രാഷ്ട്രീയ സംഘര്‍ഷം: കാങ്കോലില്‍ ജനം ഭീതിയില്‍

പയ്യന്നൂ൪: ലീഗ്-സി.പി.എം സംഘ൪ഷം നിലനിൽക്കുന്ന കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിൽ ജനങ്ങൾ ഭീതിയുടെ നിഴലിൽ. ഏതുനിമിഷവും അക്രമം അരങ്ങേറുന്ന സ്ഥിതിയാണ് കാങ്കോൽ ടൗണിലും പരിസരപ്രദേശങ്ങളിലും. സജീവ രാഷ്ട്രീയത്തിലില്ലാത്ത സാധാരണക്കാരിൽ പോലും സംഘ൪ഷാന്തരീക്ഷം ഭീതി വിതക്കുന്നു. ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കൾ പ്രശ്നം ഗൗരവത്തിലെടുത്ത് പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം എരിതീയിൽ എണ്ണയൊഴിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നതെന്ന ആക്ഷേപം പരക്കെ ഉയരുന്നു. സമാധാനം നിലനി൪ത്താൻ ബാധ്യതയുള്ള പൊലീസ് ഫലപ്രദമായ നടപടി കൈക്കൊള്ളുന്നില്ലെന്ന ആക്ഷേപവും ഉയരുന്നു.
കാങ്കോൽ ടൗണുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളിൽ മാത്രമാണ് മുൻകാലങ്ങളിൽ രാഷ്ട്രീയസംഘ൪ഷം അരങ്ങേറാറുള്ളത്. എന്നാൽ, സമീപകാലത്തുണ്ടായ സംഘ൪ഷം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നതായാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ തെളിയിക്കുന്നത്. കാങ്കോലിലെ മുസ്ലിംലീഗ് മണ്ഡലം ഭാരവാഹി കെ.പി. അബ്ദുല്ലയുടെ വടവന്തൂരിലെ കടക്കുനേരെയുണ്ടായ അക്രമം ഇതിൻെറ സൂചനയാണ്. മറ്റു പ്രദേശങ്ങളിൽ രാഷ്ട്രീയ പ്രതിയോഗികളെ ആക്രമിക്കുന്നത് തുട൪ന്നാൽ ഗുരുതരമായ സ്ഥിതിവിശേഷമായിരിക്കും സംജാതമാവുകയെന്ന് നിഷ്പക്ഷ മതികൾ വിലയിരുത്തുന്നു. ഏറെ സമാധാനാന്തരീക്ഷവും സാമുദായിക മൈത്രിയും നിലനിന്ന പ്രദേശമാണ് കാങ്കോൽ. ചില സങ്കുചിത രാഷ്ട്രീയക്കാരുടെ ദീ൪ഘവീക്ഷണമില്ലാത്ത പ്രവ൪ത്തനങ്ങളാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്ന ആക്ഷേപം പരക്കെ ഉയരുന്നു.
മറ്റു പ്രദേശങ്ങളിൽനിന്ന് ജോലികഴിഞ്ഞ് മടങ്ങുന്നവരൊക്കെ ഏറെ ഭീതിയോടെയാണ് ബസിറങ്ങുന്നത്. പൊലീസ് കാവലുണ്ടെങ്കിലും അക്രമം തടയാൻ ഇത് ഫലപ്രദമാവുന്നില്ലെന്ന പരാതിയും വ്യാപകമാണ്. വൻപൊലീസ് സംഘം ക്യാമ്പ് ചെയ്യുമ്പോഴാണ് കഴിഞ്ഞ ദിവസം രാത്രി ലീഗ് നേതാവ് സൈഫുദ്ദീൻ മാസ്റ്ററുടെ വീടിൻെറ ജനൽഗ്ളാസുകൾ എറിഞ്ഞുതക൪ത്തത്. രാത്രി ഒന്നരയോടെയാണ് സംഭവം.
വനിതകൾ ഉൾപ്പെടെയുള്ള സി.പി.എം പ്രവ൪ത്തക൪ക്കുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാ൪ജിലും പ്രതിഷേധം വ്യാപകമായി. സ്ത്രീകളെ നീക്കംചെയ്യുമ്പോൾ പൊലീസ് പാലിക്കേണ്ട നിയമങ്ങൾ പാലിച്ചിട്ടില്ലത്രെ. കാങ്കോലിലെ മുസ്ലിംലീഗ് ഓഫിസ് തക൪ക്കുന്നതും നിത്യസംഭവമാണ്.
സ്വതന്ത്രമായി വഴിനടക്കാനും രാഷ്ട്രീയപ്രവ൪ത്തനം നടത്താനും അവസരമുണ്ടാവണമെന്നാണ് ജനങ്ങളുടെ ആവശ്യം. രാഷ്ട്രീയകക്ഷി നേതാക്കൾ ഒരുമിച്ചിരുന്ന് പ്രശ്നം ച൪ച്ച ചെയ്ത് അണികളെ ബോധവത്കരിക്കാനുള്ള ശ്രമം അനിവാര്യമാണ്. ഇതിന് രാഷ്ട്രീയനേതാക്കൾ തയാറാവണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം. ജനപ്രതിനിധികളും ഇക്കാര്യത്തിൽ ഇടപെടണമെന്ന് നാട്ടുകാ൪ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം കാങ്കോലിലെ തീ ആളിക്കത്തിക്കൊണ്ടിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.