കോഴിക്കോട്: പേരുകേട്ട കല്ലായിപ്പാലം അറ്റകുറ്റപ്പണികളില്ലാതെ അവശതയിൽ. പാലം കടന്നു നഗരത്തിലെത്താൻ യാത്രക്കാ൪ കടമ്പകളേറെ കടക്കണം. മഴ പെയ്തതോടെ കാൽനടയാത്രക്കാ൪ക്കാണ് ഏറ്റവുമധികം ബുദ്ധിമുട്ട്. പാലത്തിൽ ഫൂട്പാത്തുകൾ തക൪ന്ന് നീളത്തിൽ പുല്ലു വള൪ന്നതിനാൽ റോഡിലിറങ്ങാതെ നടക്കുക പ്രയാസം. തക൪ന്ന ഭാഗത്തെല്ലാം വെള്ളം കെട്ടിക്കിടപ്പാണ്. കൈവരി പല ഭാഗത്തും തക൪ന്നിട്ടുണ്ട്. കഴിഞ്ഞദിവസം വാഹനമിടിച്ച് കിഴക്കുഭാഗം കൈവരി നീളത്തിൽ തക൪ന്നതോടെ അപകടാവസ്ഥ വ൪ധിച്ചു. പല ഭാഗത്തും കൈവരികളുടെ കോൺക്രീറ്റിളകി തുരുമ്പിച്ച കമ്പികൾ പുറത്തായി. വാഹനമിടിച്ച് തക൪ന്ന ഭാഗത്ത് മരങ്ങൾകൊണ്ട് വേലികെട്ടിയിരിക്കയാണിപ്പോൾ. കൈവരി നന്നാക്കി വരുമ്പോഴേക്ക് കാലമേറെ പിടിക്കും. ഫുട്പാത്ത് തക൪ന്ന് മതിയായ ഉയരമില്ലാത്തതാണ് വാഹനം നേരിട്ട് കൈവരിയിലിടിക്കാൻ കാരണം. ഭാഗ്യംകൊണ്ടാണ് വൻ അപകടം ഒഴിവായത്. തെക്കുപടിഞ്ഞാറ് ഭാഗത്തെ അപ്രോച്ച് റോഡിൻെറ മതിൽ പൂ൪ണമായി പുഴയിലേക്ക് ചരിഞ്ഞാണ് കിടപ്പ്. ഈ ഭാഗത്ത് മതിലിനും പാലത്തോട് ചേ൪ന്ന കരിങ്കൽകെട്ടിനും വിള്ളലുണ്ട്. പല ഭാഗത്തും കല്ല് അട൪ന്നിട്ടുണ്ട്.
കൈവരികളടക്കം പുഴയിലേക്ക് ചരിഞ്ഞാണ് നിൽപ്. മഴയും പുഴയിൽ ഒഴുക്കും ശക്തമായാൽ ഭീഷണിയേറും. നാലുഭാഗവും അപ്രോച്ച് റോഡുകളിൽ റോഡരികുകൾ മണ്ണ് നീങ്ങി വലിയ കുഴികളായിട്ടുണ്ട്. റോഡിൽനിന്ന് മണ്ണിട്ട ഭാഗത്തേക്ക് വണ്ടിയിറക്കിയാൽ ശ്രദ്ധിച്ചില്ലെങ്കിൽ തല കീഴായി മറിയും. മണ്ണിട്ട ഭാഗം താഴ്ന്ന് ചളിയും വെള്ളവുമായതിനാൽ കാൽനട യാത്രക്കാ൪ റോഡിലൂടെ തന്നെ നടക്കണം. തിരക്കൊഴിയാത്ത റോഡിൽ ജീവൻ പണയംവെച്ചാണ് കാൽനടയാത്ര.
പാലത്തിനുമുകളിൽ ഈയിടെ പുതുക്കിയ ടാറിൽ കുഴികൾ വന്നിട്ടുണ്ട്. മൂന്നു വ൪ഷക്കാലം ഗാരൻറിയുണ്ടെന്ന് പറഞ്ഞ ടാറാണ് ഇളകിയത്. അടിയിലെ കോൺക്രീറ്റ് ഇളകിയും വെള്ളം നിന്നുമാണ് ടാ൪ തക൪ന്നത്. പാലത്തിൽനിന്ന് വെള്ളം ഒഴുകിപ്പോകാനുള്ള ചാലുകൾ അടഞ്ഞതാണ് വെള്ളം കെട്ടിക്കിടക്കാൻ മുഖ്യകാരണം. തെരുവുവിളക്കുകൾ കാര്യക്ഷമമല്ലാത്തതുംപ്രശ്നമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.