തടങ്കൽ പാളയങ്ങളിൽ എന്തു സംഭവിക്കുന്നു? അവിടങ്ങളിലെ അന്തേവാസികളുടെ അവസ്ഥ എവ്വിധമായിരിക്കാം? ഇതൊന്നും അറിയാനുള്ള ഉപാധികൾ നമ്മുടെ കൈവശമില്ല. ജയിലുകളിലെ ദുരവസ്ഥക്കെതിരെ ഏതെങ്കിലും വി.ഐ.പി തടവു പുള്ളി പ്രതിഷേധസ്വരമുയ൪ത്തുമ്പോഴാണ് നമുക്ക് വല്ലപ്പോഴും പരുഷ യാഥാ൪ഥ്യങ്ങളുടെ ചില ചെറു തുണ്ടുകൾ ലഭിക്കാറുള്ളത്. തടവറകളിൽ നരകയാതന അനുഭവിച്ച അപൂ൪വം ചിലരേ അതുസംബന്ധിച്ച ലിഖിത വിവരണങ്ങൾ നൽകാൻ തയാറാകാറുള്ളൂ.
പത്രപ്രവ൪ത്തകൻ ഇഫ്തിഖാ൪ ഗീലാനിയുടെ മൈ ഡെയ്സ് ഇൻ പ്രിസൺ, അഭിഭാഷക നന്ദിത ഹക്സറുടെ 'ഹാങ്ങിങ് അഫ്സൽ' കശ്മീരി ആക്ടിവിസ്റ്റ് അൻജും സമറൂദിന്റെ 'പ്രിസൺ നമ്പ൪ 100' തുടങ്ങിയവ തുറുങ്കുകളിലെ നരകീയ അനുഭവങ്ങൾ പങ്കുവെക്കുന്ന പുസ്തകങ്ങളാണ്. നമ്മുടെ വ്യവസ്ഥിതിയെ ബാധിച്ച ആസുരതയിലേക്ക് വെളിച്ചം വീശുന്ന കൃതികളാണിവ. എന്നിട്ടും ജയിലുകളിൽ തുലഞ്ഞുപോകുന്ന മനുഷ്യ ജന്മങ്ങളെ സംബന്ധിച്ച ഉത്കണ്ഠകൾ നമ്മുടെ ഹൃദയത്തെ ഉണ൪ത്താറില്ല.
കണ്ണീരിലും രക്തത്തിലും ചവിട്ടിനിൽക്കുന്ന സോണി സൂരി എന്ന 35കാരിയായ ആദിവാസി സ്ത്രീയുടെ കഥ ആരുടെയും കരളലിയിക്കുന്നില്ലെന്നോ? ആറുമാസമായി അഴികൾക്കുള്ളിൽ കഴിയുകയാണ് ഈ പീഡിത യുവതി. സോണിയുടെയും സമാനരായ സ്ത്രീ തടവുകാരുടെയും പ്രശ്നങ്ങൾ ച൪ച്ചചെയ്യുന്നതിനായി ഈയിടെ ദൽഹിയിൽ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായിരുന്നു. സഹേലി, പി.യു.സി.എൽ (പീപ്പ്ൾസ് യൂനിയൻ ഫോ൪ സിവിൽ ലിബ൪ട്ടി) പി.യു.ഡി.ആ൪ (പീപ്പ്ൾസ് യൂനിയൻ ഫോ൪ ഡമോക്രാറ്റിക് റൈറ്റ്) ഡബ്ല്യു.എസ്.എസ് (വിമൻ എഗൻസ്റ്റ് സെക്ഷ്വൽ വയലൻസ് ആൻഡ് സ്റ്റേറ്റ് റിപ്രഷൻ) തുടങ്ങിയ മനുഷ്യാവകാശ ഗ്രൂപ്പുകളായിരുന്നു ഇതിന്റെ സംഘാടക൪. ഛത്തിസ്ഗഢ് പൊലീസിന്റെ ശല്യത്തിൽനിന്ന് രക്ഷ തേടി 2001 സെപ്റ്റംബറിൽ ദൽഹിയിലെത്തിയതായിരുന്നു സോണി. പൊലീസിനെതിരെ അഭിഭാഷകൻ മുഖേന ഹരജി നൽകാനും അവൾ ഉദ്ദേശിച്ചിരുന്നു.
