ആന്‍റണി അഴിമതിക്ക് കൂട്ടുനില്‍ക്കുന്നു -പിണറായി

തിരുവള്ളൂ൪: പ്രതിരോധമന്ത്രി എ.കെ. ആൻറണി അഴിമതിക്ക് കൂട്ടുനിൽക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. കരസേനാ മേധാവി അഴിമതി വിഷയം ആൻറണിയെ അറിയിച്ചിട്ടും ആൻറണി ഇക്കാര്യത്തിൽ അന്വേഷണം നടത്താതിരുന്നത് ഇതിൻെറ തെളിവാണെന്ന് പതിയാരക്കര നടുവയലിൽ കെ. ശങ്കരകുറുപ്പ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് പിണറായി ചൂണ്ടിക്കാട്ടി.
അൽപമെങ്കിലും നേരും നെറിയും ഉണ്ടെങ്കിൽ സെൽവരാജുമായുണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ തുറന്നുപറയാൻ ഉമ്മൻചാണ്ടിയും കൂട്ടരും തയാറാകണം. കോഴ എത്രയാണെന്ന് വെളിപ്പെടുത്തണം-അധികാര ധാ൪ഷ്ട്യത്തിൻെറ മറവിൽ ലീഗ് അക്രമത്തിന് കൂട്ടുനിൽക്കുകയാണ്. മന്ത്രിസ്ഥാനം സംബന്ധിച്ച് യു.ഡി.എഫിൽ ഭിന്നത രൂക്ഷമാണെന്നും പിണറായി വ്യക്തമാക്കി.
നമ്മുടെ സൗഹൃദ രാജ്യങ്ങളെ അമേരിക്കൻ താൽപര്യത്തിനായി കോൺഗ്രസ് സ൪ക്കാ൪ അകറ്റുകയാണ്. ഇറാനെതിരെ ഐക്യരാഷ്ട്ര സഭയിൽ വോട്ടുചെയ്തതും സിറിയൻ പ്രശ്നത്തിലെടുത്ത നിലപാടും ഇതാണ് കാണിക്കുന്നത്. അഫ്ഗാനിസ്താനിൽ അമേരിക്ക ചെയ്തുകൂട്ടുന്ന നടപടികൾക്കെതിരെ ഇന്ത്യക്ക് പ്രതികരിക്കാനാവുന്നില്ല. ഇന്ത്യയിൽ അമേരിക്കൻ കുത്തകകൾക്ക് വിടുപണി ചെയ്യുകയാണ് യു.പി.എ സ൪ക്കാരെന്നും പിണറായി പറഞ്ഞു. സി.പി.എമ്മിനെ തക൪ക്കാനുള്ള നീക്കത്തിൻെറ ഭാഗമായാണ് ബംഗാളിൽ നടക്കുന്ന അക്രമങ്ങളെന്നും ഇതിനെതിരെ പോരാടി പാ൪ട്ടി വിജയം വരിക്കുമെന്നും സി.പി.എം സെക്രട്ടറി പറഞ്ഞു. കെ. ഗോപാലൻ മാസ്റ്റ൪ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം എം. കേളപ്പൻ, സി. ഭാസ്കരൻ മാസ്റ്റ൪, കെ. ശ്രീധരൻ, പി.പി. രഞ്ജിനി ടീച്ച൪, ബി. സുരേഷ് ബാബു, പി.കെ. ദിവാകരൻ മാസ്റ്റ൪, കെ.വി. റീന, കെ. വാസുദേവൻ, കെ.വി. ബാബു, ജി.കെ. ജിഗീഷ്, പി.പി. ബാലൻ, കെ.കെ. ഷാജി എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.