പൊലീസിലെ ‘കറുത്ത ആടുകളെ’ ഒറ്റപ്പെടുത്തണം -മുല്ലപ്പള്ളി

കോഴിക്കോട്: പൊലീസിലെ ക്രിമിനലുകളെ ഒറ്റപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ. കേരള പൊലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റിയുടെ 29ാം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം കണ്ടംകുളം ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൊല്ലത്ത് പ്രമുഖ മാധ്യമപ്രവ൪ത്തകനെ വധിക്കാൻ ശ്രമിച്ചത് രണ്ട് ഉന്നത പൊലീസ് ഓഫിസ൪മാരാണെന്ന കണ്ടെത്തൽ  ഞെട്ടിച്ചു.  ഇത്തരം ‘കറുത്ത ആടു’കളെ ഒറ്റപ്പെടുത്താൻ പൊലീസുകാ൪ തന്നെ മുന്നിട്ടിറങ്ങണം. ക്വട്ടേഷൻ സംഘങ്ങളെ പൂ൪ണമായും അമ൪ച്ച ചെയ്യണം.  സേനയുടെ അംഗബലം വ൪ധിപ്പിക്കണം. കേരളത്തിലെ തീരദേശ പൊലീസ് സ്റ്റേഷനുകളുടെ അഞ്ച് വ൪ഷത്തെ നവീകരണത്തിനുള്ള തുക കേന്ദ്രം ഇതിനകം നൽകിയിട്ടുണ്ട്. എന്നാൽ, ബേപ്പൂ൪ തീരദേശ സ്റ്റേഷനിലെ ബോട്ടിന് ഡീസലടിക്കാൻ എറണാകുളത്ത് പോകണമെന്ന് പൊലീസുകാ൪ പറയുന്നു. കേന്ദ്ര ഫണ്ട് വിനിയോഗിച്ചതിൽ വീഴ്ചവന്നത് അന്വേഷിക്കും. വനിതാ പൊലീസുകാരുടെ രാത്രി ഡ്യൂട്ടി ഒഴിവാക്കുന്ന കാര്യം മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. കേരളത്തിൽ ഉടനെ രണ്ട് ഇന്ത്യാ റിസ൪വ് ബറ്റാലിയൻ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള പൊലീസ് അസോ. കോഴിക്കോട് സിറ്റി പ്രസിഡൻറ് പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സൗത് അസി. കമീഷണ൪ കെ.ആ൪. പ്രേമചന്ദ്രൻ, എ.ആ൪ ക്യാമ്പ് ഡെപ്യൂട്ടി കമാൻഡൻറ് സാഗുൽ, പൊലീസ് അസോ. സംസ്ഥാന ട്രഷറ൪ ടി. അബ്ദുല്ലക്കോയ, റൂറൽ ജില്ലാ പ്രസിഡൻറ് സുധാകരൻ, സംസ്ഥാന ജനറൽ സെക്രട്ടറി ജി.ആ൪. അജിത്, സിറ്റി ജില്ലാ സെക്രട്ടറി പി.ടി. ശശിധരൻ, സിറ്റി ട്രഷറ൪ സി. വിനായകൻ, സ്വാമിനാഥൻ, രഞ്ജീഷ്, സ്വാഗതസംഘം ചെയ൪മാൻ ഇ. ജയരാജൻ, വൈസ് ചെയ൪മാൻ സപ്തേഷ് സംസാരിച്ചു.
വൈകീട്ട് നടന്ന പൊതുസമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. പൊലീസ് അസോ. സിറ്റി ജില്ലാ പ്രസിഡൻറ് പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ക്രൈംബ്രാഞ്ച് എസ്.പി നീരജ്കുമാ൪ ഗുപ്ത, ഡെപ്യൂട്ടി പൊലീസ് കമീഷണ൪ ഡി. സാലി, അസി. കമീഷണ൪മാരായ പി.എം. പ്രദീപ്, ബിജി ജോ൪ജ്, സേവ്യ൪ സെബാസ്റ്റ്യൻ, പൊലീസ് ഓഫിസേഴ്സ് അസോ. സിറ്റി സെക്രട്ടറി വിവേകാനന്ദൻ, പ്രോഗ്രാം കമ്മിറ്റി കൺവീന൪ ബൈജു തുടങ്ങിയവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.