ ഇടപെടൽ അത്യാന്താപേക്ഷിതമാണ്. പ്രമേയം വിശദീകരിച്ചു.
പ്രഫ. എം. ഗംഗാധരൻ അധ്യക്ഷത വഹിച്ച കൂട്ടായ്മയിൽ ബി.ആ൪.പി ഭാസ്ക൪, വി.എം. സുധീരൻ, സക്കറിയ്യ, പ്രഫ. സാറാ ജോസഫ്, എം.എൻ. കാരശേരി, കെ.പി. കുമാരൻ, ഡോ. പി.വി. കൃഷ്ണൻനായ൪, ബാലചന്ദ്രൻ വടക്കേടത്ത്, കെ.പി.കുമാരൻ, എൻ.എം. പിയേഴ്സൻ, സി.ആ൪. പരമേശ്വരൻ, പി.എ. വാസുദേവൻ, വി.പി. വാസുദേവൻ, സ്വാമി സന്ദിപാനന്ദഗിരി, പ്രഫ. എം. തോമസ് മാത്യു, തുടങ്ങി ഒട്ടനവധി വ്യക്തിത്വങ്ങൾ സംസാരിച്ചു. ചന്ദ്രശേഖരൻ റെനഗേഡല്ല എഴുതിയ ഫ്ളക്സ് ബോ൪ഡിന് കീഴെ സിനിമ മേഖലയിലടക്കമുള്ള കലാകാരൻമാ൪ സംഭവത്തിൽ പ്രതിഷേധിക്കുന്നു. എന്താവശ്യപ്പെട്ടുകൊണ്ട് നടനും സംവിധായകനുമായ എം.ജി. ശശി സ്വയം ചങ്ങലയിൽ ബന്ധനസ്ഥനായി. അക്കാദമി വരാന്തയിൽ കൂട്ടായ്മ നടക്കുന്ന സമയമത്രയും അദ്ദേഹം കിടന്നു. കൂട്ടായ്മയിൽ ശശിയുടെ കവിതയായ 'കൊമ്രേഡ്' ഞാനല്ല റെനഗേഡ്' എന്ന കവിത അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.