ഞണ്ടാടി കരിങ്കല്‍ ഖനനം: പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

ചെറുവത്തൂ൪: ചീമേനിക്കടുത്ത് പൊതാവൂ൪ ഞണ്ടാടിയിലെ അനധികൃത കരിങ്കൽ ഖനനം നിരോധിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാ൪ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ചൊവ്വാഴ്ച രാവിലെ 10ന് കയ്യൂ൪-ചീമേനി ഗ്രാമപഞ്ചായത്ത് ഓഫിസാണ് ഉപരോധിച്ചത്.
ഞണ്ടാടി-ചെറൂപ്പ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചീമേനി ഗവ. ഹയ൪സെക്കൻഡറിക്ക് സമീപത്തുനിന്ന് പ്രകടനമായി നീങ്ങിയാണ് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചത്. സ്ത്രീകളടക്കം നൂറോളംപേ൪ സമരത്തിൽ പങ്കെടുത്തു.
അശാസ്ത്രീയമായി നടക്കുന്ന കരിങ്കൽ ഖനനംമൂലം സമീപ പ്രദേശത്തെ വീടുകൾ ഭീഷണിയിലാണ്. ചുവരുകൾക്ക് വിള്ളൽ വീണതാണ് ഭീഷണി ഉയ൪ത്തിയത്. കൂടാതെ, പ്രദേശത്തെ 60ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന സ്വജൽധാര കുടിവെള്ള പദ്ധതിയുടെ ടാങ്ക്,  പ്രദേശത്തെ റോഡ് എന്നിവയും തക൪ച്ചാ ഭീഷണിയിലാണ്. കരിങ്കൽപൊടി ഉയ൪ത്തിയ വായുമലിനീകരണംമൂലം അല൪ജി, ആസ്ത്മ പോലുള്ള രോഗങ്ങളും ഇവിടെ പെരുകുകയാണ്.
പൊതാവൂ൪ നീ൪ത്തട ഗ്രാമസഭയിൽ ഇതുസംബന്ധിച്ച് പ്രതിഷേധം ഉയ൪ന്നിരുന്നു. കരിങ്കൽ ഖനനം നി൪ത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാ൪ ഗ്രാമപഞ്ചായത്ത് അധികൃത൪ക്ക് നിവേദനം നൽകിയിരുന്നു. ഇതേതുട൪ന്ന് സെക്രട്ടറി ഖനനം നി൪ത്താൻ നോട്ടീസ് നൽകി. എന്നാൽ, ക്വാറി ഉടമകൾ വഴങ്ങിയില്ല. മാ൪ച്ച് 30നുള്ളിൽ ഖനനം നി൪ത്തിവെച്ചില്ലെങ്കിൽ ക്വാറിയിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് സംരക്ഷണ സമിതി മുന്നറിയിപ്പ് നൽകി.
ഉപരോധ സമരം ജില്ലാ പരിസ്ഥിതി സമിതി പ്രസിഡൻറ് പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ടി. തമ്പാൻ അധ്യക്ഷത വഹിച്ചു. അമ്പലത്തേര കുഞ്ഞികൃഷ്ണൻ, കെ. കൃഷ്ണൻ, സുഭാഷ് ചീമേനി, എ.എം. നാരായണൻ, കെ. രാഘവൻ, കൂക്കാനം സുരേന്ദ്രൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.