കലാകാരന്മാരുടെ സ്മാരകകേന്ദ്രം പ്രവൃത്തി അവസാനഘട്ടത്തില്‍

കോഴിക്കോട്: മാലിന്യവും കൊതുകും നിറഞ്ഞ് ദു൪ഗന്ധം പരത്തിയിരുന്ന പഴയ ആനക്കുളത്ത് കലാകാരന്മാരുടെ സ്മാരകം നി൪മാണം പുരോഗമിക്കുന്നു. കോഴിക്കോട് കേന്ദ്രമാക്കി സാംസ്കാരിക പ്രവ൪ത്തനം നടത്തിയ കലാകാരന്മാ൪ക്കുള്ള സ്മാരകമന്ദിരമാണ് അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നത്.
347 ലക്ഷം രൂപ ചെലവിൽ പണിയുന്ന കെട്ടിടത്തിൽ 300 ലക്ഷം രൂപയുടെ പണികളും പൂ൪ത്തിയായി. മൂന്ന് നിലകളിൽ പണിത കെട്ടിടം ചിത്രകാരന്മാരടക്കം കലാകാരന്മാ൪ക്ക് താമസിച്ച് രചനകൾ നടത്താനും പ്രദ൪ശനങ്ങളും കൂട്ടായ്മകളും നടത്താനും സൗകര്യമുള്ളതാണ്.  
ടൗൺഹാളിനും പണിതീ൪ന്ന പുതിയ ആ൪ട്ട് ഗാലറിക്കും പിറകിൽ നഗരമധ്യത്തിൽ ബഹളങ്ങളിൽനിന്നകന്നാണ് എന്നത് സ്മാരക കേന്ദ്രത്തിൻെറ പ്രത്യേകതയാണ്. ഗ്രൗണ്ട് ഫ്ളോറിൽ കോൺഫറൻസ് ഹാൾ, കലാപരിശീലന കേന്ദ്രം, പൊതു കലാകേന്ദ്രം എന്നീ സൗകര്യങ്ങളാണുള്ളത്.
ഒന്നാംനിലയിലെ പ്രധാന ആക൪ഷണം നാടകശാലയാണ്. നാടക പരിശീലന കേന്ദ്രം, വായനശാല, ഡോ൪മിറ്ററി എന്നിവയും ഒരുക്കിയിട്ടുണ്ട്. രണ്ടാമത്തെ നിലയിൽ കൂത്തുപുര ഒരുക്കും. ആംഫി തിയറ്റ൪, ഗാലറി എന്നിവയും നി൪മിച്ചിട്ടുണ്ട്.
കൈവരികൾ പണിയൽ, നിലത്ത് ടൈൽസ് വിരിക്കൽ, വൈദ്യുതി പ്രവൃത്തികൾ എന്നിവയാണ് ഇനി ബാക്കിയുള്ള മുഖ്യയിനങ്ങൾ. ഈവ൪ഷംതന്നെ സാംസ്കാരിക പ്രവ൪ത്തനങ്ങൾക്കായി കെട്ടിടം തുറന്നുകൊടുക്കാനാണ് നഗരസഭയുടെ തീരുമാനം.
നഗരസഭ പണിത ആ൪ട്ട് ഗാലറി ലളിതകലാ അക്കാദമിയുമായി ചേ൪ന്ന് ഉടൻ തുറന്നുപ്രവ൪ത്തിക്കാൻ നടപടിയായിട്ടുണ്ട്.
നഗരത്തിലെ നിരവധി ചിറകളിൽ ഒന്നായിരുന്നു ആനക്കുളമെങ്കിലും മതിയായ പരിചരണമില്ലാതെ മാലിന്യം മൂടുകയായിരുന്നു. തളി കുളത്തിന് സമീപം കണ്ടംകുളം എന്നപോലെ മാനാഞ്ചിറക്ക് തൊട്ടുകിഴക്ക് ആനക്കുളവും   വേനലിലും തെളിവെള്ളം നൽകിയിരുന്നു. മാലിന്യം നിറഞ്ഞതോടെ കണ്ടംകുളവും ആനക്കുളവും നികത്തി. കണ്ടംകുളത്ത് സ്വാതന്ത്ര്യ സുവ൪ണജൂബിലി കെട്ടിടം ഉയ൪ന്നെങ്കിലും ആനക്കുളം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.