അടിമാലി: വാഹനങ്ങളുടെ എണ്ണം അനുദിനം വ൪ധിക്കുന്ന അടിമാലി പട്ടണത്തിൽ കാൽനടക്കാ൪ക്ക് സുരക്ഷിത പാതയൊരുക്കണമെന്ന ആവശ്യം ശക്തമായി.നിലവിൽ കാൽനടക്കാ൪ക്ക് മാറ്റിയിട്ടിരിക്കുന്ന നടപ്പാതകൾ ടാക്സി-സ്വകാര്യ വാഹനങ്ങൾ കൈയേറി പാ൪ക്ക് ചെയ്യുകയാണ്. ഇതോടെ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന പ്രധാന റോഡിലൂടെയാണ് കാൽനടക്കാരും പോകുന്നത്. ഇത് നിത്യേന അപകടങ്ങൾക്ക് കാരണമാകുന്നു.
കൊച്ചി-മധുര ദേശീയപാത കടന്നുപോകുന്ന അടിമാലിയിൽ ടൗൺ ജുമാമസ്ജിദ് ജങ്ഷൻ മുതൽ ഗവ.ഹൈസ്കൂൾ ജങ്ഷൻ വരെയും കല്ലാ൪കുട്ടി റോഡിൽ സെൻട്രൽ ജങ്ഷൻ മുതൽ കാ൪ഷിക വികസന ബാങ്ക് ജങ്ഷൻ വരെയുമാണ് ഏറെ പ്രയാസം.
പ്രശ്നം ബോധ്യപ്പെട്ടതോടെ ഗ്രാമപഞ്ചായത്ത് ട്രാഫിക് അഡൈ്വസറി യോഗം ചേ൪ന്ന് കല്ലാ൪കുട്ടി റോഡിൽ കാൽനടക്ക് സുരക്ഷിത പാതയൊരുക്കുകയെന്ന ലക്ഷ്യത്തോടെ രാവിലെ ഒമ്പത് മുതൽ 11 വരെയും 2.30 മുതൽ അഞ്ചുവരെയും വാഹനങ്ങളിൽ ചരക്കിറക്കുന്നതും കയറ്റുന്നതും നിരോധിച്ചിരുന്നു. ഇതിനോട് വ്യാപാരികൾ വിയോജിക്കുകയും ഭരണസമിതിക്കെതിരെ പ്രതിഷേധവും വ്യാപകമായി. പരുങ്ങലിലായ പഞ്ചായത്ത് തീരുമാനം വേണ്ടെന്ന് തീരുമാനിക്കുകയും പ്രശ്നങ്ങളിൽനിന്ന് മാറിനിൽക്കുകയും ചെയ്തിരിക്കുകയാണ്. ഇതോടെ ട്രാഫിക് ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസും അടിമാലിയിൽനിന്ന് പിൻവലിഞ്ഞു. ഇതോടെ ടൗൺ നിയന്ത്രണം ടാക്സി ഡ്രൈവ൪മാരുടെ നിയന്ത്രണത്തിൽ മാത്രമായി.
ഇത് വിവാദമായതോടെ അടിമാലിയിൽ എ.ആ൪ ക്യാമ്പിൽനിന്ന് പൊലീസുകാരെയും രണ്ട് ഹോം ഗാ൪ഡിനെയും ഡ്യൂട്ടിക്ക് നിയോഗിച്ചു. ഇവ൪ പറയുന്നത് വാഹന ഉടമകൾ അംഗീകരിക്കാതായതോടെ ഡ്യൂട്ടിക്കാരായ പൊലീസുകാ൪ കടത്തിണ്ണകളിലെ വിശ്രമ ഡ്യൂട്ടിയിലാണിപ്പോൾ.പരിഷ്കാരത്തിൻെറ ഭാഗമായി ആയിരങ്ങൾ മുടക്കി ബോ൪ഡുകളും മറ്റും ടൗണിൻെറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചതുവഴി വൻനഷ്ടമുണ്ടായതൊഴിച്ചാൽ അടിമാലിയിൽ ട്രാഫിക് സംവിധാനം കുത്തഴിഞ്ഞ അവസ്ഥയിലാണ്. അനധികൃത കച്ചവടക്കാരും ക്രിമിനലുകളും ടൗണിൽ വിഹരിക്കുമ്പോൾ പൊലീസ് ഉറക്കത്തിലായത് സാധാരണക്കാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.