പിറവം: മുന്നണികള്‍ക്ക് മൗനം

കൊച്ചി: പിറവം നിയമസഭാ ഉപതെരഞ്ഞെടുപ്പിൻെറ വിജയ സാധ്യതകളെക്കുറിച്ച് ഇരുമുന്നണിക്കും മൗനം. ഗണ്യമായി ഉയ൪ന്ന പോളിങ് ശതമാനമാണ് ഇരുമുന്നണിയെയും ഇപ്പോൾ പ്രതിസന്ധിയിലാക്കുന്നത്.
പ്രചാരണത്തിൻെറ തുടക്കം മുതൽ മികച്ച വിജയം പ്രതീക്ഷിച്ച യു.ഡി.എഫ് ഇപ്പോൾ അനൂപ് ജേക്കബ് വിജയിക്കുമെന്ന് പറയുന്നതല്ലാതെ വ്യക്തമായ ഉറപ്പൊന്നും നൽകുന്നില്ല. എൽ.ഡി.എഫും വിജയസാധ്യത തള്ളിക്കളയുന്നില്ല. എന്നാൽ, ഭൂരിപക്ഷത്തെക്കുറിച്ചൊന്നും വ്യക്തമാക്കാൻ ഇടതുമുന്നണി നേതാക്കളും തയാറല്ല. 5000 8000 വരെ വോട്ടിൻെറ ഭൂരിപക്ഷത്തിന് അനൂപ് വിജയിക്കുമെന്നാണ് മണ്ഡലത്തിലെ പ്രാദേശികനേതാക്കൾ നൽകുന്ന സൂചന.
സ്ഥാനാ൪ഥി അനൂപും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നല്ലാതെ എത്രയെന്ന് വ്യക്തമാക്കുന്നില്ല. ഇടതുമുന്നണി സ്ഥാനാ൪ഥി എം.ജെ. ജേക്കബും വിജയം അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഭൂരിപക്ഷത്തെക്കുറിച്ച് പറയാൻ അദ്ദേഹവും ഒരുക്കമല്ല. മികച്ച ഭൂരിപക്ഷത്തോടെ പിറവത്ത് ഇടതുസ്ഥാനാ൪ഥി വിജയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശിക തലത്തിൽനിന്നുള്ള റിപ്പോ൪ട്ടുകളും ഇപ്രകാരമാണ്.3000നും 5000ത്തിനുമിടയിൽ വോട്ടിൻെറ ഭൂരിപക്ഷത്തിന് ഇടതുസ്ഥാനാ൪ഥി വിജയിക്കുമെന്നാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ച നേതാക്കളുടെ കണക്ക്.
പിറവത്ത് യു.ഡി.എഫ് വിജയിക്കുമെന്ന് കൊച്ചിയിലെത്തിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. എന്നാൽ, ഭൂരിപക്ഷത്തെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. പിറവത്ത് യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ച മന്ത്രി കെ. ബാബുവും പറഞ്ഞു. എന്നാൽ, ഭൂരിപക്ഷത്തെക്കുറിച്ച്  പറയാൻ  തയാറായില്ല.
മണ്ഡലത്തിലെ 12പഞ്ചായത്തുകളിൽ ആറിടത്ത് യു.ഡി.എഫിന് നി൪ണായക ലീഡ് ലഭിക്കുമെന്നും ആറിടത്ത് മുന്നിലെത്തുമെന്നുമാണ് യു.ഡി.എഫിൻെറ വിലയിരുത്തൽ.പ്രതിപക്ഷം പോലുമില്ലാതെ യു.ഡി.എഫ് ഒറ്റക്ക് ഭരിക്കുന്ന ഇലഞ്ഞി പഞ്ചായത്തിൽ വോട്ടിങ് ശതമാനം കുറഞ്ഞത് യു.ഡി.എഫിനെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ടി.എം. ജേക്കബിന് 1452 വോട്ടിൻെറ ലീഡ് നൽകിയ ഇലഞ്ഞിയിൽ ഇത്തവണ പോളിങ് ശതമാനം കുറഞ്ഞു.
ആറ് പഞ്ചായത്തുകളിൽ തങ്ങൾക്ക് നി൪ണായക ലീഡ് ഉണ്ടാകുമെന്നാണ് ഇടതുനേതാക്കളുടെ പക്ഷം. ചോറ്റാനിക്കര, ആമ്പല്ലൂ൪, തിരുവാങ്കുളം, എടക്കാട്ടുവയൽ, പിറവം, തിരുമാറാടി പഞ്ചായത്തുകളിലാണ് എൽ.ഡി.എഫിൻെറയും പ്രതീക്ഷ. മറ്റ് പഞ്ചായത്തുകളിൽ മുന്നിലെത്തുമെന്നും എൽ.ഡി.എഫ് നേതാക്കൾ അവകാശപ്പെട്ടു.
സഭകളുടെ നിലപാടിലാണ് യു.ഡി.എഫിന് ഭയം. അവസാന നിമിഷം സഭകൾ കാലുവാരിയോയെന്നുവരെ യു.ഡി.എഫ് നേതാക്കൾക്ക് സംശയമുണ്ട്. ഓ൪ത്തഡോക്സ്, യാക്കോബായ സഭകളുടെ നിലപാടിലാണ് യു.ഡി.എഫിന് ആശങ്ക. എന്നാൽ, സഭകൾ ഇടതുമുന്നണിക്ക് അനുകൂലമായി പ്രതികരിച്ചുവെന്നാണ് നേതാക്കൾ പറയുന്നത്.
സാമുദായിക ധ്രുവീകരണം പിറവത്ത് ഉണ്ടായോ എന്ന സന്ദേഹവും ഇരുമുന്നണിക്കുമുണ്ട്. മുന്നണികൾ കൃത്യതയോടെ താഴെത്തട്ടിൽ വരെ നടത്തിയ ഇടപെടലുകൾ വോട്ട൪മാരെ കൂടുതലായി ബൂത്തുകളിലേക്ക് എത്തിച്ചുവെന്നാണ് നിഷ്പക്ഷമതികളുടെ വിലയിരുത്തൽ. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.