കല്ലാര്‍ പുഴയില്‍ നീരൊഴുക്ക് നിലച്ചു; നെടുങ്കണ്ടം വരള്‍ച്ചയുടെ പിടിയില്‍

നെടുങ്കണ്ടം: ഹൈറേഞ്ചിലെ പുഴകളും തോടുകളും വറ്റിവരണ്ടതോടെ എങ്ങും കുടിവെള്ളക്ഷാമം. കല്ലാ൪ പുഴയിൽ നീരൊഴുക്ക് നിലച്ചിട്ട് രണ്ടാഴ്ചയിലേറെയായി. ഇതുമൂലം പാമ്പാടുംപാറ, കരുണാപുരം, നെടുങ്കണ്ടം, ഉടുമ്പൻചോല പഞ്ചായത്തുകളിൽ കുടിവെള്ളത്തിനായി വീട്ടമ്മമാ൪ നെട്ടോട്ടമാണ്.
കാ൪ഷിക, തോട്ടം മേഖലകൾ ഉൾപ്പെടുന്ന ഈ പഞ്ചായത്തുകളിൽ ഒരു കുടം വെള്ളത്തിന് കിലോമീറ്ററുകൾ താണ്ടണം. കൂലിപ്പണിക്ക് ശേഷം കുടിവെള്ളം ശേഖരിച്ച് തിരികെ വീട്ടിലെത്തുമ്പോഴേക്കും രാത്രിയാകും. ജല വിതരണപദ്ധതികൾ പലതും വെള്ളമില്ലാതെ നോക്കുകുത്തികളായി മാറി. പാറയിടുക്കുകളിൽനിന്നും മറ്റും ഊറിവരുന്ന വെള്ളം ശേഖരിക്കാൻ സ്ത്രീകളുടെ തിക്കും തിരക്കുമാണ്.
ത്രിതലപഞ്ചായത്തുകൾ കുടിവെള്ളത്തിന് എല്ലാ വ൪ഷവും ലക്ഷങ്ങൾ മുടക്കാറുണ്ടെങ്കിലും ഒന്നും ഫലപ്രദമാകാറില്ല. അതി൪ത്തി പഞ്ചായത്തായ കരുണാപുരത്തും വരൾച്ചയാണ്. കൂട്ടാ൪, കരുണാപുരം, അച്ചക്കട, കമ്പംമെട്ട്, കുഴിത്തൊളു, ബാലൻപിള്ളസിറ്റി, ബംഗ്ളാദേശ് കോളനി, രാമക്കൽമേട് എന്നിവിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. നെടുങ്കണ്ടം പഞ്ചായത്തിലെ കോമ്പയാ൪, താന്നിമൂട്, ഇല്ലിക്കാനം, മേവിടമെട്ട്, ആശാരിക്കണ്ടം, ചിന്നപ്പച്ചടി, ബേഡിമെട്ട്, അരശപ്പൊതിമേട്, പാമ്പാടുംപാറ പഞ്ചായത്തിലെ കവുന്തി, പത്തിനിപ്പാറ, നെല്ലിപ്പാറ, ദേവഗിരി, ആശാൻപടി, ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ പാറത്തോട്, ഉടുമ്പൻചോല, മാവടി, നമിരി, തിങ്കൾക്കാട്, മൈലാടുംപാറ, വല്ലറക്കാംപാറ എന്നിവിടങ്ങളിൽ കുടിവെള്ളം കിട്ടാനില്ല.
400 മുതൽ 700 രൂപവരെ മുടക്കി ജീപ്പുകളിലും മറ്റും വെള്ളമെത്തിക്കേണ്ട സ്ഥിതിയിലാണ് പ്രദേശവാസികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.