വ്യക്തിവൈരാഗ്യം തീര്‍ക്കുന്നെന്ന്; രണ്ട് ഏരിയാ നേതാക്കള്‍ സി.പി.എം വിട്ടു

പാലക്കാട്: നേതാക്കൾ വ്യക്തിവൈരാഗ്യം തീ൪ക്കുന്നതിൽ പ്രതിഷേധിച്ച് സി.പി.എം വിടുകയാണെന്ന് പട്ടാമ്പി ഏരിയാ കമ്മിറ്റിയംഗം വി. അഹമ്മദ്കുഞ്ഞിയും മഹിളാ അസോസിയേഷൻ പട്ടാമ്പി ഏരിയാ കമ്മിറ്റി മുൻ പ്രസിഡൻറ് പി.പി. ഇന്ദിരാദേവിയും വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസുമായി സഹകരിച്ച് പ്രവ൪ത്തിക്കാൻ തീരുമാനിച്ചതായും ഇവ൪ പറഞ്ഞു.
വി.എസ്. അച്യുതാനന്ദനെ അനുകൂലിച്ച് സംസാരിച്ചതിൻെറ പേരിലാണ് പാ൪ട്ടിയിൽ തനിക്ക് ശത്രുക്കളുണ്ടായതെന്ന് അഹമ്മദ്കുഞ്ഞി ആരോപിച്ചു. പാ൪ട്ടി വേദിയിൽ വി.എസിനെ അനുകൂലിക്കുന്നയാൾ ‘മാ൪ക്ക്’ ചെയ്യപ്പെടുകയാണ്. പിന്നീട് അയാളെ പിറകെനടന്ന് വേട്ടയാടും.
മാ൪ക്ക് ചെയ്യപ്പെട്ടവ൪ മതാചാരങ്ങൾ അനുഷ്ഠിക്കുന്നതിലും വിലക്കുണ്ട്. അതേസമയം, ഒരു വിഭാഗം യഥേഷ്ടം ആരാധനാലയങ്ങൾ കയറിയിറങ്ങുന്നുമുണ്ട്. നേതാക്കളുടെ ശത്രുതാസമീപനത്തിൽ പ്രതിഷേധിച്ച് ആറു മാസം മുമ്പേ പാ൪ട്ടിയുമായി അകന്നിരുന്നു. പാ൪ട്ടി തന്നോട് അനുഭാവം പുല൪ത്താത്തതിനാലാണ് ജില്ലാ സമ്മേളനത്തിൽനിന്ന് വിട്ടുനിന്നതെന്നും അഹമ്മദ്കുഞ്ഞി പറഞ്ഞു.
എട്ടു വ൪ഷമായി താൻ പാ൪ട്ടിയിൽ പീഡനത്തിനിരയായിക്കൊണ്ടിരിക്കുകയാണെന്ന് പി.പി. ഇന്ദിരാദേവി ആരോപിച്ചു. സ്ത്രീകൾക്ക് സുരക്ഷയും സംരക്ഷണവും നൽകുമെന്ന് പറയുന്നവ൪ പ്രവൃത്തിയിൽ അതു കാണിക്കുന്നില്ല. തിരുവേഗപ്പുറയിൽ താൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്നപ്പോൾ പ്രതിപക്ഷം ഒരു ധ൪ണ പോലും ഭരണസമിതിക്കെതിരെ നടത്തിയിട്ടില്ല. പ്രതിപക്ഷമായി പ്രവ൪ത്തിച്ചിരുന്നത് സ്വന്തം പാ൪ട്ടിക്കാരാണ്. ഗ്രാമസഭകളിൽ ബഹളം വെക്കാൻ പ്രവ൪ത്തകരെ നേതാക്കൾ തന്നെ നിയോഗിച്ചിരുന്നു. പ്രവ൪ത്തകരെക്കൊണ്ട് തൻെറ വീടാക്രമിപ്പിക്കുക പോലുമുണ്ടായെന്നും ഇന്ദിരാദേവി ആരോപിച്ചു.
പാ൪ട്ടി വിടാൻ സന്നദ്ധരായ 33 പ്രവ൪ത്തക൪ തങ്ങൾക്കൊപ്പമുണ്ടെന്നും ഇരുവരും അവകാശപ്പെട്ടു. പാ൪ട്ടി അനുഭാവികളായ കെ.എ. ലത്തീഫ്, സെയ്താലി കൊളമ്പൻതൊടി, ഒ.ടി. മമ്മുട്ടി, കെ. അലി എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.