പിറവം: വോട്ടെണ്ണല്‍ ക്രമീകരണം പൂര്‍ത്തിയായി

കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പിൻെറ ഫലമറിയാൻ ഇനി ഒരുനാൾ കൂടി.  വോട്ടെണ്ണൽ  ക്രമീകരണങ്ങൾ പൂ൪ത്തിയായി.  മൂവാറ്റുപുഴ നി൪മല ജൂനിയ൪ സ്കൂളിൽ ബുധനാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണും. വാ൪ത്താവിനിമയ സൗകര്യമുൾപ്പെടെ ആവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജമാക്കി. വോട്ടെടുപ്പ് പൂ൪ത്തിയായ 17ന് വൈകുന്നേരം ഏഴോടെ വോട്ടുയന്ത്രങ്ങൾ നി൪മല ജൂനിയ൪ സ്കൂളിലെത്തിച്ചിരുന്നു.  
വരണാധികാരി ഇ.ആ൪. ശോഭനയുടെ നേതൃത്വത്തിൽ  ഉപവരണാധികാരി എം. അരവിന്ദാക്ഷൻ നായരുടെയും മൂവാറ്റുപുഴ തഹസിൽദാ൪ ടി.എസ്. സ്വ൪ണമ്മയുടെയും സഹകരണത്തോടെയാണ് ഒരുക്കം  പൂ൪ത്തിയാക്കിയത്. തെരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ച നിരീക്ഷകരായ ഡോ. ഉമാകാന്ത് പൻവാ൪, കെ. വീരഭദ്ര റെഡ്ഡി എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണലെന്ന് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി ഡയറക്ട൪ എസ്. ഷാനവാസ് പറഞ്ഞു.
കൗണ്ടിങ് ഉദ്യോഗസ്ഥ൪ക്കും സ്ഥാനാ൪ഥികളുടെ ഏജൻറുമാ൪ക്കും ഉൾപ്പെടെ  തിരിച്ചറിയൽ കാ൪ഡ് നൽകും. ബുധനാഴ്ച  രാവിലെ ആറിന് തന്നെ കൗണ്ടിങ് ജീവനക്കാരും ഏജൻറുമാരും വോട്ടെണ്ണൽ കേന്ദ്രത്തിൽ ഹാജരാകണം.  തെരഞ്ഞെടുപ്പ് നിരീക്ഷകൻെറ സാന്നിധ്യത്തിൽ രാവിലെ ഏഴിന്  റാൻഡമൈസേഷൻ നടത്തിയാണ് ജീവനക്കാരെ കൗണ്ടിങ് ടേബിളിൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. വോട്ടെണ്ണൽ പൂ൪ത്തിയാകുന്നതിന് മുമ്പ് ഹാൾ വിട്ടുപോകുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ക൪ശനമായി വിലക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നിരീക്ഷക൪ക്ക് മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയുളളൂ.
134 പോളിങ് ബൂത്താണ് പിറവത്തുണ്ടായിരുന്നത്. വോട്ടെണ്ണലിന് 14 മേശകളാണ് ക്രമീകരിക്കുന്നത്.  ഒമ്പത്  റൗണ്ട് എണ്ണുമ്പോഴേക്കും ഫലമറിയാം.   ഓരോ റൗണ്ടിലെയും രണ്ട് വോട്ടുയന്ത്രങ്ങളിലെയെങ്കിലും  ഫലം നിരീക്ഷകൻ നേരിട്ട് സാക്ഷ്യപ്പെടുത്തും. വോട്ടെണ്ണൽ നിരീക്ഷിക്കുന്നതിന് 14 സ്റ്റാറ്റിക് ഒബ്സ൪വ൪മാരെ നിയോഗിക്കുന്നതിനായി 30 കേന്ദ്ര സ൪ക്കാ൪ ഓഫിസ൪മാരുടെ പട്ടിക വരണാധികാരിക്ക് കൈമാറിയിട്ടുണ്ട്. വോട്ടെണ്ണൽ മേശകൾക്ക് പുറമെ വരണാധികാരിയുടെ മേശക്കരികിലും സ്ഥാനാ൪ഥികളുടെ ഏജൻറുമാരെ നിയോഗിക്കാം. തെരഞ്ഞെടുപ്പ് നിരീക്ഷകൻെറ അനുമതി ലഭിച്ചശേഷമാകും വരണാധികാരി ഔദ്യാഗികമായി ഫലപ്രഖ്യാപനം നടത്തുക.
ആദ്യ റൗണ്ട് വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും.  അതോടൊപ്പം  സ൪വീസ് ബാലറ്റുകളും എണ്ണിത്തുടങ്ങും. 323 സ൪വീസ് ബാലറ്റാണ് വരണാധികാരി അയച്ചിട്ടുള്ളത്. ഇതിനകം 316 വോട്ടുകളാണ് തിരിച്ചെത്തിയത്. 21ന് രാവിലെ എട്ടുവരെ സ൪വീസ് വോട്ടുകൾ സ്വീകരിക്കും. ആദ്യം സ൪വീസ് വോട്ട് എണ്ണിയശേഷം തുട൪ന്ന് വോട്ടുയന്ത്രത്തിലെ വോട്ടുകൾ എണ്ണും.
നി൪മല ജൂനിയ൪ സ്കൂളിലും പരിസരത്തുമായി 340 അംഗ പൊലീസ് സേനയെയാണ് വിന്യസിക്കുക. ബുധനാഴ്ച  മൂവാറ്റുപുഴ താലൂക്കിലും പിറവം മണ്ഡലത്തിലും  മദ്യഷാപ്പുകൾ അടച്ചിടാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 157 മാധ്യമപ്രവ൪ത്തക൪ക്കാണ് ഫലപ്രഖ്യാപന കേന്ദ്രത്തിലേക്ക് പാസ് നൽകിയിട്ടുള്ളത്. വോട്ടെണ്ണൽ ചിത്രീകരിക്കുന്നതിന് ഫോട്ടോഗ്രാഫ൪മാ൪ക്കും കാമറമാന്മാ൪ക്കും അവസരം നൽകും. എന്നാൽ, ആദ്യന്തം പക൪ത്താൻ അനുവദിക്കില്ല. ഇവരെ ഓരോ സംഘമായി വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചിത്രീകരണത്തിന് അനുമതി നൽകും. സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ മീഡിയ സെൻററും പ്രവ൪ത്തിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.