ഗോള്‍ഡന്‍ പാം ചിത്രം ലൗ

കാൻ: വാ൪ധക്യത്തിലും രോഗത്തിലും ഉടയാത്ത പ്രണയകഥ മനോഹരചേരുവകളോടെ അഭ്രപാളിയിലേക്ക് പക൪ത്തി ഫ്രഞ്ച് ചിത്രമായ 'ലൗ' കാൻ ഫെസ്റ്റിവലിലെ ഗോൾഡൻ പാം പുരസ്കാരം സ്വന്തമാക്കി. ഓസ്ട്രിയൻ സംവിധായകൻ മൈക്കൽ ഹനേകിന്റെ ചിത്രമാണ് 65ാമത് കാൻ ചലച്ചിത്രമേളക്കൊടുവിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള പരമോന്നത പുരസ്കാരം സ്വന്തമാക്കിയത്. 2009ൽ ഹനേക് 'ദ വൈറ്റ് റിബണി'ലൂടെ ഗോൾഡൻ പാം പുരസ്കാരം നേടിയിരുന്നു.
 യൂറോപ്യൻ ചിത്രങ്ങൾ മികച്ച നേട്ടംകൊയ്ത മേളയിൽ മികച്ച നടനായി ഡാനിഷ് നടൻ മാഡ്സ് മിക്കൽസെനും (ചിത്രം: ദ ഹണ്ട്), മികച്ച നടിക്കുള്ള പുരസ്കാരം റുമാനിയൻ താരങ്ങളായ ക്രിസ്റ്റീന ഫ്ളട്ട൪, കോസ്മിന സ്ട്രാറ്റൻ (ബിയോണ്ട് ദ ഹിൽസ്) എന്നിവരും സ്വന്തമാക്കി. മികച്ച ഡയറക്ടറായി പോസ്റ്റ് ടെനബ്രാസ് ലക്സിന്റെ സംവിധായകൻ കാ൪ലോസ് റെഗാദാസിനെ തെരഞ്ഞെടുത്തു. ജൂറി പുരസ്കാരം കെൻ ലോചിന്റെ 'ദി ഏഞ്ചൽസ് ഷെയ൪' എന്ന ചിത്രം സ്വന്തമാക്കി.
ഗോൾഡൻ പാം പുരസ്കാരത്തിനായുള്ള മത്സരത്തിൽ രണ്ടാമതെത്തിയ മറ്റിയോ ഗരോണയുടെ ഇറ്റാലിയൻ കോമഡി ചിത്രം 'റിയാലിറ്റി' ഗ്രാൻഡ് പ്രി അവാ൪ഡ് സ്വന്തമാക്കി.
വിരമിച്ച സംഗീത അധ്യാപകരായ ദമ്പതികളുടെ വാ൪ധക്യ ജീവിതത്തിന്റെ കഥപറയുന്നതാണ്  'ലൗ'. ചിത്രത്തിൽ ദമ്പതികളായി വേഷമിട്ട ഫ്രഞ്ച് അഭിനേതാക്കൾ ഴാൻ ലൂയിസ് ട്രിന്റിഗ്നന്റും ഇമ്മാനുവല്ലെ റിവയുമായിരുന്നു കാൻ മേളയിലെ അവസാന ദിനത്തെ താരങ്ങൾ.
22 ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ ഉണ്ടായിരുന്നത്. പുരസ്കാരങ്ങളിൽ ഒട്ടുമിക്കതും യൂറോപ്യൻ ചിത്രങ്ങൾ സ്വന്തമാക്കിയപ്പോൾ ഇതാദ്യമായി ഏഷ്യൻ സംവിധായക൪ വെറുംകൈയോടെ മടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.