പാടങ്ങളും കുളങ്ങളും ഇല്ലാതാകുന്നു; ജില്ല പാരിസ്ഥിതിക ദുരന്തത്തിന് കാതോര്‍ക്കുന്നു

പാലക്കാട്: ജില്ലയിലെ തണ്ണീ൪ തടങ്ങളുടെ ശോഷണം പരിസ്ഥിതിപ്രശ്നങ്ങൾക്ക് ആക്കം കൂട്ടുന്നു. ഭൂമാഫിയയും, റവന്യു വകുപ്പിലെ അഴിമതിക്കാരായ ഒരു വിഭാഗവും കൈകോ൪ത്ത് കുളങ്ങളും ഇരുപ്പൂവൽപാടങ്ങളും വ്യാപകമായി നികത്തുകയാണ്.
പുഴകളിൽനിന്നും തോടുകളിൽ നിന്നുമുള്ള വ്യാപകമായ മണൽ ഖനനം ആവാസവ്യവസ്ഥയെ തക൪ക്കുകയാണ്. പാടങ്ങളിൽ കോൺക്രീറ്റ് കെട്ടിടങ്ങളുടെ എണ്ണം വ൪ധിച്ചതോടെ ജലസ്രോതസ്സുകൾ നഷ്ടപ്പെട്ടു. വേനലിൽ സുഭിക്ഷമായി കുടിവെള്ളം ലഭിച്ചിരുന്ന കിണറുകൾ ഡിസംബറിലേ  വറ്റുന്നു.
കിഴക്കൻ മേഖലയിലെ തെങ്ങിൻ തോപ്പുകൾ കേന്ദ്രീകരിച്ച് യന്ത്രവത്കൃത മണൽ ഖനനം വ്യാപകമായതോടെ ഒഴലപ്പതി, കുപ്പാണ്ട കവുണ്ടന്നൂ൪, വേലന്താവളം മേഖല ഭൂചലന സാധ്യതാ പട്ടികയിൽ ഇടം നേടി. ഈ പ്രദേശം കേന്ദ്രീകരിച്ച് ജില്ലാ ഭരണകൂടം ബോധവത്കരണം നടത്തുകയാണ്.
1900ത്തിൽ എലപ്പുള്ളി പ്രഭവകേന്ദ്രമായി ഭൂകമ്പം ഉണ്ടായതായി രേഖകൾ അടിസ്ഥാനമാക്കിയ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യം നിലനിൽക്കെ ചിറ്റൂ൪ താലൂക്കിലെ കൊഴിഞ്ഞാമ്പാറ, മുതലമട, പട്ടഞ്ചേരി, എലവഞ്ചേരി, കിഴക്കഞ്ചേരി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിൽ അനധികൃത കരിങ്കൽ ക്വാറികൾ പ്രവ൪ത്തിക്കുന്നുമുണ്ട്. ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളടക്കമുള്ളവ൪ ക്വാറികളുടെ പ്രവ൪ത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്നുണ്ട്. ചുള്ളിയാ൪, മീങ്കര ഡാമുകൾ സ്ഥിതി ചെയ്യുന്ന മുതലമട ഗ്രാമപഞ്ചായത്തിലാണ് ഏറ്റവുമധികം ക്വാറികൾ.
കരിങ്കൽഖനനം  ഡാമുകളുടെ സുരക്ഷക്ക് ഭീഷണിയാണ്.  ജില്ലയിൽ പതിനായിരത്തോളം കുളങ്ങളും ചെറു ജലസംഭരണികളുമുണ്ടായിരുന്നു. നെൽവയൽ നികത്തി ഹൗസിങ് പ്ളോട്ടാക്കി മാറ്റുന്ന കച്ചവടം വ്യാപകമായതാണ് ഇവ നാശത്തിന് വഴിവെച്ചത്.
നെൽവയൽ നീ൪ത്തട സംരക്ഷണ നിയമം ദുരുപയോഗം ചെയ്ത് കുളങ്ങളുൾപ്പെടെയുള്ള തണ്ണീ൪തടങ്ങൾ നികത്താൻ റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയും കൂടിയായപ്പോൾ കഴിഞ്ഞ വ൪ഷത്തിനുള്ളിൽ മാത്രം ഏക്ക൪ കണക്കിന് പാടം നികന്നു. ഏറ്റവും കൂടുതൽ കൃഷിയുള്ള ചിറ്റൂ൪ താലൂക്കിലാണ് കൂടുതൽ നികത്തൽ.
തത്തമംഗലം നഗരസഭയുടെ ചന്തക്ക് പിന്നിലെ മൂന്നരയേക്ക൪ നികത്താനുള്ള നടപടികളുമായി റിയൽ എസ്റ്റേറ്റ് സംഘം മുന്നോട്ടു പോകുകയാണ്. ചന്തയുടെ മതിൽ പൊളിച്ച് ഇവിടേക്ക് വഴി നി൪മിച്ചു. പാടം നികത്തലിനെതിരെ സമരരംഗത്ത് എത്തിയ സംഘടനകൾക്ക് ലക്ഷങ്ങൾ ഓഫ൪ ചെയ്ത് സമരത്തെ തള൪ത്താനുള്ള നീക്കവും നടക്കുന്നു. ഇതിനെതിരെ പ്രതികരിക്കുന്നവ൪ക്ക് ഗുണ്ടാ ആക്രമണവുമുണ്ടത്രെ. ഈയവസ്ഥ തുട൪ന്നാൽ ജില്ല വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.