തലശ്ശേരി: പെട്ടിപ്പാലത്ത് പൊലീസ് സഹായത്തോടെ മാലിന്യം തള്ളാൻ തീരുമാനിച്ച് സ൪വ ഒരുക്കങ്ങളും നടത്തിയെങ്കിലും സ൪ക്കാ൪ നി൪ദേശത്തെ തുട൪ന്ന് അവസാന നിമിഷം ഉപേക്ഷിച്ചു. വെള്ളിയാഴ്ച രാവിലെ ആറോടെ പെട്ടിപ്പാലത്ത് പൊലീസ് സംരക്ഷണയിൽ മാലിന്യം നിക്ഷേപിച്ചേക്കുമെന്ന വിവരം വ്യാഴാഴ്ച ഉച്ചക്കേ പുറത്തായിരുന്നു.
വെള്ളിയാഴ്ച പുല൪ച്ചെ അഞ്ചരയോടെ തലശ്ശേരി ഡിവിഷന് കീഴിലുള്ള തലശ്ശേരി, ധ൪മടം, ന്യൂമാഹി സ്റ്റേഷനുകളിലെ എസ്.ഐമാരടക്കം പൊലീസ് പട തലശ്ശേരി സി.ഐ എം.പി. വിനോദിൻെറ നേതൃത്വത്തിൽ സ്റ്റേഷന് മുന്നിൽ തയാറായി നിന്നു. മാലിന്യം വഹിച്ച ആറ് വാഹനങ്ങൾ പെട്ടിപ്പാലത്തേക്ക് തിരിക്കാൻ സ്റ്റേറ്റ് ബാങ്കിന് സമീപം, സൈദാ൪പള്ളി എന്നിവിടങ്ങളിലും തയാറായി. നഗരസഭാ ഉദ്യോഗസ്ഥരും ഇവിടെ തമ്പടിച്ചിരുന്നു. വിവരം നേരത്തെ അറിഞ്ഞതിനാൽ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെകൊണ്ട് സ സമരപന്തൽ നിറഞ്ഞിരുന്നു.
സമര നേതാക്കൾ ഇതിനിടെ ഉന്നത രാഷ്ട്രീയ നേതാക്കളെ വിളിച്ച് പൊലീസ് ഇടപെട്ടാൽ സ്ഥിതി വഷളാകുമെന്ന മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്ത് നിന്ന് നി൪ദേശം ലഭിച്ചതിനെ തുട൪ന്ന് പൊലീസ് ഉദ്യമത്തിൽ നിന്ന് പിന്തിരിയുകയായിരുന്നു. അതേസമയം, പൊലീസ് പിന്തിരിഞ്ഞിട്ടും നഗരസഭ അധികാരികൾ സ്റ്റേഷനിലെത്തി എന്തു വില കൊടുത്തും മാലിന്യം നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടതായി അറിയുന്നു.
പിറവം തെരഞ്ഞെടുപ്പിന് മുമ്പ് വിളപ്പിൻശാലയിൽ നടന്നതുപോലുള്ള ചെറുത്തുനിൽപ് പെട്ടിപ്പാലത്ത് ഉണ്ടാകരുത് എന്നതിനാലാണ് തലസ്ഥാനത്ത് നിന്ന് തന്നെ പൊലീസ് ആക്ഷൻ വിലക്കിയതെന്ന് അറിയുന്നു. തെരഞ്ഞെടുപ്പിനു ശേഷം ആകാമെന്നാണത്രെ മുകളിൽ നിന്നുള്ള നി൪ദേശം. ന്യൂമാഹി പ്രദേശത്ത് റെയ്ഡ് നടക്കുന്നുണ്ട് എന്ന് പറഞ്ഞാണ് പൊലീസുകാരെ തലശ്ശേരിയിൽ വിന്യസിച്ചത്.
ക്രമസമാധാന പ്രശ്നമെന്ന നിലയിൽ പെട്ടിപ്പാലത്ത് ഇടപെടാൻ സാധിക്കില്ലെന്നാണ് പൊലീസ് നിലപാട്. ഹൈകോടതി ഉത്തരവനുസരിച്ച് പാതയോരം തടസ്സപ്പെടുത്തൽ എന്ന വകുപ്പനുസരിച്ച് നടപടിക്ക് കഴിയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആറ്റുകാൽ പൊങ്കാല സംഭവത്തിൽ കേസെടുത്തതിനെ തുട൪ന്ന് വിവാദമായ ഉത്തരവാണിത്. തലശ്ശേരി നഗരസഭയുടെ അനധികൃത മാലിന്യനിക്ഷേപത്തിനെതിരെ ഒക്ടോബ൪ 31 മുതലാണ് പെട്ടിപ്പാലത്ത് അനിശ്ചിതകാല സമരം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.