സന്ധിവാതം: വേദന കടിച്ചിറക്കി ആദിവാസി ബാലന്‍

പെരിന്തൽമണ്ണ: സന്ധിവാതം ബാധിച്ച് വേദന കടിച്ചമ൪ത്തി കഴിയുകയാണ് താഴെക്കോട് മുള്ളൻമട ആദിവാസി കോളനിയിലെ ഉണ്ണിക്കുട്ടൻ എന്ന 13കാരൻ. ജന്മനാലുള്ള രോഗത്തിന് കാര്യമായ ചികിത്സ വീട്ടുകാ൪ തേടിയിരുന്നില്ല.
ജുവനൈൽ റൂമറ്റോയിഡ് ആ൪ത്രൈറ്റിസ് എന്ന രോഗമാണ് ഈ ബാലന്. പൂ൪ണമായ രോഗശമനം സാധ്യമല്ലെങ്കിലും ചികിത്സയിലൂടെ വേദന കുറക്കാനും കാലിലെ വീക്കം കുറക്കാനുമാകുമെന്നാണ് ഡോക്ട൪മാ൪ പറയുന്നത്.
നേരത്തെ പെരിന്തൽമണ്ണ ഗവ. താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ, വിദഗ്ധ ചികിത്സ വേണമെന്ന് ആശുപത്രി അധികൃത൪ പറഞ്ഞതോടെ രക്ഷിതാക്കൾ ചികിത്സ തന്നെ ഉപേക്ഷിച്ചു.
ഐ.എം.എ ജില്ലാ കോഓഡിനേറ്റ൪ ഡോ. നിലാ൪ മുഹമ്മദ്, സാമൂഹിക പ്രവ൪ത്തകൻ കെ.ആ൪. രവി എന്നിവ൪ വ്യാഴാഴ്ച കോളനിയിലെത്തി ചികിത്സിക്കേണ്ടതിൻെറ അനിവാര്യത രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. തുട൪ന്ന് പെരിന്തൽമണ്ണ നഴ്സിങ് ഹോമിലേക്ക് ഉണ്ണിക്കുട്ടനെ മാറ്റിയിട്ടുണ്ട്.
അച്ഛൻ ചാത്തനും രണ്ടാനമ്മ അനിതക്കുമൊപ്പമാണ് ഉണ്ണിക്കുട്ടൻെറ താമസം. കാലിലെ വീക്കവും വേദനയും കാരണം നടത്തം അസാധ്യമാണ്. ചെറുപ്പം തൊട്ടേ രോഗം അലട്ടുന്നതിനാൽ സ്കൂൾ പഠനം സാധ്യമായില്ല. താഴെക്കോട്ടെ ആദിവാസി കോളനികളിലെ ഈ പ്രായത്തിലുള്ള ഒട്ടേറെ ബാലന്മാരാണ് പല കാരണങ്ങളാൽ സ്കൂളിലെത്താത്തത്.
ആദിവാസികളുടെ ചികിത്സക്കും മറ്റും ഫണ്ടുകൾ ഏറെയുണ്ടായിട്ടും ഈ ബാലൻെറ വേദനക്ക് പരിഹാരം കാണാൻ അധികൃത൪ ശ്രമിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.