സി.പി.എമ്മിനെ തകര്‍ക്കാന്‍ സി.ബി.ഐ -എന്‍.ഡി.എഫ് ഗൂഢാലോചന -ഇ.പി.ജയരാജന്‍

തലശ്ശേരി: സി.പി.എമ്മിനെ തക൪ക്കാൻ എൻ.ഡി.എഫുമായി ചേ൪ന്ന് ഗൂഢാലോചന നടത്തി പാ൪ട്ടി നേതാക്കളെ കള്ളക്കേസിൽ പ്രതികളാക്കുകയാണ് സി.ബി.ഐയെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. തലശ്ശേരിയിൽ സി.പി.എം സംഘടിപ്പിച്ച വിശദീകരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ.ഡി.എഫ്-സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥ൪ തമ്മിൽ ആഴത്തിലുള്ള ബന്ധങ്ങളുണ്ട്. ഇത് ശരിവെക്കുന്നതാണ് ഇപ്പോൾ പത്രങ്ങളിൽ വരുന്ന വാ൪ത്തകൾ. സി.ബി.ഐയിൽ പ്രവ൪ത്തിക്കുന്ന നല്ല ഉദ്യോഗസ്ഥന്മാ൪ ഈ കേസ് പുനരന്വേഷിക്കണമെന്നും അതിനായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.  
ഫസൽ വധം നടന്ന ഘട്ടത്തിൽ കേസന്വേഷിച്ചത് അന്നത്തെ സി.ഐ സുകുമാരനായിരുന്നു. കേസന്വേഷണത്തിൻെറ ഭാഗമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഫസലിൻെറ ഭാര്യ കോടതിയെ സമീപിക്കുന്നത്. തുട൪ന്ന് അന്നത്തെ ഹൈകോടതി ജസ്റ്റിസ് രാംകുമാ൪ അനാവശ്യ പരാമ൪ശം നടത്തിയാണ് സി.ബി.ഐക്ക് അന്വേഷണചുമതല കൈമാറിയതെന്നും ജയരാജൻ പറഞ്ഞു.
ആ൪ക്കും വിശ്വാസമില്ലാത്ത അന്വേഷണ ഏജൻസിയാണ് സി.ബി.ഐ. നേരത്തെ അറസ്റ്റിലായവരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ആ ടെസ്റ്റ് റിപ്പോ൪ട്ട് എന്താണെന്ന് വിശദീകരിക്കാൻ അന്വേഷണ ഏജൻസിക്ക് ബാധ്യതയുണ്ട്.
സാമ്രാജ്യത്വ ഇടപെടലുകളുടെ ഭാഗമായി ബംഗാളിൽ നടന്നതു പോലെ കേരളത്തിൽ തലശ്ശേരിയിലും സി.പി.എമ്മിനെ തക൪ക്കാനാണ് എൻ.ഡി.എഫ്-കോൺഗ്രസ്-ലീഗ് നേതൃത്വത്തിൻെറ ശ്രമം. കൊല്ലപ്പെട്ട ഫസൽ പാ൪ട്ടിക്ക് ഒരു ഭീഷണിയുമുയ൪ത്തിയിരുന്നില്ലെന്നും 40 തേജസ് പത്രം വിറ്റഴിച്ചത് വലിയ കാര്യമായി തങ്ങൾ കാണുന്നില്ലെന്നും ജയരാജൻ പറഞ്ഞു.
പുഞ്ചയിൽ നാണു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. ജയരാജൻ, എം.സി. പവിത്രൻ എന്നിവ൪ സംസാരിച്ചു. പൊതുയോഗത്തിന് മുന്നോടിയായി നഗരത്തിൽ പ്രകടനവും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.