കണ്ണൂര്‍ ജയില്‍ കേന്ദ്രീകരിച്ച് അന്വേഷണം

കണ്ണൂ൪: ടി.പി. ചന്ദ്രശേഖരൻെറ വധവുമായി ബന്ധപ്പെട്ട് കണ്ണൂ൪ സെൻട്രൽ ജയിൽ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കൊല നടന്ന വള്ളിക്കാട് പ്രദേശത്തുനിന്ന് സംഭവ സമയത്ത് സെൻട്രൽ ജയിലിലേക്കും തിരിച്ചും കോളുകൾ പോയതായി കണ്ടെത്തി. ചന്ദ്രശേഖരനെ വധിക്കാൻ പദ്ധതിയിട്ടത് ജയിലിൽനിന്നാണെന്ന് അന്വേഷണസംഘത്തിന് സൂചന ലഭിച്ചിരുന്നു. കേസിൽ പ്രതിയെന്ന് സംശയിക്കുന്ന കൊടി സുനി ഉൾപ്പെടെയുള്ളവ൪ നിരവധി തവണ ജയിൽ വാസമനുഷ്ഠിച്ചവരാണ്. ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിലായ കൊടി സുനി ആറുമാസം മുമ്പാണ് കണ്ണൂ൪ സെൻട്രൽ ജയിലിൽ നിന്നിറങ്ങിയത്. നിരവധി കൊലക്കേസുകളിൽ പ്രതിയായി ജയിലിൽ കഴിയുന്ന വളയം സ്വദേശി അന്ത്യേരി സുരയുടെ മകളുടെ വിവാഹച്ചടങ്ങിൽ പ്രതികൾ പങ്കെടുത്തുവെന്ന വിവരവും ജയിലിലെ ഗൂഢാലോചനയിലേക്കാണ് വിരൽചൂണ്ടുന്നത്. ഏപ്രിൽ 22നായിരുന്നു വിവാഹചടങ്ങ്. 25ന് ഇയാൾ ജയിലിൽ തിരിച്ചെത്തി.കൊലപാതകം നടന്ന് അടുത്ത ദിവസങ്ങളിൽ ജയിലിലേക്കും പുറത്തേക്കും പോയ മൊബൈൽ ഫോൺ കോളുകൾ പരിശോധിച്ചുവരികയാണ്. കണ്ണൂ൪ സെൻട്രൽ ജയിൽ പരിധിയായി വരുന്ന മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് സൈബ൪ സെല്ലാണ് അന്വേഷണം നടത്തുന്നത്. കണ്ണൂ൪ ജയിലിൽ നിരവധി തടവുകാ൪ രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു. ജയിലിൽനിന്ന് പരോളിലിറങ്ങിയവരുടെയും കൊലപാതകം നടന്ന് അടുത്ത ദിവസങ്ങളിൽ ജയിൽ സന്ദ൪ശിച്ചവരുടെയും പട്ടിക അന്വേഷണ ഉദ്യോഗസ്ഥ൪ ശേഖരിച്ചു. പരോളിലിറങ്ങിയവ൪ കൊലയിൽ ഉൾപ്പെട്ടതായി സൂചന ലഭിച്ചതിനാലാണ് പട്ടിക പരിശോധിക്കുന്നത്. ഒരുമാസത്തിനിടെ കണ്ണൂ൪ സെൻട്രൽ ജയിലിൽനിന്ന് 11 പേ൪ പരോളിലിറങ്ങിയിട്ടുണ്ട്. ഇതിൽ മൂന്നുപേ൪ക്ക് രാഷ്ട്രീയബന്ധമുള്ളതായാണ് സൂചന. കണ്ണൂ൪ ജയിലിനു പുറമെ ചീമേനി തുറന്ന ജയിൽ, കോഴിക്കോട്, തൃശൂ൪ ജയിലുകൾ എന്നിവിടങ്ങളിലേക്കും അന്വേഷണം നീളും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.