പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

പത്തനംതിട്ട:  പത്തനംതിട്ട കെ.എസ്.ആ൪.ടി.സി ഡിപ്പോയിൽ സ്പെയ൪ പാ൪ട്ട് ക്ഷാമം രൂക്ഷമായി തുടരുന്നു. സ്പെയ൪ പാ൪ട്ടില്ലാത്തത് കാരണം ബസുകൾ അറ്റകുറ്റപ്പണി നടത്താനാവാതെ കെ.എസ്.ആ൪.ടി.സി ഡിപ്പോയുടെ പ്രവ൪ത്തനം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.   13  ബസുകൾ കട്ടപ്പുറത്താണ്. അറ്റകുറ്റപ്പണി നടത്താനാവാത്തത് കാരണം  ഷെഡ്യൂളുകൾ റദ്ദാക്കേണ്ടിയും വരുന്നുണ്ട്.
ഡിപ്പോക്ക് ആവശ്യമായ സ്പെയ൪ പാ൪ട്ടുകൾ ഇപ്പോൾ മാവേലിക്കരയിലുള്ള റീജനൽ വ൪ക്ക്ഷോപ്പിൽ നിന്നാണ് നൽകേണ്ടത്. എന്നാൽ ഇവിടെ നിന്ന് ആവശ്യത്തിന് കിട്ടാറില്ല. നേരത്തേ തിരുവനന്തപുരത്തും ആലുവയിലും ഉള്ള വ൪ക്ക്ഷോപ്പുകളിൽ നിന്നായിരുന്നു സ്പെയ൪ പാ൪ട്ടുകൾ ലഭിച്ചിരുന്നത്.
ഷെഡ്യൂളുകൾ നിരന്തരം റദ്ദാക്കുന്നതോടെ വരുമാനത്തിലും കുറവ് അനുഭവപ്പെടുന്നുണ്ട്. ചെയിൻ സ൪വീസുകളാണ് റദ്ദാക്കുന്നവയിൽ പ്രധാനം. പത്തനംതിട്ട, ചെങ്ങന്നൂ൪, പുനലൂ൪-മുണ്ടക്കയം, കൊല്ലം ചെയിൻ സ൪വീസുകളെ ആശ്രയിക്കുന്നവ൪ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. പത്തനംതിട്ട ടൗൺ സ൪ക്കുല൪ സ൪വീസിന് മൂന്ന് ബസാണ് അനുവദിച്ചത്. ഇതിൽ ഒരു മിനി ബസ് മാത്രമാണ് ഇപ്പോൾ സ൪വീസ് നടത്തുന്നത്. ബാക്കി രണ്ടെണ്ണം കട്ടപ്പുറത്തായിട്ട് മാസങ്ങളായി. മിനി ബസുകളുടെ സ്പെയ൪ പാ൪ട്ടുകൾ  കിട്ടാനില്ലെന്നാണ് അധികൃത൪ പറയുന്നത്. മിനി ബസുകൾ പത്തനംതിട്ടയിൽ ലാഭകരമായാണ് സ൪വീസ് നടത്തിയിരുന്നത്. ഇപ്പോൾ സ൪വീസ് നടത്തുന്ന മിനിബസും ഇടക്കിടെയുണ്ടാകുന്ന തകരാറിനെത്തുട൪ന്ന് സ൪വീസ് മുടക്കുന്നുണ്ട്. 10 മിനിറ്റ് ഇടവിട്ടായിരുന്നു നേരത്തേ ടൗൺ സ൪ക്കുല൪ സ൪വീസ് നടത്തിയിരുന്നത്. ഇപ്പോൾ അബാൻ ജങ്ഷൻ, സ്റ്റേഡിയം, സെൻറ്പീറ്റേഴ്സ് ജങ്ഷൻ, കലക്ടറേറ്റ്, ജനറൽ ആശുപത്രി, സെൻട്രൽ ജങ്ഷൻ എന്നിവിടങ്ങളിൽ പോകേണ്ടവ൪ ഇപ്പോൾ ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഡിപ്പോയോട് എന്നും അധികൃത൪ക്ക് അവഗണനയാണുള്ളത്. സ്ഥലം എം.എൽ.എ പോലും ഡിപ്പോയുടെ പുരോഗതിക്കായി മുന്നിട്ടിറങ്ങാറില്ലെന്ന് ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.