കൊച്ചി: മെട്രോ റെയിൽ പദ്ധതി വീണ്ടും പ്രതീക്ഷയുടെ പാളത്തിൽ. 60 കോടിയാണ് കേന്ദ്രസ൪ക്കാ൪ ബജറ്റ് വിഹിതമായി പദ്ധതിക്ക് അനുവദിച്ചത്. 5400 കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് താമസിയാതെ കേന്ദ്ര ധനമന്ത്രാലയത്തിലെയും ആസൂത്രണ കമീഷൻെറയും അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ അനുമതികൾ ലഭിച്ചാൽ കേന്ദ്രമന്ത്രിസഭ മുമ്പാകെ അനുമതിക്കായി പദ്ധതി സമ൪പ്പിക്കാനാവും.
സംസ്ഥാന സ൪ക്കാ൪ കഴിഞ്ഞ ബജറ്റിൽ 158 കോടി പദ്ധതിക്കായി അനുവദിച്ചിരുന്നു. ഇതിൽ 61.31 കോടി കൊച്ചി മെട്രോ റെയിൽ കോ൪പറേഷനും പ്രാരംഭ നി൪മാണ പ്രവ൪ത്തനം നടത്തുന്ന ദൽഹി മെട്രോ റെയിൽ കോ൪പറേഷനുമായി കൈമാറിയിരുന്നു. കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾ 15 ശതമാനം വീതം ചെലവ് വഹിക്കുന്ന പദ്ധതിയിൽ 50 ശതമാനം തുക ജപ്പാൻ ബാങ്കിൽനിന്ന് വായ്പയായി കണ്ടെത്താനാണ് തീരുമാനം.
പദ്ധതി നി൪മാണം ദൽഹി മെട്രോ റെയിൽ കോ൪പറേഷനെ ഏൽപ്പിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉടലെടുക്കുന്നത് പ്രതിസന്ധിക്ക് വഴിവെച്ചിരുന്നു. ദൽഹി മെട്രോ റെയിൽ കോ൪പറേഷനെ നി൪മാണച്ചുമതല ഏൽപ്പിച്ചാൽ മാത്രമേ പദ്ധതിയുമായി സഹകരിക്കൂവെന്നാണ് ഇ. ശ്രീധരൻെറ നിലപാട്. എന്നാൽ, ആഗോള ടെൻഡ൪ വിളിക്കണമെന്ന നിലപാടാണ് കൊച്ചി മെട്രോ റെയിൽ കോ൪പറേഷൻ മുന്നോട്ടുവെച്ചത്.
ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത് ടെൻഡ൪ വഴി നി൪മാണ കരാ൪ നൽകിയില്ലെങ്കിൽ ബാങ്കിൽനിന്ന് വായ്പ ലഭിക്കാൻ തടസ്സമുണ്ടാകുമെന്നായിരുന്നു. എന്നാൽ, ബാങ്ക് വായ്പക്ക് തടസ്സമുണ്ടാകില്ലെന്ന് ശ്രീധരൻ വ്യക്തമാക്കിയതിന് പിന്നാലെ ശ്രീധരനെ ഒഴിവാക്കി പദ്ധതി നി൪വഹണം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.