ഒറ്റപ്പാലം നഗരസഭ: പാളയത്തിലെ പടയില്‍ കുരുങ്ങി ഭരണസമിതി

ഒറ്റപ്പാലം: കേവല ഭൂരിപക്ഷമില്ലാത്ത ഒറ്റപ്പാലം നഗരസഭയിലെ യു.ഡി.എഫ് ഭരണസമിതിക്ക് പാളയത്തിൽപട തലവേദനയാകുന്നു.
പ്രതിപക്ഷാംഗങ്ങളുടെ എതി൪പ്പിനെതുട൪ന്ന് ഒരിക്കൽ മാറ്റിവെച്ച ബജറ്റ് അവതരണം പ്രഖ്യാപനമനുസരിച്ച് ചൊവ്വാഴ്ച നടന്നപ്പോൾ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാനും കോൺഗ്രസ് നേതാവുമായ എസ്. ശെൽവൻ ഉൾപ്പെടെ ഭരണപക്ഷത്തെ മൂന്നംഗങ്ങൾ വിട്ടുനിന്നതാണ് ഒടുവിലത്തെ സംഭവം.
36 അംഗ കൗൺസിലിൽ സി.പി.എം വിമത പിന്തുണയിലാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. വിമത വനിതാ കൗൺസില൪ കൂറുമാറി സി.പി.എമ്മിലേക്ക് പോയതോടെ യു.ഡി.എഫ്, സി.പി.എം കൗൺസില൪മാരുടെ അംഗസംഖ്യ 16 വീതമായി. ബി.ജെ.പിയിലെ നാല് അംഗങ്ങൾ സ്വതന്ത്ര നിലപാട് സ്വീകരിച്ചിരുന്നതിനാൽ ആദ്യകാലത്ത് അജണ്ടകൾ അംഗീകരിക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു.
എന്നാൽ, ഇടക്കാലത്ത് സി. പി.എമ്മിനൊപ്പം ബി.ജെ.പി അംഗങ്ങൾ എതി൪വാദങ്ങൾ ഉന്നയിച്ചുതുടങ്ങിയതോടെ കൗൺസിൽയോഗങ്ങളിലെ തീരുമാനങ്ങൾ പലപ്പോഴും പ്രതിപക്ഷത്തിൻെറ ഇച്ഛക്കൊത്തായി. ശെൽവനെ കൂടാതെ കെ. ബാബു, പാറുക്കുട്ടി എന്നീ ഭരണപക്ഷത്തെ കൗൺസില൪മാ൪ നേരത്തെ നി൪ണായക യോഗങ്ങളിൽ  പങ്കെടുക്കാതെ വിട്ടുനിന്ന സംഭവങ്ങൾ  ഉണ്ടായിട്ടുണ്ട്.
നഗരസഭാ  ഭരണത്തെ പരസ്യമായി വിമ൪ശിച്ചതിൻെറ പേരിൽ ശെൽവനെതിരെ അച്ചടക്ക നടപടിയുണ്ടായതാണ്.
പാ൪ലമെൻററി പാ൪ട്ടി ലീഡ൪, ഡി.സി.സി അംഗം എന്നീ സ്ഥാനങ്ങളിൽനിന്ന് പുറത്തായ ഇദ്ദേഹത്തിന് ഡി.സി.സി അംഗത്വം തിരികെ ലഭിച്ചത് അടുത്തകാലത്താണ്.
കെ.പി.സി.സി പ്രസിഡൻറിൻെറ സാന്നിധ്യത്തിൽ നടന്ന ച൪ച്ചയെതുട൪ന്നായിരുന്നു ഇത്. ഇവരുടെ അഭാവത്തിൽ ഭരണപക്ഷത്തിന് 13 പേരും പ്രതിപക്ഷത്ത് 19 പേരുമാണ് ചൊവ്വാഴ്ച കൗൺസിലിൽ ഹാജരുണ്ടായിരുന്നത്. വോട്ടിനിടുന്നപക്ഷം ബജറ്റ് പാസാക്കിയെടുക്കാൻ കഴിയില്ലെന്ന തിരിച്ചറിവാണ് പാസാക്കിയെന്ന് പ്രഖ്യാപിച്ച് സ്ഥലം വിടാൻ ചെയ൪പേഴ്സനെ പ്രേരിപ്പിച്ചത്. ഇതേതുട൪ന്നാണ് സംഘ൪ഷം അരങ്ങേറിയത്.
സംസ്ഥാനതല തീരുമാനപ്രകാരം ചെയ൪പേഴ്സൻ കോൺഗ്രസിന് നൽകിയപ്പോൾ വൈസ് ചെയ൪മാൻ സ്ഥാനത്തെത്തിയത് ലീഗിലെ അംഗമാണ്. വൈസ് ചെയ൪മാൻ സ്ഥാനം ശെൽവന് നൽകാതിരുന്നതാണ് അസ്വാരസ്യത്തിന് മുഖ്യകാരണമെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.