തുറവൂ൪: ഇടഞ്ഞ കൊമ്പനെ കുളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാംപാപ്പാനെ കുത്തി. കൊമ്പുകൾക്കിടയിൽപ്പെട്ട പാപ്പാൻ ഉരുണ്ടുമാറി രക്ഷപ്പെട്ടു. കറുകച്ചാൽ സ്വദേശി സന്ദീപാണ് (42) അദ്ഭുതകരമായി രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 10നായിരുന്നു സംഭവം.
കറുകച്ചാൽ സ്വദേശി ഷാജിയുടെ കുട്ടിശങ്കരൻ എന്ന ആനയെ കഴിഞ്ഞ 10ന് പുത്തൻകാവ് ക്ഷേത്രോത്സവത്തിനുശേഷം തളച്ചിരിക്കെ ചങ്ങല പൊട്ടിച്ച് ഓടാൻ ശ്രമിച്ചിരുന്നു. ഉത്സവത്തിന് കൊണ്ടുവന്ന മറ്റ് ആനകളുടെ സഹായത്തോടെയാണ് ആനയെ തളച്ചത്. വെള്ളിയാഴ്ച രാവിലെ ആനയെ കുളിപ്പിക്കുന്നതിന് അടുത്ത പുരയിടത്തിൽ കൊണ്ടുപോയശേഷം കിടക്കാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുട൪ന്ന് അടിച്ച് അനുസരിപ്പിക്കാനുള്ള ശ്രമത്തിൽ പ്രകോപിതനായ ആന സന്ദീപിനെ തട്ടിയിട്ട് കുത്താൻ ശ്രമിക്കുകയായിരുന്നു. സന്ദീപ് ഉരുണ്ടുമാറിയപ്പോൾ മുൻകാലിന് തട്ടിത്തെറിപ്പിച്ചു. സന്ദീപിൻെറ കാലിന് നിസ്സാര പരിക്കേറ്റു. വിറളിപൂണ്ട ആന സമീപത്തെ ടാങ്കിൻെറ കോൺക്രീറ്റും പൈപ്പും തക൪ത്തു. നാട്ടുകാരും മറ്റ് പാപ്പാന്മാരും ചേ൪ന്ന് പിന്നിൽ കിടന്ന ചങ്ങല വലിച്ച് മരത്തിൽ തളച്ച്. തുട൪ന്ന് പാപ്പാന്മാ൪ സ്ഥലംവിട്ടു. ആനക്കുള്ള ഭക്ഷണവും വെള്ളവും നൽകുന്നത് നാട്ടുകാരാണ്. ആനക്ക് മദപ്പാടില്ലെന്നാണ് പാപ്പാന്മാ൪ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.