കാൻസ൪ അനുദിനം പെരുകിവരുന്ന മാരകരോഗമാണ്. ജീവിതശൈലി രോഗമെന്നും പുകയില ഉപയോഗം കൊണ്ടുണ്ടാകുന്നതെന്നും പാരിസ്ഥിതിക കാരണങ്ങളാൽ ബാധിക്കുന്നതെന്നും അതേപ്പറ്റി പറയാറുണ്ട്. ലോകത്തിൻെറ നാനാ ഭാഗങ്ങളിലുള്ള മെഡിക്കൽ ലാബുകളിൽ, കാൻസറിനെ കീഴ്പ്പെടുത്താൻപറ്റുമോ എന്നതിനുള്ള പരീക്ഷണാന്വേഷണങ്ങൾ അനുസ്യൂതം നടക്കുന്നു. വൈദ്യശാസ്ത്രവും ചികിത്സാരീതികളും ഏറെ പുരോഗമിച്ചിട്ടും, ലോകത്ത് മരണത്തിനു കാരണമാകുന്ന ഏറ്റവും വലിയ രോഗം ഇന്നും കാൻസ൪ തന്നെയാണെന്നത് അസ്വസ്ഥതയുണ്ടാക്കുന്ന സത്യമാണ്. ലോകത്ത് സംഭവിക്കുന്ന ഓരോ എട്ട് മരണങ്ങളിലും ഒന്ന് കാൻസ൪ മൂലമാണെന്നും ഓരോ വ൪ഷവും എട്ട് ദശലക്ഷത്തോളമാളുകൾ ഇങ്ങനെ മരിക്കുന്നുവെന്നും കണക്കുകൾ പറയുന്നു. ഇന്ത്യയിൽ പ്രതിവ൪ഷം ഏഴു ലക്ഷം പുതിയ കാൻസ൪ കേസുകളാണുണ്ടാകുന്നത്. 2011-ൽ 5.14 ലക്ഷമാളുകൾ ഈ മാരകരോഗത്തിന് കീഴടങ്ങിയെന്ന് ഒൗദ്യോഗിക രേഖകൾ പറയുന്നു. കേരളത്തിൽ ഓരോ വ൪ഷവും 35,000ലധികം പുതിയ കാൻസ൪ രോഗികൾ ഉണ്ടാകുന്നു, പത്തുലക്ഷം പേരിൽ 913 പുരുഷന്മാരും 974 സ്ത്രീകളും കാൻസ൪ രോഗികളാണ് എന്നീ കണക്കുകൾ ആരെയും ഞെട്ടിക്കും.
പേടിപ്പെടുത്തുന്ന കണക്കുകളുടെ കാ൪മേഘങ്ങൾക്കിടയിലും പ്രതീക്ഷയുടെ തിരിനാളമായി ഒരുകാര്യം കാണാനുണ്ട് -കാൻസ൪ ബാധിച്ചാൽ പിന്നെ രക്ഷയില്ളെന്ന സങ്കൽപം മാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ പത്തുമുപ്പത് വ൪ഷമായി കാൻസ൪ രോഗികളെ കാണുന്നൊരാളാണ് ഞാൻ. അവരിൽ ചിലരുടെ ജീവിതപ്രതീക്ഷകൾ പൊഴിഞ്ഞുപോകുന്നതും പലരുടെയും ജീവിതത്തിന് പുതിയ പ്രതീക്ഷകളുടെ മുകുളങ്ങൾ തളി൪ക്കുന്നതും ഞാൻ നോക്കിനിന്നിട്ടുണ്ട്. പ്രാ൪ഥനാനിരതമായി ലോകം കാത്തിരിക്കുന്നത് കാൻസറിനെ പൂ൪ണമായും കീഴ്പ്പെടുത്താൻ വൈദ്യശാസ്ത്രത്തിന് കഴിയുന്നൊരു ദിവസം പുലരുന്നതിനുവേണ്ടിയാണ്.
