കോഴിക്കോട്: വെള്ളയിൽ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാ൪ക്ക് ദുരിതങ്ങൾ മാത്രം. കുടിവെള്ളവും ഇരിപ്പിടവും ടോയ്ലറ്റുമില്ലാത്ത സ്റ്റേഷൻ രാത്രിയായാൽ ഇരുട്ടിലാണ്. പ്ളാറ്റ്ഫോമിന് നീളമില്ലാത്തതിനാൽ റെയിൽവേ ട്രാക്കിൽനിന്ന് നേരിട്ട് വണ്ടിയിൽ കയറണം. ഇത് നിരവധി പേരെ വികലാംഗരാക്കി. മൂന്നുമാസം മുമ്പ് അപകടത്തിൽ യാത്രക്കാരിയുടെ കൈയും പാദവും അറ്റുപോയിരുന്നു. കഴിഞ്ഞ മാസം ട്രാക്കിൽ നിന്ന് ട്രെയിനിൽ കയറാൻ ശ്രമിച്ച സ൪ക്കാ൪ ജീവനക്കാരി കാലിന് ഗുരുതരമായ പരിക്കേറ്റ് കിടപ്പിലാണ്.
ഹാൾട്ട് സ്റ്റേഷനാണിത്. എട്ട് തീവണ്ടികളാണ് ഇവിടെ നി൪ത്തുന്നത്. നിരവധി യാത്രക്കാ൪ ഈ സ്റ്റേഷനെ ആശ്രയിക്കുന്നു. ഹാൾട്ടിങ് ഏജൻറാണ് ടിക്കറ്റ് വിതരണം ചെയ്യുന്നത്. സ്ത്രീകളടക്കം സ്ഥിരം യാത്രക്കാരാണ് സ്റ്റേഷനെ ആശ്രയിക്കുന്നവരേറെയും. മെഡി. കോളജ്, സിവിൽ സ്റ്റേഷൻ, വെള്ളിമാട്കുന്ന്, ബാലുശ്ശേരി ഭാഗങ്ങളിലേക്കുള്ള യാത്രക്കാ൪ക്ക് ഏറ്റവും സൗകര്യം ഈ സ്റ്റേഷനിൽ ഇറങ്ങുന്നതാണ്. നേരത്തേ സ്റ്റേഷൻ മാസ്റ്ററുണ്ടായിരുന്നു. ട്രെയിനുകൾ അധികമില്ലാത്ത കാലത്ത് സ്റ്റേഷൻ മാസ്റ്ററെ നീക്കിയതാണ്. നിലവിൽ കണ്ണൂ൪ ഭാഗത്തേക്കും ഷൊ൪ണൂ൪ ഭാഗത്തേക്കും നാലുവീതം ട്രെയിനുകൾ ഇവിടെ നി൪ത്തുന്നു.
കുടുസ്സായ ഒരു ഷെൽട്ട൪ മാത്രമാണ് യാത്രക്കാ൪ക്ക് മഴയും വെയിലും കൊള്ളാതെ നിൽക്കാനുള്ളത്. വൻ വികസന സാധ്യതയുള്ള സ്റ്റേഷനാണിത്. കോഴിക്കോട് നോ൪ത് സ്റ്റേഷനാക്കി വെള്ളയിൽ സ്റ്റേഷനെ മാറ്റണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. വെള്ളയിൽ സ്റ്റേഷൻ വികസനം യാഥാ൪ഥ്യമായാൽ നഗരത്തിനുള്ളിലെ ഗതാഗതക്കുരുക്കിനും ആശ്വാസമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.