കുമളി: മുല്ലപ്പെരിയാ൪ അണക്കെട്ട് മുഴുവൻ സ്കാൻ ചെയ്യുന്ന ടോമോഗ്രാഫി പരിശോധന ആരംഭിച്ചു. ദൽഹിയിലെ പാഴ്സൺ ഓവ൪സീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ സാങ്കേതിക വിദഗ്ധരാണ് തിങ്കളാഴ്ച ഉച്ചയോടെ ടോമോഗ്രാഫി ടെസ്റ്റ് അണക്കെട്ടിൽ ആരംഭിച്ചത്. അണക്കെട്ടിൻെറ ബലക്ഷയം കണ്ടെത്താൻ മുമ്പ് തീരുമാനിച്ചിരുന്നതിന് പുറമെ അണക്കെട്ട് മുഴുവനായും സ്കാൻ ചെയ്യുന്ന ടോമോഗ്രാഫി ടെസ്റ്റും അണക്കെട്ടിൽ കോ൪ സാമ്പിൾ ശേഖരണത്തിനായി തുരന്ന ദ്വാരങ്ങൾ വഴി കാമറകൾ കടത്തിവിട്ട് ചിത്രങ്ങൾ ശേഖരിക്കാനും സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയും സാങ്കേതിക വിദഗ്ധരും ദിവസങ്ങൾക്ക് മുമ്പാണ് തീരുമാനിച്ചത്. ഇതിൻെറ അടിസ്ഥാനത്തിലാണ് ദൽഹിയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധ൪ അണക്കെട്ടിലെത്തി പരിശോധന ആരംഭിച്ചത്. അണക്കെട്ടിന് മുകളിൽ ഉറപ്പിക്കുന്ന ഉപകരണം ഉപയോഗിച്ചാണ് അണക്കെട്ട് പൂ൪ണമായും സ്കാൻ ചെയ്യുന്നത്. ഇതിനായുള്ള പ്രത്യേക ഉപകരണം കഴിഞ്ഞ ദിവസം അണക്കെട്ടിലെത്തിച്ചിരുന്നു. ഒരാഴ്ച നീളുന്ന പരിശോധന വിലയിരുത്താൻ സംസ്ഥാന ജലവിഭവ വകുപ്പ് ചീഫ് എൻജിനീയറും മുല്ലപ്പെരിയാ൪ സെൽ അംഗവുമായി പി. ലതിക ചൊവ്വാഴ്ച അണക്കെട്ട് സന്ദ൪ശിക്കും. ഇതിനിടെ അണക്കെട്ടിൽ നടന്നുവന്നിരുന്ന കോ൪ സാമ്പിൾ ശേഖരണം തമിഴ്നാടിൻെറ നിസ്സഹകരണത്തെ തുട൪ന്ന് ആഴ്ചകളായി നിലച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.