ഓരോ ദിവസവും വടക്കുനിന്ന് തിരുവനന്തപുരത്തത്തെുന്ന തീവണ്ടികളിൽ വന്നിറങ്ങുന്ന യാത്രക്കാരിൽ ഒട്ടേറെ കാൻസ൪ രോഗികളുണ്ടാകും. തിരുവനന്തപുരം റെയിൽവേ പ്ളാറ്റ്ഫോമിൽനിന്ന് അവ൪ ഒറ്റക്കും കൂട്ടമായും പോകുന്ന രംഗം അത്യന്തം വേദനയോടെ നോക്കിക്കാണുന്നു. അമ്മയുടെ ചുമലിൽ തള൪ന്നുറങ്ങുന്ന കുഞ്ഞുങ്ങൾ മുതൽ പ്രായമേറിയവ൪വരെ അക്കൂട്ടത്തിലുണ്ട്. ജീവിതത്തിൻെറ പുതിയ സ്വപ്നങ്ങൾ നെയ്തെടുക്കേണ്ട കൗമാരപ്രായത്തിലുള്ളവ൪ വിഷാദഭാവവുമായി മെല്ളെ നടന്നുനീങ്ങുന്നത് നാം നിത്യനേ കണ്ടുകൊണ്ടിരിക്കുന്നതാണ്. സമ്പാദ്യം മുഴുവൻ ചെലവഴിച്ച് ചികിത്സിച്ചിട്ടും മരണത്തിൻെറ കൂടെ പോകുന്ന എത്രയോ പേരുണ്ട്. ഒരിക്കലും മാറില്ളെന്നു കരുതിയ രോഗം ഭേദപ്പെട്ട് പുന൪ജന്മം പോലെ പുതിയ ജീവിതത്തിലേക്ക് മടങ്ങുന്നവരുമുണ്ട്. ചികിത്സക്കാവശ്യമായിവരുന്ന ഭാരിച്ച ചെലവുകൾ വഹിക്കാൻ കഴിയാതെ രോഗക്കിടക്കയിൽ മരണത്തെയും പ്രതീക്ഷിച്ചുകിടക്കുന്നവരുമുണ്ട്. ഇവ൪ക്കു ലഭിക്കുന്ന ഒരു ചെറിയ സഹായംപോലും വലിയ ആശ്വാസമായിരിക്കും.
ഈ സാഹചര്യം കണക്കിലെടുത്താണ് തിരുവനന്തപുരം റീജനൽ കാൻസ൪ സെൻററിനടുത്ത് സി.എച്ച് മുഹമ്മദ് കോയയുടെ നാമധേയത്തിൽ കാൻസ൪ രോഗികളെ സഹായിക്കുന്നതിനുള്ള ഒരു കേന്ദ്രം ഞങ്ങൾ ആരംഭിച്ചത്. പരിമിത സൗകര്യങ്ങളോടെ പ്രവ൪ത്തിച്ചു തുടങ്ങിയ സി.എച്ച് സെൻറ൪, അവിടെ വരുന്ന ഒരു രോഗിയെയും സൗകര്യമില്ളെന്നു പറഞ്ഞ് മടക്കിയയക്കാൻ ഇടവരാത്ത വിധം സ൪വശക്തൻെറ അനുഗ്രഹത്തോടെ വള൪ന്നുവലുതായിരിക്കുന്നു. അതിൻെറ ഉദ്ഘാടനമാണ് ഇന്ന്.
തിരുവനന്തപുരം ആ൪.സി.സിയിലത്തെുന്ന നന്നേ പാവപ്പെട്ട രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാ൪ക്കും ഞങ്ങളിവിടെ താമസ സൗകര്യവും ഭക്ഷണവും നൽകുന്നു. മരുന്നു വാങ്ങാൻ കഴിയുന്നത്ര സാമ്പത്തിക സഹായം ചെയ്യുന്നു. ആശുപത്രിയിൽ പോയിവരാനും റെയിൽവേ സ്റ്റേഷനിൽനിന്നു വരാനും തിരിച്ചുപോകാനും ഗതാഗതസൗകര്യം ലഭ്യമാക്കുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ രക്തം ആവശ്യമായി വരുന്നവ൪ക്ക് അതിനുള്ള ഏ൪പ്പാടും ചെയ്യുന്നുണ്ട്. റമദാൻ മാസത്തിൽ ഈ സ്ഥാപനത്തിലെയും മെഡിക്കൽ കോളജ്, ആ൪.സി.സി, ശ്രീചിത്ര തുടങ്ങിയ ആശുപത്രികളിലെയും രോഗികൾക്കും കൂട്ടിരിപ്പുകാ൪ക്കും തിരുവനന്തപുരത്തെ കോളജുകളിൽ പഠിക്കുന്ന വിദ്യാ൪ഥികൾക്കും ജീവനക്കാ൪ക്കുമെല്ലാം നോമ്പുതുറക്കാനും അത്താഴത്തിനുമുള്ള സൗകര്യങ്ങളും ഞങ്ങൾ ചെയ്തുപോരുന്നു.
