ഉരു മുങ്ങി കടലില്‍ അലഞ്ഞ തൊഴിലാളികളെ രക്ഷപ്പെടുത്തി

കണ്ണൂ൪: ഉരു മുങ്ങിയതിനെ തുട൪ന്ന് മൂന്നു ദിവസം എൻജിനില്ലാത്ത ഫൈബ൪ തോണിയിൽ  കടലിൽ അലഞ്ഞ  ആറ് ഗുജറാത്തി മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ക്യാപ്റ്റൻ സലീം, ഇഖ്ബാൽ, അഹമ്മദ്, ആസിഫ് ഹമീദ്, അംഗത്, ഉമ൪ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
ബേപ്പൂരിൽ നിന്നും ജില്ലിയും ചെങ്കല്ലുമായി ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലേക്കു പോവുകയായിരുന്ന അണ്ണാ സാഗ൪ എന്ന ഉരുവാണ് കരയിൽ നിന്നും 70 കി.മീ. അകലെ കടലിൽ മുങ്ങിയത്. മാ൪ച്ച് 19ന് പുറപ്പെട്ട ഉരു 20നായിരുന്നു മുങ്ങിയത്.
ഉരുവിലുണ്ടായിരുന്ന ഫൈബ൪ തോണിയിൽ തൊഴിലാളികൾ രക്ഷപ്പെട്ടെങ്കിലും എൻജിനില്ലാത്തതിനാൽ തുഴഞ്ഞു കരയിലെത്താനാവാതെ മൂന്നു ദിവസത്തോളം കടലിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ഇവ൪ പറഞ്ഞു. മത്സ്യബന്ധനത്തിനെത്തിയ മറ്റൊരു ബോട്ടിലുള്ളവ൪ ഇവരെ രക്ഷപ്പെടുത്തി ആയിക്കരയിലെത്തിക്കുകയായിരുന്നു. ഇവരെ പിന്നീട് സിറ്റി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി.
മഞ്ചേശ്വരം ഉപ്പള സ്വദേശി മുഹമ്മദ് കുഞ്ഞിയുടേതാണ് നാൽപതു ലക്ഷം രൂപ  വിലയുള്ള ഉരു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മുഹമ്മദ്കുഞ്ഞി പറഞ്ഞു.  
ഉരു നിശ്ചിത സമയത്ത് എത്താത്തതിനെ തുട൪ന്ന് നേവിയെയും മറ്റും വിവരമറിയിച്ചിരുന്നുവെന്നും എന്നാൽ, അവ൪ നടത്തിയ തിരച്ചിലിൽ മുങ്ങിയതിൻെറ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും മുഹമ്മദ്കുഞ്ഞി പൊലീസിനോട് പറഞ്ഞു.
തങ്ങളെ രക്ഷപ്പെടുത്തിയ ബോട്ടിൻെറ പേരും നമ്പറും കൈയിലുണ്ടെന്നു പറഞ്ഞ  തൊഴിലാളികൾ പിന്നീട് അതു നഷ്ടപ്പെട്ടെന്ന് പറഞ്ഞതായും പൊലീസ് അറിയിച്ചു.  തെളിവെടുപ്പിനായി തൊഴിലാളികളെ ബേപ്പൂരിലേക്ക് കൊണ്ടുപോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.