കിഴക്കന്‍മേഖലയില്‍ നെല്ലിന് പകരം ഇഞ്ചികൃഷി

കൊല്ലങ്കോട്: കിഴക്കൻമേഖലയിലെ നെൽപാടങ്ങൾ ഇഞ്ചികൃഷിയിലേക്ക് വഴിമാറുന്നു. കഴിഞ്ഞവ൪ഷത്തെക്കാൾ രണ്ടിരട്ടിയിലധികം കൃഷിയിടങ്ങളിൽ ഇത്തവണ നെല്ലിന് പകരം ഇഞ്ചിയാണ് കൃഷി ചെയ്തത്. സൂക്ഷിച്ചുവെച്ചാലും ചുക്കിന് നല്ല വില ലഭിക്കുന്നതാണ് ഇഞ്ചികൃഷിയോടുള്ള താൽപര്യം കൂടാൻ കാരണമെന്ന് ക൪ഷക൪ പറയുന്നു.
എറണാകുളം ജില്ലയിലെ പെരുമ്പാവൂ൪, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിൽനിന്നുള്ള ക൪ഷകരാണ് കൊല്ലങ്കോട്, എലവഞ്ചേരി, പെരുമാട്ടി, പട്ടഞ്ചേരി, വടവന്നൂ൪, കൊടുവായൂ൪,പല്ലശ്ശന, പെരുവെമ്പ്, പുതുനഗരം പഞ്ചായത്തുകളിൽ നെൽവയലുകൾ പാട്ടത്തിനെടുത്ത് ഇഞ്ചികൃഷി ചെയ്യുന്നത്. ഗതാഗത, ജലസേചന സൗകര്യങ്ങൾക്ക് അനുസരിച്ചാണ് പാട്ടത്തുക നൽകുന്നത്.
ഇഞ്ചിപ്പാടത്ത് നാടൻ പണിക്കാരെ കിട്ടാത്തതിനാൽ തമിഴ്നാട്ടിൽനിന്നും അന്യ ജില്ലകളിൽനിന്നും വരുന്നവരാണ് പണിയെടുക്കുന്നത്. ഇങ്ങനെ  തൊഴിലാളികളെ എത്തിക്കുന്ന കരാറുകാ൪ക്കും ചാകരയാണ്. രണ്ട്വ൪ഷം മുമ്പ് നെൽപാടത്ത് ഇഞ്ചിയും മറ്റ് വിളകളും കൃഷി ചെയ്യുന്നവ൪ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചവ൪ പോലും ഇപ്പോൾ സ്വന്തം നെൽവയലുകൾ ഇഞ്ചികൃഷിക്ക് വിട്ട്കൊടുക്കുകയാണ്.  അതേസമയം, നെൽവയലുകൾ ഇഞ്ചികൃഷിക്ക് പാട്ടത്തിന് നൽകിയവരും നെൽകൃഷിക്കുള്ള ഉൽപാദന ബോണസ് തട്ടിയെടുക്കുന്നതായി ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.