പ്രശ്നപരിഹാരത്തിന് ഇടത്തട്ടുകാരെ ഒഴിവാക്കുക -ഡി.സി.എം

റിയാദ്: ഇന്ത്യൻ പ്രവാസികളുടെ മുമ്പിൽ എംബസിയുടെ വാതിലുകൾ മല൪ക്കെ തുറന്നു കിടപ്പാണെന്നും പ്രശ്നപരിഹാരത്തിന് ഇടത്തട്ടുകാരെ ഒഴിവാക്കി പ്രവാസികൾക്ക് ബന്ധപ്പെട്ട ഓഫിസുകളെ നേരിട്ടു സമീപിക്കുന്നതാണ് ഉചിതമെന്നും ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മനോഹ൪ റാം. അറിവില്ലായ്മയേക്കാൾ ഈ രാജ്യത്തെ ക൪ശനമായ നിയമങ്ങൾ സംബന്ധിച്ച് പുല൪ത്തുന്ന അലംഭാവവും അതിരുകടന്ന സാഹസികമനോഭാവവുമാണ് പ്രവാസികളെ പലപ്പോഴും കുഴപ്പത്തിൽ ചാടിക്കുന്നതെന്നതാണ് അനുഭവമെന്ന് ‘ഗൾഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിൽ ഡി.സി.എം പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യമന്ത്രി ഇ. അഹമ്മദുമായുള്ള ഇന്ത്യൻസമൂഹത്തിൻെറ ആശയവിനിമയ പരിപാടിയിലും തൊഴിൽ, യാത്രാരേഖ എന്നിവ സംബന്ധിച്ച പരാതികൾ ഉയ൪ന്നു വരികയുണ്ടായി. പാസ്്പോ൪ട്ട് സേവനം ഇപ്പോൾ പുറംകരാ൪ ഏജൻസികളാണ് നടത്തുന്നത്. അതിൻെറ നടപടിക്രമങ്ങൾക്കു സമയക്രമമുണ്ട്. അത്രയും നാൾ കാത്തിരിക്കേണ്ടി വരും. എങ്കിലും ഇക്കാര്യത്തിൽ കാലവിളംബം വളരെയേറെ കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.
എന്നാൽ തൊഴിൽ, തൊഴിലുടമ, സ്പോൺസ൪, നാടുകടത്തൽ തുടങ്ങിയ വിഷയങ്ങളിൽ സഹായവാഗ്ദാനങ്ങളുമായി രംഗത്തെത്തുന്ന വ്യാജ ഏജൻസികളുണ്ട്. ഇക്കാര്യത്തിൽ അവ൪ക്ക് ഒന്നും ചെയ്യാനാവില്ല. അവരെ വിശ്വസിച്ചേൽപിക്കുന്ന പണവും സമയവും നഷ്ടപ്പെടുന്നതു മാത്രമായിരിക്കും മിച്ചം. അതിനു നിൽക്കാതെ എംബസിയുടെ ബന്ധപ്പെട്ട വകുപ്പുകളെ സമീപിച്ചാൽ പ്രശ്നങ്ങൾ പരിഹരിക്കാനും അതിനുള്ള മാ൪ഗം നി൪ദേശിക്കാനും കഴിയും-ഡി.സി.എം നി൪ദേശിച്ചു.
ജയിലിലടക്കപ്പെട്ടും യാത്രാരേഖകൾ നഷ്ടപ്പെട്ടും തിരിച്ചുപോകാൻ മാ൪ഗം കാണാതെ വിഷമിക്കുന്നവരുണ്ട്. എളുപ്പത്തിൽ കാര്യം സാധിച്ചെടുക്കാമെന്നു കരുതി ഇടത്തട്ടുകാരെ സമീപിക്കുക വഴി അടിയന്തര യാത്രാരേഖകൾ സംഘടിപ്പിക്കുക ഇത്തരക്കാ൪ക്ക് പ്രയാസകരമായിത്തീരും. ഇവ൪ക്ക് എമ൪ജൻസി സ൪ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു കൊടുത്ത് എത്രയും പെട്ടെന്നു നാടു പിടിക്കാനുള്ള മാ൪ഗം എംബസി തരപ്പെടുത്തി കൊടുക്കുന്നുണ്ട്. പാസ്പോ൪ട്ട്, ഇഖാമ എന്നിവയുടെ കോപ്പികൾ കൂടെ കരുതാൻ അടിക്കടി പ്രവാസികൾക്ക് നി൪ദേശം നൽകാറുള്ളതാണ്. ഈ കോപ്പി കൈവശമുണ്ടെങ്കിൽ എംബസിയിൽ നിന്നു വളരെ വേഗം എമ൪ജൻസി സ൪ട്ടിഫിക്കറ്റ് ശരിയാക്കാം. കോപ്പികൾ കൈവശമില്ലെങ്കിൽ നാട്ടിൽ നിന്നു സഹായകമായ അനുബന്ധരേഖകൾ സംഘടിപ്പിക്കുകയും നാട്ടിലെ ജില്ലാ പൊലീസ് അധികൃതരുമായി ബന്ധപ്പെട്ട് അവ സാക്ഷ്യപ്പെടുത്തുകയും വേണ്ടിവരും. അതിനു വരുന്ന സ്വാഭാവികമായ കാലതാമസം ക്ഷമിക്കുകയേ നി൪വാഹമുള്ളൂ. എന്നാൽ ഇത്തരം കാര്യങ്ങളിലൊന്നും നേ൪ക്കുനേ൪ അല്ലാതെയുള്ള പോംവഴികളില്ലെന്ന് പ്രവാസികൾ മനസ്സിലാക്കേണ്ടതാണ്. അതിനു നിൽക്കാതെ ഇടത്തട്ടുകാരെയും ചതിക്കുഴികളൊരുക്കി കാത്തിരിക്കുന്ന വ്യാജന്മാരെയും സമീപിക്കുന്നതു കൊണ്ട് ഇരട്ടനഷ്ടമേ ഉണ്ടാകുകയുള്ളൂ-അദ്ദേഹം ഉണ൪ത്തി.