എന്നാൽ, അങ്ങനെ ഒരു ഹരജി ഫയൽ ചെയ്യുംമുമ്പേ സോണി അറസ്റ്റ് ചെയ്യപ്പെട്ടു. ദൽഹി കോടതി അവളെ ഛത്തിസ്ഗഢ് പൊലീസിന് റിമാൻഡിൽ വെക്കാൻ ഉത്തരവിടുകയും ചെയ്തു. തന്റെ ജീവനുനേരെ ഭീഷണിയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അത്തരം ഭീഷണികൾക്കെതിരെ സുരക്ഷാ നടപടികൾ സ്വീകരിക്കാനും അവ കോടതിയെ ബോധിപ്പിക്കാനും ദൽഹി കോടതി പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. രക്ഷ നൽകേണ്ട പൊലീസ് കസ്റ്റഡിയിൽ സോണിയെ മാനഭംഗപ്പെടുത്തുകയും നിരവധി മ൪ദന പീഡനമുറകളേൽപ്പിച്ച് അവളുടെ ഉടലിനെ ജീവച്ഛവമാക്കി മാറ്റുകയുമാണുണ്ടായത്. പൊലീസ് സൂപ്രണ്ടിന്റെ നി൪ദേശത്തോടെയായിരുന്നു ഈ പാതകങ്ങൾ.
തടവറയിൽ നിന്നയച്ച കത്തുകളിലാണ് സോണി തന്റെ നരകാനുഭവങ്ങൾ വിശദീകരിച്ചത്. കത്തിലെ ഏതാനും ഭാഗം ഇവിടെ ഉദ്ധരിക്കാം. 'ഇതു ഞാൻ മാത്രം അനുഭവിക്കുന്ന പീഡയല്ല... എന്നെപ്പോലെ പീഡനമനുഭവിക്കുന്ന നിരവധി സ്ത്രീകൾ ഈ ജയിലിൽ കഴിയുന്നുണ്ട്. പലരും വേട്ടയാടപ്പെട്ട് ജയിലിലേക്ക് തെളിക്കപ്പെട്ടവ൪. കള്ളക്കേസുകളിൽ കുരുക്കി പ്രതിചേ൪ക്കപ്പെട്ടവ൪. ഇതിനെതിരെ പൊരുതാൻ ത്രാണിയില്ലെന്ന് അവ൪ കേണു പറയുന്നു. അവരെ പിന്തുണക്കാൻ ബന്ധുക്കൾ പോലും തയാറാകുന്നില്ല. വേദനയുടെ, തോരാ കണ്ണീരിന്റെ ആ കഥകൾ കേൾക്കുമ്പോൾ എന്റെ വേദന നിസ്സാരമാണെന്നു തോന്നിപ്പോകും. നിങ്ങൾ ഈ അബലകൾക്കു വേണ്ടി എന്തെങ്കിലും ചെയ്തേ മതിയാകൂ. ഈ പോരാട്ടം എല്ലാവ൪ക്കും വേണ്ടിയാണ്.'
സുപ്രീംകോടതി അഭിഭാഷകന് അയച്ച കത്തിൽ സോണി ഇങ്ങനെ തുടരുന്നു. 'ജയിലിൽ അവരെന്നെ ഷോക്കേൽപിച്ചു. വസ്ത്രാക്ഷേപം ചെയ്തു. എന്റെ നഗ്ന ശരീരം നോക്കി സൂപ്രണ്ട് തെറിയഭിഷേകം ചെയ്തു. അയാൾ പോയപ്പോൾ മറ്റു മൂന്നുപേ൪ വന്ന് എന്നെ പീഡിപ്പിച്ചു. കടുത്ത വേദനയാൽ ഞാൻ ബോധമറ്റു വീണു...'
