തീരസംരക്ഷണസേനയുടെ ബോട്ടുകള്‍ക്ക് തിരച്ചില്‍ പൂര്‍ത്തിയാക്കാനായില്ല

അമ്പലപ്പുഴ:  മത്സ്യബന്ധനത്തിന് പോകവെ തിരമാലയിൽപ്പെട്ട് വള്ളം മറിഞ്ഞ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താൻ തീരസംരക്ഷണസേനയുടെ ബോട്ടുകൾക്ക് കഴിഞ്ഞില്ല.
നേവിയുടെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്. ആകെയുള്ള രണ്ട് ബോട്ടുകളിൽ ഒന്ന് കേടായതോടെ വെള്ളിയാഴ്ച വൈകുന്നേരം ആറോടെ തീര സംരക്ഷണ സേന തിരച്ചിൽ നി൪ത്തിയിരുന്നു. ശക്തമായ തിരമാലയിൽ ഈ ബോട്ടുകൾക്ക് സുരക്ഷിതമായി പോകാൻ കഴിഞ്ഞില്ല.  അത്യാധുനിക സംവിധാനമാണ് ബോട്ടിൽ ഏ൪പ്പെടുത്തിയിരിക്കുന്നതെങ്കിലും മൺസൂൺ കാലത്ത് ഈ ബോട്ടുകൾ  ഉപയോഗിക്കാൻ കഴിയില്ലെന്നാണ് വ്യക്തമായത്. ബോട്ടുകളുടെ കാര്യക്ഷമതക്കുറവിനെ ചൊല്ലി തീരദേശത്ത് മത്സ്യത്തൊഴിലാളികൾക്കിടയിൽ പ്രതിഷേധവും ഉയ൪ന്നു.
റഡാറും സുരക്ഷാ ഉപകരണങ്ങളുമുള്ള ബോട്ടുകൾ ഒരുവ൪ഷം മുമ്പാണ് തോട്ടപ്പള്ളി തുറമുഖത്തിനുവേണ്ടി വാങ്ങിയത്. വിദേശ നി൪മിത റഡാറിലൂടെ കടലിൽ 25 കി.മീ. ചുറ്റളവിലെ കാഴ്ചകൾ  ബോട്ടിൽ നിരീക്ഷിക്കാൻ കഴിയുമെന്നാണ് പറഞ്ഞിരുന്നത്. ശക്തമായ തിരമാലകളെയും കാറ്റിനെയും അതിജീവിക്കാൻ കഴിവുള്ളവയാണ് ഇതെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും കാലവ൪ഷ സമയത്തും ഒഴുക്ക് ശക്തമാകുമ്പോഴും ഈ ബോട്ടുകൊണ്ട് പ്രയോജനമില്ലെന്ന് വെള്ളിയാഴ്ചത്തെ തിരച്ചിലോടെ ബോധ്യപ്പെട്ടു.
ബോട്ടുകൾക്ക് രണ്ട് എൻജിൻ വീതമുണ്ടെങ്കിലും അതിൻെറ ഗുണം ഉണ്ടായില്ല.
ബോട്ടുകൾ ഓടിക്കാൻ ലൈസൻസുള്ള ഡ്രൈവ൪മാരെ കഴിഞ്ഞ ദിവസങ്ങളിലാണ് പത്രപ്പരസ്യം ചെയ്ത് ഇൻറ൪വ്യൂവിലൂടെ തെരഞ്ഞെടുത്തത്.
തിരച്ചിൽ നടത്തുമ്പോൾ ഒരു ബോട്ടിലെ എൻജിനും തുട൪ന്ന് ബാറ്ററിയും കേടാവുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.