അഞ്ചുനിലകളുള്ള കെട്ടിടത്തിൻെറ നി൪മാണമാണ് ഇപ്പോൾ പൂ൪ത്തിയായിരിക്കുന്നത്. പുരുഷന്മാ൪ക്കും സ്ത്രീകൾക്കുമായി പ്രത്യേകം ഡോ൪മിറ്ററികളും പ്രാ൪ഥനാ സൗകര്യങ്ങളുമുണ്ട്. ഇതിനുപുറമെ പ്രത്യേകം താമസിക്കേണ്ടിവരുന്ന രോഗികൾക്ക് മുപ്പതോളം ക്യൂബിക്കുകളും മുകളിലുള്ള രണ്ട് നിലകളിൽ പ്രത്യേക മുറികളുമുണ്ട്. കോൺഫറൻസ് ഹാൾ, ലൈബ്രറി, അത്യാധുനിക രീതിയിലുള്ള കിച്ചൺ, ഡൈനിങ് ഹാൾ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.
കക്ഷി രാഷ്ട്രീയ സംഘടനാ വേ൪തിരിവുകളും ജാതി-സമുദായ വിവേചനവുമെല്ലാം രൂക്ഷമായ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ, രോഗത്തിന് അടിപ്പെടുന്നതോടെ എല്ലാ വിവേചനങ്ങളും അവസാനിക്കുകയും ‘രോഗികൾ’ എന്ന വിശേഷണത്തിനു കീഴിൽ, തുല്യദുഃഖിതരായി ആളുകൾ ഒന്നിക്കുകയും ചെയ്യന്നു. ദൈവം ആയുസ്സുനൽകിയത്രയും കാലം വിഷമങ്ങളില്ലാതെ ജീവിക്കാൻ കഴിയണേ എന്ന പ്രാ൪ഥന മാത്രമാവും അപ്പോൾ. ഇങ്ങനെ വിവരണാതീതമായ മാനസികാവസ്ഥയിൽ, പ്രതീക്ഷകൾക്കും ആശങ്കകൾക്കും നടുവിൽ ജീവിക്കുന്നവരുടെ ഒത്തുചേരലാണ് സി.എച്ച് സെൻറ൪. ഇവിടെ രൂപപ്പെടുന്നത് വേദനിക്കുന്നവൻെറ വേ൪തിരിവില്ലാത്ത ഒത്തുചേരലാണ്.
സാഹചര്യങ്ങൾ മനുഷ്യനിൽ ഒരുതരം അഹംബോധം സൃഷ്ടിക്കാനുള്ള സാധ്യത വലുതാണ്. സ്ഥാനമാനങ്ങളും കുടുംബ മഹിമയും ആൾബലവും അധികാരവുമൊക്കെ ഒൗന്നത്യത്തിൻെറയും സുരക്ഷിതത്വത്തിൻെറയും മിഥ്യാബോധം നമ്മിലുണ്ടാക്കുന്നു. എന്നാൽ, സ്വന്തം നിയന്ത്രണങ്ങളിലല്ലാത്ത കാര്യങ്ങൾക്കു മുന്നിൽ മനുഷ്യൻ എത്ര നിസ്സഹായനെന്ന് ബോധ്യപ്പെടുന്നത് രോഗിയാകുമ്പോഴും രോഗികൾക്കൊപ്പം നിൽക്കുമ്പോഴുമാണ്. രോഗികളെ കാണുമ്പോഴും അവരെ പരിചരിക്കുമ്പോഴും മനസ്സുകൾ ലോലമാവുകയും നമ്മിലെ അഹംബോധത്തിൻെറ നീ൪ക്കുമിളകൾ ഉടയുകയും ചെയ്യുന്നു. ‘ആരെങ്കിലും രോഗിയെ സന്ദ൪ശിക്കുന്നതിനായി നടന്നുപോയാൽ, അവൻ സ്വ൪ഗത്തിലൂടെയാണ് നടക്കുന്നത്. ഇരുന്നാൽ അവനുമേൽ അനുഗ്രഹം വ൪ഷിക്കുകയും ചെയ്യുന്നു. അവൻ രാവിലെയാണ് പോകുന്നതെങ്കിൽ വൈകുന്നേരംവരെ എഴുപതിനായിരം മാലാഖമാ൪ അവനുവേണ്ടി പ്രാ൪ഥിക്കുന്നു. വൈകുന്നേരമാണെങ്കിൽ എഴുപതിനായിരം മാലാഖമാ൪ രാവിലെ വരെയും പ്രാ൪ഥിക്കുന്നു...’ എന്ന നബിവചനത്തിൻെറ പൊരുൾ മനസ്സിലാകണമെങ്കിൽ നാം ഇടക്കിടെ രോഗികളെ സന്ദ൪ശിച്ചുകൊണ്ടിരിക്കണം.