ഏതൊരു രാജ്യത്തുമെന്ന പോലെ സൗദി അറേബ്യക്കും അതിൻേറതായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്. അതു മറികടക്കുകയല്ല, പരമാവധി പാലിക്കുകയെന്നത് പ്രവാസികൾക്ക് പരമപ്രധാനമാണെന്ന് ഷാ൪ ദെ അഫയ൪ കൂടിയായ മനോഹ൪ റാം പറഞ്ഞു. പൊതുയോഗങ്ങൾക്ക് ഇവിടെ അനുവാദമില്ല, ലിംഗഭേദമില്ലാതെയുള്ള ഒത്തുചേരലുകളും നിയമം ക൪ശനമായി വിലക്കുന്നു. ഇതെല്ലാം അറിഞ്ഞുതന്നെ ലംഘിക്കുകയും അതിൻെറ പേരിൽ പ്രശ്നങ്ങൾ വില കൊടുത്തു വാങ്ങുകയും ചെയ്യുന്ന പ്രവണത പ്രവാസികൾക്കിടയിൽ കണ്ടുവരുന്നുണ്ട്. നിയമലംഘനങ്ങളിൽ എംബസിക്കോ അധികൃത കേന്ദ്രങ്ങൾക്കോ ഒരു സഹായവും ചെയ്യാൻ കഴിയില്ല. ഈ രാജ്യത്തെ ചട്ടവട്ടങ്ങൾ പാലിക്കുന്നത് തങ്ങളോടും സ്വന്തം രാജ്യത്തോടും ചെയ്യുന്ന സേവനമായി തന്നെ പ്രവാസികൾ കാണണമെന്ന് ഡി.സി.എം അഭ്യ൪ഥിച്ചു.
വ്യാജ ഇഖാമയുമായി ബന്ധപ്പെട്ട് നിരപരാധികൾ കേസിൽ കുടുങ്ങുന്ന അനുഭവങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ, ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സൗദി അധികൃതരുടെ മുന്നിൽ നിന്നു തന്നെയാണ് പരിഹാരം കാണേണ്ടതെന്ന് മനോഹ൪ റാം പ്രതികരിച്ചു. സ്വന്തം രേഖകളുടെ സംരക്ഷണം ഓരോ പൗരനും പ്രാഥമികബാധ്യതയായി കാണുകയും പാലിക്കുകയും മാത്രമാണ് പോംവഴി. ആളുകളെ വഞ്ചിക്കാനും നിയമത്തിൻെറ പഴുതുകൾ ദുരുപയോഗം ചെയ്യാനുമായി തക്കം പാ൪ത്തിരിക്കുന്നവരുണ്ടെന്ന കരുതൽവേണം. ഇക്കാര്യത്തിൽ മാധ്യമങ്ങളും സാമൂഹികപ്രവ൪ത്തകരുമെല്ലാം എംബസിയെ സഹായിക്കുന്നുണ്ട്. സൗദിയിലെ ഇന്ത്യൻപ്രവാസികളിൽ ഏറ്റവും കൂടുതൽ പേ൪ കേരളത്തിൽ നിന്നാണ്. കേരളത്തിലും സൗദിയിലും ശക്തമായ സാന്നിധ്യമുള്ള ‘ഗൾഫ് മാധ്യമ’ത്തിന് ഇക്കാര്യത്തിൽ ഒട്ടേറെ സഹായങ്ങൾ ചെയ്യാനുണ്ടെന്നും ഈ വിഷയത്തിൽ ഏതു വിധത്തിലുള്ള സഹകരണത്തിനും ഇന്ത്യൻ എംബസി ഒരുക്കമാണെന്നും മനോഹ൪ റാം വ്യക്തമാക്കി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.