ഭൂസമരം: ഒഴിപ്പിക്കല്‍ പുനരാരംഭിച്ചു

മാനന്തവാടി: വയനാട്ടിൽ വിവിധ ആദിവാസി സംഘടനകൾ കൈയേറിയ ഭൂമി ഒഴിപ്പിക്കുന്ന നടപടി വനംവകുപ്പ് പുനരാരംഭിച്ചു. കഴിഞ്ഞ 21ന് വഞ്ഞോട് തുമ്പശ്ശേരികുന്നിലെ ഒഴിപ്പിക്കലിനുശേഷം താൽക്കാലികമായി നി൪ത്തിവെച്ച ഒഴിപ്പിക്കലാണ് തിങ്കളാഴ്ചയോടെ വീണ്ടും ആരംഭിച്ചത്. തലപ്പുഴ കമ്പിപ്പാലത്തെ ആദിവാസി മഹാസഭയുടെയും ആദിവാസി സംഘത്തിന്റെയും കൈയേറ്റങ്ങളാണ് തിങ്കളാഴ്ച ഒഴിപ്പിച്ചത്. സി.പി.ഐ നേതൃത്വത്തിലുള്ള ആദിവാസി മഹാസഭയുടെ 36 കുടിലുകൾ പൊളിച്ചുനീക്കി. നാലു വനിതകൾ ഉൾപ്പെടെ 28 പേരെ അറസ്റ്റു ചെയ്തു. ഇതിൽ 16 കുടിലുകളിൽ ആളുണ്ടായിരുന്നില്ല. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ആദിവാസി സംഘം സ്ഥാപിച്ച 70 കുടിലുകളും പൊളിച്ചുനീക്കി. അഞ്ചു സ്ത്രീകൾ ഉൾപ്പെടെ 21 പേരെ അറസ്റ്റു ചെയ്തു.
തലപ്പുഴ 44ൽ ആദിവാസി ക്ഷേമസമിതിയുടെ 85 കുടിലുകൾ പൊളിച്ചുനീക്കി. 48 പുരുഷന്മാരും 15 സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 68 പേരെ ഇവിടെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ ഡി.എഫ്.ഒ ഓഫിസിൽ എത്തിച്ചു. നടപടിക്രമങ്ങൾക്കുശേഷം കോടതിയിൽ ഹാജരാക്കി. ഇവ൪ക്ക് ഡി.എഫ്.ഒ ഓഫിസ് പരിസരത്ത് വനംവകുപ്പ് ഭക്ഷണം ഏ൪പ്പെടുത്തിയിരുന്നു.
കോടതിയിൽ ഹാജരാക്കിയ 88 പുരുഷന്മാരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കണ്ണൂ൪ സെൻട്രൽ ജയിലിലേക്കയച്ചു. അറസ്റ്റിലായ 24 വനിതകളെ 10,000 രൂപ സ്വന്തം ജാമ്യത്തിലും എല്ലാ ശനിയാഴ്ചകളിലും വനം വകുപ്പ് ഓഫിസിൽ ഒപ്പിടണമെന്ന വ്യവസ്ഥയിലും  ജാമ്യത്തിൽ വിട്ടു. മാനന്തവാടി ജുഡീഷ്യൽ ചീഫ് മജിസ്ട്രേറ്റ് കോടതി-ഒന്ന് ആണ് പ്രതികളെ റിമാൻഡ് ചെയ്തത്. നോ൪ത് വയനാട് ഡി.എഫ്.ഒ കെ. കാ൪ത്തികേയന്റെ നേതൃത്വത്തിൽ 150ഓളം വനപാലകരും മാനന്തവാടി ഡിവൈ.എസ്.പി മാത്യു എക്സലിന്റെ നേതൃത്വത്തിൽ 50ഓളം പൊലീസുകാരും മാനന്തവാടി തഹസിൽദാ൪ പി.പി. കൃഷ്ണൻകുട്ടിയും കൈയേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നൽകി. ഒഴിപ്പിക്കൽ ചൊവ്വാഴ്ചയും തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.