ഒഞ്ചിയം സമാധാനത്തിലേക്ക്

വടകര: കഴിഞ്ഞ ദിവസങ്ങളിൽ അക്രമസംഭവങ്ങൾ അരങ്ങേറിയ ഒഞ്ചിയം സമാധാനത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ദിവസം നിരവധി വീടുകൾ, കടകൾ, പാ൪ട്ടി ഓഫിസുകൾ, വാഹനങ്ങൾ എന്നിവയാണ് ആക്രമിക്കപ്പെട്ടത്. ചോമ്പാൽ, എടച്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അക്രമംനടന്നത്. ഇരു സ്റ്റേഷനിലുമായി 20ഓളം കേസുകൾ രജിസ്റ്റ൪ ചെയ്തു. ഒഞ്ചിയം സ്കൂൾ പരിസരത്ത് ആക്രമിക്കപ്പെട്ട വീടുകൾ സി.പി.എം നേതാക്കൾ ഞായറാഴ്ച രാവിലെ പതിനൊന്നുമണിയോടെ സന്ദ൪ശിക്കാനെത്തിയിരുന്നു. ഇത് റെവലൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടി പ്രവ൪ത്തക൪ തടയാൻ ശ്രമിച്ചു. ഇതേതുട൪ന്ന്  ഇരുവിഭാഗവും തമ്മിൽ വാക്കേറ്റംനടന്നു. പൊലീസെത്തിയാണ് ഇവരെ മാറ്റിയത്. ഇതിനിടെ, ചന്ദ്രശേഖരൻെറ കൊലപാതകം സി.പി.എമ്മിൻെറ തലയിൽ കെട്ടിവെക്കാനുള്ള ശ്രമത്തിനെതിരെ ഏരിയാതലത്തിൽ പ്രതിഷേധപ്രകടനം നടത്താൻ തീരുമാനിച്ചിരുന്നു. ഇത്തരമൊരു പ്രകടനം കൊലപാതകം നടന്ന സാഹചര്യത്തിൽ ഒഞ്ചിയം ഏരിയയിൽ അനുവദിക്കില്ലെന്ന് റെവലൂഷനറി നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഏതു സാഹചര്യത്തിലും പ്രകടനം നടത്താൻ സി.പി.എം ഒരുങ്ങിയിരുന്നു. ഇതിനിടെയാണ്  ഒഞ്ചിയം ഏരിയയിലെ സാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടം നിരോധാജ്ഞ പ്രഖ്യാപിച്ചത്. ചന്ദ്രശേഖരൻെറ വീട്ടിൽ നാടിൻെറ നാനാതുറകളിലുമുള്ളവ൪ എത്തിക്കൊണ്ടിരിക്കയാണ്. കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ലീം ലീഗ് നേതാക്കളായ കെ.പി.എ. മജീദ്, എം.എ. റസാഖ് മാസ്റ്റ൪, എം.സി. മായിൻ ഹാജി, സി.വി.എം വാണിമേൽ, വ്യാപാരി വ്യവസായി ഏകോപന സമതി സംസ്ഥാനപ്രസിഡൻറ് ടി. നസിറുദ്ദീൻ, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് നാസിറുദ്ദീൻ എളമരം, ജില്ലാ പ്രസിഡൻറ് ടി.കെ. കുഞ്ഞമ്മദ് ഫൈസി തുടങ്ങിവ൪ വീട്ടിലെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.