ഷുക്കൂര്‍ വധം: സാംസ്കാരിക നായകര്‍ പ്രതികരിക്കാത്തത് ലജ്ജാവഹം -ചെന്നിത്തല

കണ്ണൂ൪: കേരളം കണ്ട ഭീകരസംഭവമായ ഷുക്കൂ൪ വധത്തെക്കുറിച്ച് സാംസ്കാരിക നായകന്മാ൪ പ്രതികരിക്കാത്തത് ലജ്ജാവഹമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല. രാഷ്ട്രീയപാ൪ട്ടികൾ വധശിക്ഷ വിധിച്ച് ആളുകളെ കൊല്ലുമ്പോൾ സാംസ്കാരിക നായക൪ ഉറങ്ങുന്നത് അപലപനീയമാണ്. യൂത്ത് കോൺഗ്രസ് കണ്ണൂ൪ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘ഷുക്കൂ൪ വധം: കമ്യൂണിസമോ താലിബാനിസമോ’ യുവജന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിരപരാധികളെ കൊന്നൊടുക്കിയ ചരിത്രമാണ് സി.പി.എമ്മിന്. ന്യായീകരണങ്ങൾ നടത്തി കേസ് തേച്ചുമാച്ചുകളയാൻ അനുവദിക്കില്ല. മുഴുവൻ പ്രതികളെയും പിടികൂടുന്നതുവരെ യു.ഡി.എഫ് ശക്തമായി മുന്നോട്ടുപോകും. പൊലീസിൻെറ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായിട്ടുണ്ട്. സി.പി.എമ്മും പൊലീസും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടായെന്നാണ് സംശയം.
സംഘട്ടനത്തിലുണ്ടായ കൊലപാതകമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പറയുക വഴി കൊലപാതകത്തിൻെറ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ്. സെക്രട്ടറിയുടെ വാഹനം തടഞ്ഞത് ന്യായീകരിക്കുന്നില്ല. എന്നാൽ, ഇതിന് പകരമായി താലിബാൻ കൊലപാതകമാണോ നടത്തേണ്ടത്. ആസൂത്രിതമായ പദ്ധതികളാണ് സി.പി.എം എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളത്. കുറ്റങ്ങൾ യൂത്ത്ലീഗിൻെറയും മുസ്ലിംലീഗിൻെറയും തലയിലിട്ട് ഒറ്റപ്പെടുത്താൻ അനുവദിക്കില്ല.
ആശയപരമായ പോരാട്ടത്തിന് പകരം അക്രമത്തിനും കൊലപാതക രാഷ്ട്രീയത്തിനും മുൻഗണന നൽകുന്ന പ്രവ൪ത്തനമാണ് സി.പി.എം നടത്തുന്നത്. ജനജീവിതത്തെ ദുസ്സഹമാക്കുന്ന ഈ ശൈലി വെടിഞ്ഞില്ലെങ്കിൽ സി.പി.എമ്മിനു തന്നെയാണ് ദോഷം. ഷുക്കൂ൪ വധക്കേസ് അന്വേഷണം ശക്തമാക്കാൻ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.
യൂത്ത് കോൺഗ്രസ് കണ്ണൂ൪ മണ്ഡലം പ്രസിഡൻറ് മുഹമ്മദ് ബ്ളാത്തൂ൪ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ യുവക൪മസേനയുടെ പാസിങ് ഔ് പരേഡ് സല്യൂട്ട് സ്വീകരിച്ച് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, കെ.എം. ഷാജി എം.എൽ.എ, എ.പി. അബ്ദുല്ലക്കുട്ടി എം.എൽ.എ, റിജിൽ മാക്കുറ്റി, ഒ. നാരായണൻ, കെ.സി. മുഹമ്മദ് ഫൈസൽ എന്നിവ൪ സംസാരിച്ചു. രജിത്ത് നാറാത്ത് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.