ഏറം കൂട്ടക്കൊല: പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് രണ്ടുലക്ഷം വീതം പാരിതോഷികം

കൊല്ലം: ഏറം കൂട്ടക്കൊലക്കേസിൽ പ്രതികളായ രണ്ട് സൈനികരെ കണ്ടെത്തുന്നവ൪ക്ക് സി.ബി.ഐ രണ്ട് ലക്ഷം രൂപവീതം പാരിതോഷികം പ്രഖ്യാപിച്ചു.
അഞ്ചൽ ഏറം കൈപ്പുഴവീട്ടിൽ രഞ്ജിനിയെയും (24),  17 ദിവസം പ്രായമായ ഇരട്ടക്കുട്ടികളെയും കഴുത്തറുത്തുകൊന്ന കേസിൽ അലയമൺ കൊച്ചുമഠത്തിൽ (ചന്ദ്രവിലാസം)  ബി. ദിവിൽകുമാ൪ (28), കണ്ണൂ൪ ശ്രീകണ്ഠപുരം കൂത്തുമുഖം പുതുശ്ശേരിവീട്ടിൽ രാജേഷ് (33) എന്നിവരെ കണ്ടെത്തിയാലോ വിവരങ്ങൾ  നൽകിയാലോ ആണ് പാരിതോഷികം നൽകുക.
2006 ഫെബ്രുവരി ആറിന് രഞ്ജിനിയെയും മക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
സൈന്യത്തിൽനിന്ന് അവധിയെടുത്ത ദിവിൽകുമാറും രാജേഷും സംഭവശേഷം ജോലിയിൽ തിരികെ പ്രവേശിക്കാതെ ഒളിവിലാണ്. സി.ബി.ഐയുടെ ചെന്നൈ സ്പെഷൽ ക്രൈംസ് ബ്രാഞ്ചാണ് ഹൈകോടതി ഉത്തരവനുസരിച്ച് കേസ് അന്വേഷിക്കുന്നത്. അവിവാഹിതയായ രഞ്ജിനി ദിവിൽകുമാറുമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തിൽ ഗ൪ഭിണിയായ ഇവ൪ 2006 ജനുവരി 26 ന് ഇരട്ടക്കുട്ടികളെ പ്രസവിച്ചു.
പ്രസവത്തിനുമുമ്പ് ജോലിക്കുപോയ ദിവിൽകുമാറുമായി ഫോണിലൂടെയും കത്തിലൂടെയും ബന്ധപ്പെടാൻ രഞ്ജിനി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുട്ടികളുടെ പിതൃത്വം ഇയാൾ നിഷേധിച്ചു. രഞ്ജിനി വനിതാകമീഷന് പരാതിനൽകുകയും ഡി.എൻ.എ പരിശോധനക്ക് വിധേയനാകാൻ ദിവിൽകുമാറിനോട് ആവശ്യപ്പെടുകയുംചെയ്തിരുന്നു. ഇതിന് ഇയാൾ തയാറായിരുന്നില്ല.
പ്രസവത്തിനായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രഞ്ജിനിയെ കാണാൻ മറ്റൊരു പേരിൽ എത്തിയ രാജേഷ് അവരുമായി അടുപ്പം സ്ഥാപിക്കുകയും ദിവിൽകുമാറിനെ കണ്ടെത്താൻ സഹായിക്കാമെന്ന് ഉറപ്പുനൽകുകയുംചെയ്തു.  
സംഭവദിവസം ഇയാൾ രഞ്ജിനിയുടെ വീട്ടിലെത്തിയതായും രേഖകൾ വ്യക്തമാക്കുന്നു. രഞ്ജിനിയുടെ അമ്മ ശാന്തമ്മ കുട്ടികളുടെ ജനനസ൪ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പഞ്ചായത്തോഫിസിൽ പോയിരുന്ന സമയത്താണ് കൊല നടന്നത്.
ലോക്കൽപൊലീസ് നടത്തിയ അന്വേഷണം പിന്നീട് ഹൈകോടതി ഉത്തരവ് പ്രകാരം സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.