വെറ്റിലകൃഷിയില്‍ നൂറുമേനിയുമായി കൊട്ടന്‍കുഞ്ഞ്

അജാനൂ൪:  വെറ്റിലകൃഷിയിൽ  രണ്ടരപതിറ്റാണ്ടായി വിജയഗാഥ രചിച്ച ക൪ഷകൻ ശ്രദ്ധേയനാകുന്നു. അജാനൂ൪ വെള്ളിക്കോത്തെ വീണച്ചേരി കെ.വി. കൊട്ടൻകുഞ്ഞാണ് വെറ്റില കൃഷിയിൽ നൂറുമേനി നേടുന്നത്.
എല്ലാവ൪ഷവും ചിങ്ങമാസത്തിലാണ് പുതിയ തൈകൾ നടുന്നത്. അരമീറ്റ൪ ആഴത്തിൽ കുഴിയെടുത്ത് മരക്കമ്പ് താങ്ങായി നാട്ടിയാണ് കൃഷി ചെയ്യന്നത്. ഒരു മാസം ഓല പുതയിട്ട് ജലസേചനം നടത്തും. എട്ട് - ഒമ്പത് മാസമായാൽ തളിരിലകൾ വള൪ന്നു പച്ചയണിയും. ആദ്യം നാട്ടിയ കമ്പുകൾ നീക്കി മരുത്, ഇരൂൾ തുടങ്ങിയ മരങ്ങളുടെ തൂണുകൾ നാട്ടിക്കൊടുക്കും. വീണച്ചേരിയിൽ ഇരുന്നൂറോളം കാലുകളിലാണ് വെറ്റില കൃഷി ചെയ്യുന്നത്. മലയോര പ്രദേശമായ പാണത്തൂ൪, ക൪ണാടക അതി൪ത്തിയിലെ തോട്ടങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ലോറി മാ൪ഗമാണ് മരക്കാലുകൾ കൊണ്ട് വരുന്നത്.
കടലപ്പിണ്ണാക്ക്, കാലി വളം, ചായപ്പൊടിച്ചണ്ടി എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മാസത്തിൽ രണ്ടു തവണയാണ് വെറ്റിലകൾ പറിച്ചെടുക്കുന്നത്. നൂറു വീതം ഇലകൾ പാക്കറ്റുകളിലാക്കി കാഞ്ഞങ്ങാട്ടെ വിപണിയിലാണ് എത്തിക്കുന്നത്. മാസത്തിൽ 2,500 രൂപ ലഭിക്കും. സാധാരണ ഒരു കെട്ടിന് 10 മുതൽ 15 രൂപ വരെ ലഭിക്കുമ്പോൾ തണുപ്പ് കാലത്ത് 30 മുതൽ 35 രൂപ വരെ കിട്ടാറുണ്ട്.
വീണച്ചേരിയിലെ പാടശേഖര സമിതി സെക്രട്ടറി കൂടിയായ കൊട്ടൻകുഞ്ഞിക്ക് നെൽകൃഷിയുടെ പാരമ്പര്യ വീര്യമാണ് വെറ്റില കൃഷിയിലും പ്രചോദനമായത്. ഭാര്യ രമണിയും വെറ്റില കൃഷിയിൽ സഹായിയായുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.