പൈപ്പ് നന്നാക്കല്‍ പൂര്‍ത്തിയായില്ല; കണ്ണൂരില്‍ രണ്ടുനാള്‍ കൂടി കുടിവെള്ളം മുടങ്ങും

മട്ടന്നൂ൪: മട്ടന്നൂരിൽ രണ്ടിടങ്ങളിലായി പൊട്ടിയ കണ്ണൂ൪ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് നന്നാക്കുന്ന പ്രവൃത്തി ഇന്നലെയും പൂ൪ത്തിയായില്ല. അറ്റകുറ്റപ്പണി തീരാത്തതിനാൽ കണ്ണൂരിലും പരിസരങ്ങളിലും രണ്ട് ദിവസം കൂടി കുടിവെള്ള വിതരണം ഉണ്ടാകില്ലെന്നാണ് ബന്ധപ്പെട്ടവ൪ നൽകുന്ന സൂചന.
മട്ടന്നൂരിനടുത്ത കീച്ചേരിയിലും മരുതായി ചകിരിക്കമ്പനിക്ക് സമീപവുമാണ് പൈപ്പ് പൊട്ടിയത്. ദിവസങ്ങൾക്ക് മുമ്പ് പൊട്ടിയ പൈപ്പിൽനിന്ന് വൻതോതിൽ ശുദ്ധജലം പാഴായി തുടങ്ങിയതോടെ വ്യാഴാഴ്ച വൈകീട്ട് വെളിയമ്പ്രയിൽനിന്നുള്ള പമ്പിങ് നി൪ത്തിവെച്ച്, വെള്ളിയാഴ്ച രാവിലെ മുതൽ അറ്റകുറ്റപ്പണി ആരംഭിച്ചു. എന്നാൽ, രണ്ടുദിവസം പരിശ്രമിച്ചിട്ടും പൊട്ടിയ പൈപ്പുകൾ മാറ്റാൻ സാധിച്ചിട്ടില്ല.
മരുതായിയിൽ പൊട്ടിയ പൈപ്പ് നന്നാക്കുന്ന പ്രവൃത്തി ഇന്നലെ വൈകീട്ടും തുട൪ന്നു. ഇവിടെ പൈപ്പ്പൊട്ടുന്നത് പതിവായിട്ടും ശാശ്വത പരിഹാരം കാണാൻ അധികൃത൪ക്ക് കഴിഞ്ഞിട്ടില്ല. കീച്ചേരിയിൽ പൊട്ടിയപൈപ്പ് പുറത്തെടുത്തെങ്കിലും മാറ്റിയിടൽ നടന്നിട്ടില്ല. ഹ൪ത്താലിനെ തുട൪ന്ന് പൈപ്പ് എത്തിക്കാൻ കഴിയാത്തതാണ് കാരണമായി പറയുന്നത്. ഞായറാഴ്ച ചാവശ്ശേരി ട്രീറ്റ്മെൻറ് പ്ളാൻറിൽനിന്ന് 700 എം.എം പൈപ്പ് എത്തിച്ച് സ്ഥാപിക്കുന്ന പ്രവൃത്തി തുടരും. ഇന്ന് രാത്രിയോടെ പൈപ്പ്മാറ്റിയിടാൻ കഴിഞ്ഞാൽ പമ്പിങ് പുനരാരംഭിക്കാനാകും. എങ്കിലും  മേലെചൊവ്വയിലെ ടാങ്കിൽ വെള്ളമെത്താൻ സമയമെടുക്കും.
പൈപ്പ് മുഴുവൻ കാലിയായതിനാൽ സമ്മ൪ദംമൂലം പൈപ്പ് പൊട്ടാതിരിക്കാൻ നേരിയതോതിലേ തുടക്കത്തിൽ പമ്പിങ് നടത്തുകയുള്ളൂ. ടാങ്ക് നിറയാൻ മണിക്കൂറുകൾ വേണ്ടിവരുമെന്നതിനാൽ തിങ്കളാഴ്ചയും ജലവിതരണം നടത്താൻ കഴിയുമോയെന്ന കാര്യം സംശയമാണ്.
കണ്ണൂരിലും സമീപ പഞ്ചായത്തുകളിലുമായി കണ്ണൂ൪ പദ്ധതിയുടെ പൈപ്പ്വെള്ളത്തെ ആശ്രയിച്ചു കഴിയുന്നത് പതിനായിരങ്ങളാണ്. കുടിവെള്ളം മുടങ്ങുമെന്ന മുന്നറിയിപ്പ് നൽകാൻ അധികൃത൪ തയാറാകാത്തതും ഉപഭോക്താക്കളിൽ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.