മസ്കത്ത്: മലയാളത്തിൽ നവധാരാ സിനിമകൾ കൊണ്ടുവന്ന മാറ്റത്തിൽ താൻ അഭിമാനിക്കുകയാണെന്ന് നടി റീമാ കല്ലിങ്കൽ. ആദ്യമായി തമിഴ് സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ മലയാളസിനിമക്ക് എന്തുപറ്റിയെന്ന് അവിടത്തുകാ൪ ആശങ്കയോടെ ചോദിച്ചിരുന്നു. ഇനി അവരെ കാണുമ്പോൾ മറുപടി പറയാനുള്ള ചിത്രങ്ങൾ മലയാളത്തിൽ പുറത്തിറങ്ങി കഴിഞ്ഞുവെന്നും റീമ പറഞ്ഞു.
സ്കൈ ജ്വല്ലറിയുടെ ഏഴാം വാ൪ഷികാഘോഷത്തിന്റെ ഭാഗമായി മസ്കത്തിലത്തെിയ അവ൪ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു.
'ഫീമെയിൽ 22 കോട്ടയം' ഒരു ഫെമിനിസ്റ്റ് സിനിമയല്ല, മറിച്ച് സ്ത്രീയുടെ വികാരങ്ങളെയും വീക്ഷണത്തെയും മാനിച്ച സിനിമയാണ്. ജീവിത വീക്ഷണത്തിൽ താനൊരു ഫെമിനിസ്റ്റല്ലെന്നും റീമ വ്യക്തമാക്കി. പുരുഷന്റെ പ്രതികാരത്തെ കുറിച്ച് നിരവധി സിനിമകൾ നമ്മൾ കണ്ടുകഴിഞ്ഞതാണ്. എന്നാൽ, മാനസികമായും ശാരീരികമായും പിച്ചിചീന്തപ്പെടുന്ന സ്ത്രീയുടെ പ്രതികാരമാണ് 'ഫീമെയിൽ 22'വിനെ വ്യത്യസ്തമാക്കുന്നത്. സ്ത്രീക്ക് അവളുടെ ശരീരം തന്നെയാണ് ആയുധമെന്ന് സിനിമയിലെ സുബൈദ എന്ന കഥാപാത്രം നൽകുന്ന സന്ദേശം സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കേണ്ടതില്ല. കഥാപാത്രം എത്തിപ്പെടുന്ന അവസ്ഥയാണ് അത്തരമൊരു നിലപാടിലേക്ക് അവരെ എത്തിക്കുന്നത്. നായികാ കഥാപാത്രമായ ടെസ ഒരിക്കലും ശരീരം ആയുധമാക്കണമെന്ന നിലപാടിനോട് യോജിക്കാത്തവളാണ്. എന്നാൽ, ക്ഷമയുടെ നെല്ലിപ്പലക കാണുമ്പോൾ മാത്രമാണ് അവളും അത്തരമൊരു നയത്തെ കുറിച്ച് ആലോചിക്കുന്നതെന്നും റീമ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. പുരുഷമേധാവിത്വ സമൂഹം എത്തരത്തിലാണ് സിനിമയുടെ കൈ്ളമാക്സിനെ നോക്കി കാണുക എന്ന ആശങ്ക പല൪ക്കും നേരത്തേയുണ്ടായിരുന്നു. എന്നാൽ, തിയേറ്ററിലെ ഭൂരിപക്ഷം വരുന്ന പുരുഷൻമാ൪ കൈയടിയോടെയാണ് അത് സ്വീകരിച്ചത്. പുരുഷൻമാരിൽ ചെറു ന്യൂനപക്ഷം മാത്രമാണ് സ്ത്രീകളെ ഭോഗവസ്തുവായി കാണുന്നത്. എന്നാൽ, അവ൪ മൊത്തം പുരുഷൻമാ൪ക്കും അപമാനമായി മാറുന്നു എന്നു മാത്രം- റീമ പറഞ്ഞു.
തന്റെ കരിയറിലെ വലിയ നേട്ടമാണ് 'ഫീമെയിൽ 22' എന്ന സിനിമയും അതിലെ ടെസ എന്ന കഥാപാത്രവും. 'സ്ത്രീ കേന്ദ്രീകൃതമായ സിനിമകൾക്കായും ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്കുമായി സിനിമക്കുള്ളിൽ പോരാട്ടം നടത്തിയിരുന്ന വ്യക്തിയായിരുന്നു ഞാൻ. ഇപ്പോൾ സമാനമായ കൂടുതൽ കഥാപാത്രങ്ങൾ തന്നെ തേടി വരുന്നു എന്നതിലും സന്തോഷമുണ്ട്'. താനൊരു അഭിനേത്രിയാണെന്ന് പലരും അംഗീകരിച്ച് തുടങ്ങിയത് ടെസയിലൂടെയാണ്. എന്നാൽ, ധൈര്യശാലിയും പക്വതയുമുള്ള സ്ത്രീകഥാപാത്രങ്ങൾ മാത്രമേ ചെയ്യൂ എന്ന വാശിയൊന്നുമില്ല. അത്തരമൊരു ടൈപ്പിലേക്ക് താൻ ഒതുങ്ങുന്നതിനെ ഭയപ്പെടുന്നുമുണ്ട്. ആക്ഷനും, കോമഡിയും അടക്കം എല്ലാതരം റോളുകളും ചെയ്യമെന്നാണ് ആഗ്രഹമെന്നും റീമ പറഞ്ഞു. ബോളിവുഡിൽ നിന്ന് തന്നെ തേടി അവസരങ്ങളൊന്നും വന്നിട്ടില്ല. എന്നാൽ, ചില ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കേൾക്കുന്നു. മലയാളത്തിൽ പത്മരാജന്റെ മകൻ അനന്തപദ്മനാഭൻ തിരക്കഥയെഴുതുന്ന 'വേനലിന്റെ കളനീക്കങ്ങൾ' എന്ന ചിത്രത്തിലാണ് ഇനി വേഷമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.