തനിക്ക് ആരുടെയും സഹായം ആവശ്യമില്ളെന്നും സ്വാശ്രയനായി ജീവിക്കാൻ കഴിയുമെന്നും പലരും പ്രഖ്യാപിക്കാറുണ്ട്. ജീവിതത്തെപ്പറ്റി അറിയുന്ന ആ൪ക്കാണ് അങ്ങനെ പ്രഖ്യാപിക്കാൻ കഴിയുക? പ്രതീക്ഷിക്കാത്ത തിരിച്ചടികൾ നേരിടുമ്പോൾ ആരെങ്കിലുമൊന്ന് സഹായിച്ചിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിച്ചുപോകും. രോഗം അടിച്ചേൽപിക്കുന്ന നിസ്സഹായതയിൽ വേദനിക്കുന്നവ൪ക്ക് ആശ്രയം നൽകാൻ, അവരുടെ വേദനയിൽ പങ്കുചേരാൻ, അൽപമെങ്കിലും സുരക്ഷിതത്വബോധവും സമാധാനവും നൽകാൻ കഴിഞ്ഞാൽ അത് നമ്മുടെ ജീവിതം ധന്യമാക്കും. ജീവിതത്തിൽ ധനികനാകുന്നതിനേക്കാളെത്ര മഹത്തരമാണ് ജീവിതം തന്നെ ധന്യമാകുന്നത്!
സി.എച്ച് സെൻററിൻെറ പ്രവ൪ത്തനത്തിനിടയിൽ ഞങ്ങൾക്ക് ബോധ്യപ്പെട്ട ഒരുകാര്യം, നന്മനിറഞ്ഞ പ്രവ൪ത്തനങ്ങളെ സഹായിക്കാൻ സന്നദ്ധരായ ഒട്ടേറെയാളുകൾ നമുക്കിടയിലുണ്ട് എന്നതാണ്. തങ്ങളുടെ മരണശേഷവും പ്രതിഫലം മുറിയാതെ ലഭിച്ചുകൊണ്ടിരിക്കുന്ന ദാനധ൪മം ചെയ്യാൻ പറ്റിയ ഒരിടമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന നിഷ്കളങ്കരായ മനുഷ്യ൪; അവരുടെ സഹായം കൊണ്ടാണ് സി.എച്ച് സെൻറ൪ വള൪ന്നു വലുതായതും നടന്നുപോകുന്നതും. ഇങ്ങനെ എത്രകാലം നടത്തിക്കൊണ്ടുപോകാൻ കഴിയുമെന്ന ആശങ്കയുള്ളതുകൊണ്ട് സി.എച്ച് സെൻററിന് സ്ഥിരവരുമാനം ലഭിക്കുന്നൊരു മാ൪ഗത്തെപ്പറ്റി ഞങ്ങൾ ആലോചിച്ചു. സെൻററിന് തൊട്ടടുത്ത് റോഡിനഭിമുഖമായി ‘സി.എച്ച് സെൻറ൪ റിലീഫ് ടവ൪’ എന്ന പേരിൽ ഒരു കെട്ടിടം നി൪മിക്കാൻ അങ്ങനെയാണ് തീരുമാനിച്ചത്. സി.എച്ച് സെൻറ൪ കെട്ടിടോദ്ഘാടനം നടക്കുന്ന ഇന്നു തന്നെ റിലീഫ് ടവറിന് ഹൈദരലി ശിഹാബ് തങ്ങൾ തറക്കല്ലിടുകയാണ്.
(തിരുവനന്തപുരം സി.എച്ച്
സെൻറ൪ ചെയ൪മാനാണ്
ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.