എരമല്ലൂരില്‍ ഗുണ്ടാസംഘങ്ങളുടെ അഴിഞ്ഞാട്ടം; അഞ്ചുപേര്‍ക്ക് പരിക്ക്

അരൂ൪: എരമല്ലൂരിൽ കഞ്ചാവ്-മയക്കുമരുന്ന് ഗുണ്ടാസംഘം അഴിഞ്ഞാടി. രണ്ടിടത്ത്  ഇവ൪ നടത്തിയ ആക്രമണത്തിൽ ഓട്ടോഡ്രൈവ൪ ഉൾപ്പെടെ അഞ്ചുപേ൪ക്ക് പരിക്കേറ്റു. എഴുപുന്ന 10ാം വാ൪ഡ് പുളയനേടത്ത് ജോജോ (29), സഹോദരൻ ജിബിൻ (25), പുത്തൻപുരക്കൽ നെൽസൺ (30), മംഗലത്ത് അരുൺ (29), എരമല്ലൂ൪ സ്റ്റാൻഡിലെ ഓട്ടോഡ്രൈവ൪ കളത്തിൽ ബിനു (30) എന്നിവ൪ക്കാണ് പരിക്കേറ്റത്. ഗുരുതരമായി  പരിക്കേറ്റ സഹോദരങ്ങളായ ജോജോ, ജിബിൻ എന്നിവരെ എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും ബിനുവിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷക്കുശേഷം വിട്ടയച്ചു. ജോജോ, ജിബിൻ എന്നിവരുടെ തലക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച കന്നാസുമായി കുടിവെള്ളം ശേഖരിക്കാൻ പോകുന്നതിനിടെ അക്രമിസംഘത്തിൻെറ വാഹനം ലൈറ്റില്ലാതെ പോയത് ചോദ്യം ചെയ്തതാണ്  മ൪ദനത്തിന് കാരണം. ഇവരെ ആക്രമിക്കുന്നത് കണ്ടാണ് അയൽവാസികളായ നെൽസൺ,അരുൺ എന്നിവ൪ ഓടിയെത്തിയത്. എട്ടംഗ സംഘം പ്രദേശത്ത് പിന്നെയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
പിന്നീട് എരമല്ലൂ൪ സ്റ്റാൻഡിലെത്തിയ സംഘം ഓട്ടോഡ്രൈവറെയും മ൪ദിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച എരമല്ലൂരിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ പണിമുടക്കി. പ്രതികളിൽ ചില൪ ചന്തിരൂരിലെ ലോഡ്ജിൽ ഉണ്ടെന്നറിഞ്ഞ് പൊലീസും നാട്ടുകാരും പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.