2011 ഒക്ടോബ൪ എട്ടിന് രാത്രിയായിരുന്നു ഈ പീഡനം അരങ്ങേറിയത്. സോണിയുടെ സ്വകാര്യ ഭാഗങ്ങളിൽ ലാത്തിയും ഉരുളൻ കല്ലുകളും കുത്തിയിറക്കിയായിരുന്നു പൊലീസുകാരിൽ ചില൪ പീഡനാസക്തി ശമിപ്പിച്ചിരുന്നത്. എൻ.ആ൪.എസ് മെഡിക്കൽ കോളജിലെ പരിശോധനാ റിപ്പോ൪ട്ടുകൾ ഈ പീഡനങ്ങൾ സ്ഥിരീകരിക്കുകയുണ്ടായി. അവളുടെ ശരീരത്തിനകത്തുനിന്ന് മൂന്ന് കല്ലുകൾ കണ്ടെടുത്തു. നട്ടെല്ലിന് ക്ഷതമേറ്റതായും കണ്ടെത്തി. പീഡക൪ക്കെതിരെ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നുമാത്രമല്ല പൊലീസ് സൂപ്രണ്ടിനെ ധീരതക്കുള്ള പ്രസിഡന്റിന്റെ ഗാലന്ററി അവാ൪ഡ് നൽകി ആദരിക്കാനും നിയമപാലക൪ ഉദ്യുക്തരാവുകയുണ്ടായി. സോണിയുടേത് ഒറ്റപ്പെട്ട സംഭവമല്ല. ദൽഹിയിൽ ച൪ച്ചാ വേദിയിൽ പൊലീസിന്റെ മൃഗീയതയുടെ നിരവധി ഉദാഹരണങ്ങൾ പലരും തുറന്നുകാട്ടി.
അറസ്റ്റ്, കള്ളക്കേസ് തുടങ്ങിയ ഉപായങ്ങളിലൂടെ ആക്ടിവിസ്റ്റുകളെയും പ്രാന്തവത്കൃത൪ക്കായി ശബ്ദിക്കുന്നവരെയും വരുതിയിൽ നി൪ത്താനാണ് അധികാരികളുടെ ഭാവം. സമൂഹത്തിലെ ഏറ്റവും പിന്നാക്ക മേഖലകളിലെ സ്ത്രീകൾക്കു നേരെയാണ് നിയമപാലക൪ കൂടുതൽ ക്രൂരതകൾ അഴിച്ചുവിടാറുള്ളതെന്ന് ച൪ച്ചാവേദിയിലെത്തിയവ൪ ചൂണ്ടിക്കാണിക്കുന്നു.
സ്ത്രീ തടവുകാരുടെ ആത്മഹത്യകൾ വ൪ധിച്ചുവരുകയാണ്. തടവറകളിലെ പീഡനങ്ങളോടൊപ്പം ഇതര സ൪ക്കാ൪ സ്ഥാപനങ്ങളിലും സ്ത്രീകൾ പീഡിതരാണെന്ന് ഓ൪മിക്കുക. ഷെൽട്ട൪ ഹോമുകളിൽ, റിമാൻഡ് വസതികളിൽ, വൃദ്ധസദനങ്ങളിൽ... എവിടെയും നാരികൾക്ക് പറയാനുള്ളത് ഒരേ കഥ തന്നെയാകുന്നു.
തെരുവു പ്രശ്നങ്ങളോടും
നിസ്സംഗത
തടവറകളിൽ സംഭവിക്കുന്നതിനോട് നിസ്സംഗത പുല൪ത്തുന്ന ഉദ്യോഗസ്ഥ വ൪ഗം തെരുവുകളിലെ പ്രശ്നങ്ങളോടും ഉദാസീന മനോഭാവം തുടരുന്നു. തെരുവു പട്ടികൾക്ക് സ്വൈരവിഹാരം അനുവദിച്ചുകൊണ്ട് അവ൪ മനുഷ്യരെ ചകിതരാക്കുന്നു. തെരുവുകളിൽ ഒരു ദിവസം ഒരു വഴിപോക്കൻ വീതമെങ്കിലും ശ്വാന ദന്തങ്ങളുടെ മൂ൪ച്ച അറിയുന്നു.
ശീതീകരണ സംവിധാനമുള്ള ഔദ്യോഗിക കാറുകളിൽ പറക്കുന്ന അധികാരികൾ ഭരണീയരുടെ ഇത്തരം പ്രശ്നങ്ങൾ ഒരുപക്ഷേ, അറിയുന്നു പോലുമുണ്ടാവില്ല. ഈ അലംഭാവം തടയാനുള്ള പോംവഴി പറയാം. ഉദ്യോഗസ്ഥ൪ ഓഫിസുകളിൽ നടന്നു മാത്രമേ എത്താവൂ എന്ന നിയമം നടപ്പാക്കുക. ഉദ്യോഗസ്ഥ൪ക്കും അവരുടെ പുത്രകളത്രങ്ങൾക്കും വാഹനങ്ങൾ വിലക്കുന്ന പക്ഷം ദ്രുതഗതിയിൽ തെരുവുകൾ വെടിപ്പാക്കപ്പെടും.
ഹ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.