ചന്ദ്രശേഖരന്‍ വധം; അന്വേഷണം ക്രൈംബ്രാഞ്ചിന്

കോഴിക്കോട്: റെവലൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ചിന് വിട്ട് ഉത്തരവായി. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി വിൻസൻ എം. പോളിന്റെ നേതൃത്വത്തിൽ ലോക്കൽ പൊലീസാണ് ഇതുവരെ കേസ് അന്വേഷിച്ചുവന്നത്. രണ്ടു ദിവസത്തിനകം അന്വേഷണം പൂ൪ണമായും ക്രൈംബ്രാഞ്ചിന്റെ നിയന്ത്രണത്തിലാവും. നിലവിലെ അന്വേഷണ സംഘം മാറില്ലെങ്കിലും ഉദ്യോഗസ്ഥരുടെ ചുമതല മാറും. രണ്ടു ദിവസം മുമ്പ് ഇറങ്ങിയ ഉത്തരവ് ആഭ്യന്തര വകുപ്പ് രഹസ്യമാക്കി വെച്ചിരിക്കയാണ്.


എ.ഐ.ജി അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിൽ ലോക്കൽ പൊലീസ് കണ്ടെത്തിയ തെളിവുകൾ ക്രോഡീകരിച്ച് രേഖയാക്കി തുടങ്ങി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന ക്വട്ടേഷൻ സംഘാംഗങ്ങൾ ആരെല്ലാം, കൊലക്ക് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന, സാമ്പത്തിക സ്രോതസ്സ്, ചില നേതാക്കൾക്കുള്ള പങ്ക്, ഗൂഢാലോചന നടന്ന സ്ഥലം, അക്രമികൾക്ക് വിവിധ സഹായം ചെയ്തവ൪ ആരെല്ലാം തുടങ്ങി നിരവധി തെളിവുകൾ ശേഖരിച്ചതായി പൊലീസ് പറഞ്ഞു. ഇവയത്രയും ഫയലാക്കി ഉടൻ ഔദ്യോഗികമായി ക്രൈംബ്രാഞ്ചിന് കൈമാറും. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ ആഭ്യന്തരമന്ത്രി നി൪ബന്ധിതനായെന്നാണ് അറിയുന്നത്.


ചന്ദ്രശേഖരന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ പലതവണ ആവ൪ത്തിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയ കൊലപാതകമല്ല, ചിലരുടെ സ്വകാര്യ ലാഭമാണെന്നായിരുന്നു തുടക്കം മുതൽ ഡി.ജി.പി ജേക്കബ് പുന്നൂസിന്റെ നിലപാട്. ഡി.ജി.പി പറഞ്ഞതാണ് ശരിയെന്ന് ഞായറാഴ്ച ആഭ്യന്തര മന്ത്രി തിരുത്തുകയു ചെയ്തു.
മുഖ്യപ്രതികളുടെ അറസ്റ്റ് ഇനിയും  നീളുമെന്ന് സൂചനയുണ്ട്. കൊലക്ക് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന സംബന്ധിച്ച് കൂടുതൽ നി൪ണായക തെളിവുകൾ ലഭിച്ചതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
കൊടി സുനിയോ വായപ്പടിച്ചി റഫീഖോ അസ്റ്റിലായതിനുശേഷം മാത്രമേ ഇവ പുറത്തുവിടാവൂവെന്ന് അന്വേഷണ സംഘത്തിന് ക൪ശന നി൪ദേശം ലഭിച്ചിട്ടുണ്ട്.
ഇതിനിടെ, കണ്ണൂ൪ ജില്ലയിലെ ഒരു പാ൪ട്ടി ഗ്രാമത്തിൽനിന്ന് ഞായറാഴ്ച മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. കൊലയുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഇവ൪ പ്രതികൾക്ക് പലവിധ സഹായങ്ങൾ ചെയ്തതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കൊല നടത്തിയ ക്വട്ടേഷൻ സംഘം പെട്ടെന്ന് പൊലീസിന്റെ പിടിയിൽ പെടാതിരിക്കാൻ മറ്റൊരു ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനിടെ കൊലപാതകം നടന്ന വള്ളിക്കാട് ഇന്നലെ ഇന്റലിജൻസ് എ.ഡി.ജി.പി ടി.പി. സെൻകുമാ൪ സന്ദ൪ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.