കടുങ്ങാത്തുകുണ്ട്: സ്വകാര്യ ബസ് കെ.എസ്.ആ൪.ടി.സി ബസിലിടിച്ചതിനെ തുട൪ന്ന് റോഡ് ഉപരോധിച്ച നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചത് സംഘ൪ഷത്തിനിടയാക്കി. കുറുകത്താണിയിൽ വെള്ളിയാഴ്ചയാണ് സംഭവം. രാവിലെ പത്തോടെ തുടങ്ങിയ പ്രതിഷേധം ഉച്ചക്ക് രണ്ടര വരെയും നീണ്ടു.
തിരൂരിൽ നിന്ന് കുറുക വഴി കോട്ടക്കലിലേക്ക് പോകുന്ന കെ.എസ്.ആ൪.ടി.സി ബസിലാണ് ഇതേ റൂട്ടിലോടുന്ന സ്വകാര്യ ബസിടിച്ചത്. അമിത വേഗതയിൽ മറി കടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് കെ.എസ്.ആ൪.ടി.സിയിൽ ഇടിച്ചതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. സ്വകാര്യ ബസുകളുടെ അമിത വേഗതയും അപകടവും പതിവാണെന്ന് ആരോപിച്ചാണ് നാട്ടുകാ൪ രംഗത്തെത്തിയത്. ബസുകൾ നീക്കണമെങ്കിൽ ആ൪.ടി.ഒ അധികൃത൪ വരണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. വിദ്യാ൪ഥികളെ കയറ്റാത്തതുൾപ്പടെയുള്ള പരാതികൾ നൽകിയിട്ടും സ്വകാര്യ ബസുകൾക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലന്ന ആരോപണം നിലനിൽക്കുന്നതിനാലായിരുന്നു നാട്ടുകാ൪ ആ൪.ടി.ഒ വരണമെന്ന് ആവശ്യപ്പെട്ടത്.
ഇതിനിടെ സ്ഥലത്തെത്തിയ കൽപ്പകഞ്ചേരി എസ്.ഐ ശെൽവരാജാണ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചത്. ഇതിനിടെ പഞ്ചായത്ത് യൂത്ത്ലീഗ് വൈസ് പ്രസിഡൻറ് കെ. ഷംസുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് അഡ്വ.വി.കെ. ഫൈസൽ ബാബു, കൽപ്പകഞ്ചേരി സഹകരണ ബാങ്ക് പ്രസിഡൻറ് എം.കെ ഹുസൈൻ തുടങ്ങിയവ൪ സ്റ്റേഷനിലെത്തിയാണ് ഷംസുദ്ദീനെ വിടുവിച്ചത്. ഇതിനിടെ എം.എൽ.എമാരായ സി. മമ്മുട്ടി, അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവരും എസ്.ഐയുമായി ബന്ധപ്പെട്ടിരുന്നു. ഉച്ചക്ക് രണ്ടരയോടെ തിരൂരിൽ നിന്ന് ജോയിൻറ് ആ൪.ടി.ഒ എം.പി. അജിത്കുമാ൪ എത്തിയ ശേഷമാണ് പ്രശ്നം പരിഹരിച്ചത്.
നേരത്തെ സ്വകാര്യ ബസുകളുടെ കുത്തകയായിരുന്ന ഈ റൂട്ടിൽ അടുത്തിടെയായിരുന്നു കെ.എസ്.ആ൪.ടി.സി സ൪വീസ് ആരംഭിച്ചത്. ഇതു മൂലം കലക്ഷൻ കുറഞ്ഞതിനെ തുട൪ന്ന് കെ.എസ്.ആ൪.ടി.സി സ൪വീസുകൾക്ക് ‘എസ്കോ൪ട്ട്’ ഓടി നഷ്ടം വരുത്താൻ സ്വകാര്യ ബസുകൾ ശ്രമിക്കുന്നതായി ആരോപണമുണ്ട്.
നാട്ടുകാ൪ ബസ് തടഞ്ഞതിൽ പ്രതിഷേധിച്ച് ഈ റൂട്ടിൽ സ്വകാര്യ ബസുകൾ വെളളിയാഴ്ച പണിമുടക്ക് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.