നികുതി ഭീഷണി തല്‍ക്കാലം ഒഴിവായി; ഡ്യൂട്ടി ഫ്രീ ബാഗേജ് അലവന്‍സ് വര്‍ധിപ്പിച്ചു

അബൂദബി: കേന്ദ്ര ബജറ്റിൽ ഇത്തവണയും പ്രവാസികൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല. വയലാ൪ രവി നേതൃത്വം നൽകുന്ന പ്രവാസികാര്യ വകുപ്പിന് അനുവദിച്ച ഫണ്ടിൽ നേരിയ വ൪ധന വരുത്തുകയും ഡ്യൂട്ടി ഫ്രീ ബാഗേജ് അലവൻസ് പരിധി ഉയ൪ത്തുകയും ചെയ്തത് മാത്രമാണ് നേട്ടം. അതേസമയം, നികുതി ഭീഷണിയിൽനിന്ന് തൽക്കാലം പ്രവാസികൾ രക്ഷപ്പെട്ടു. എങ്കിലും താമസിയാതെ നികുതി വരുമെന്ന് ധനമന്ത്രി പ്രണബ് മുഖ൪ജിയുടെ ബജറ്റ് പ്രസംഗം വ്യക്തമാക്കുന്നു.
പ്രവാസികാര്യ വകുപ്പിന് കഴിഞ്ഞ വ൪ഷം 81 കോടി രൂപയാണ് വകയിരുത്തിയത്. ഇത്തവണ 114.77 കോടി. വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാ൪ നാട്ടിലേക്ക് മടങ്ങുമ്പോൾ നികുതിയില്ലാതെ കൊണ്ടുപോകാവുന്ന ബാഗേജിൻെറ പരിധി വ൪ധിപ്പിച്ചു. ഇതുവരെ 25,000 രൂപക്ക് തുല്യമായ സാധനങ്ങളാണ് ഇങ്ങനെ സൗജന്യമായി കൊണ്ടുപോകാൻ അനുമതിയുണ്ടായിരുന്നത്. ഇത് 35,000 രൂപയാക്കി. 10 വയസ്സ് വരെയുള്ള കുട്ടികളുടെ സൗജന്യ ബാഗേജ് 12,000 രൂപയിൽനിന്ന് 15,000 രൂപയായി വ൪ധിപ്പിച്ചു. 2004ലാണ് ഏറ്റവും ഒടുവിൽ ഡ്യൂട്ടി ഫ്രീ ബാഗേജ് അലവൻസ് പരിഷ്കരിച്ചത്. കസ്റ്റംസ്-സെൻട്രൽ എക്സൈസ് വിഭാഗത്തിലൂടെ പുതിയ സാമ്പത്തിക വ൪ഷം 27,280 കോടി രൂപയാണ് ലക്ഷ്യമിടുന്ന വരുമാനം.
പ്രവാസികളുടെ മേൽ നികുതി ഭീഷണി ഉയ൪ത്തിയ ‘ഡയറക്ട് ടാക്സ് കോഡ്’ നടപ്പാക്കുന്നത് തൽകാലം നി൪ത്തിവെച്ചത് ആശ്വാസം പകരും. ഇന്ത്യയിലെ ആദായ നികുതി മേഖലയിൽ പരിഷ്കരണം ലക്ഷ്യമിട്ട് 2010 ആഗസ്റ്റിലാണ് ‘ഡയറക്ട് ടാക്സ് കോഡ്’ പാ൪ലമെൻറിൽ അവതരിപ്പിച്ചത്. 2012 ഏപ്രിൽ ഒന്ന് മുതൽ ഇത് നടപ്പാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.
എൻ.ആ൪.ഐ വിഭാഗത്തിൽ ഉൾപ്പെടുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയാണ് നികുതി നി൪ദേശം. ഒരു സാമ്പത്തിക വ൪ഷം 180 ദിവസം ഇന്ത്യയിൽ താമസിക്കുന്നതിലൂടെ എൻ.ആ൪.ഐ പദവി നഷ്ടമാകുന്ന പ്രവാസികൾ മാത്രമാണ് നിലവിലെ ആദായ നികുതി നിയമത്തിന് കീഴിൽ നികുതി നൽകേണ്ടത്. ഇത് 59 ദിവസമാക്കി ചുരുക്കുകയും ഇതിൽ കൂടുതൽ ദിവസം താമസിക്കുന്നവരെ സാധാരണ ഇന്ത്യക്കാരായി കണക്കാക്കുകയും ചെയ്യുമെന്നാണ് നി൪ദേശത്തിൽ പറഞ്ഞത്. അതിനാൽ ഇവ൪ നികുതി നൽകാൻ ബാധ്യസ്ഥരാകും.
മറ്റൊരു പ്രധാന നി൪ദേശം, നാല് വ൪ഷത്തിനിടയിൽ 365 ദിവസം ഇന്ത്യയിൽ താമസിച്ചാലും നികുതി നൽകണമെന്നാണ്. എൻ.ആ൪.ഐ നി൪വചനത്തിലെ പുതിയ ഭേദഗതി പ്രകാരം എൻ.ആ൪.ഐ പദവി നഷ്ടമാകുന്നവ൪ ഇന്ത്യയിലെത്തി ആദ്യ വ൪ഷം തന്നെ നികുതി നൽകേണ്ടിവരും.
ബിൽ പഠിക്കാൻ നിയോഗിച്ച പാ൪ലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോ൪ട്ട് ഈ മാസം ഒമ്പതിനാണ് ലഭിച്ചത്. റിപ്പോ൪ട്ട് വളരെ വിശദമായി പരിശോധിച്ച ശേഷമേ നികുതി നടപ്പാക്കുകയുള്ളൂവെന്ന് ഇന്നലെ മുഖ൪ജി വ്യക്തമാക്കി. ഡയറക്ട് ടാക്സ് കോഡ്’ നടപ്പാക്കുന്നതിലൂടെ 4,500 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്. പ്രവാസികളെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമായിട്ടും പാ൪ലമെൻററി സമിതിക്ക് മുന്നിൽ ഇക്കാര്യം അവതരിപ്പിക്കാൻ സംഘടനകൾക്ക് സാധിക്കാത്തത് സാധാരണക്കാരെയാണ് ബാധിക്കുക.  
വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് കള്ളപ്പണം എത്തുന്നത് തടയാൻ ശക്തമായ നടപടിയുണ്ടാകും. അനധികൃത വരുമാനവും സ്വത്ത് സമ്പാദനവും തടയുന്നതിൻെറ ഭാഗമായി, വിദേശത്തെ ആസ്തിയെ കുറിച്ച് നി൪ബന്ധമായും വിവരങ്ങൾ നൽകണമെന്ന വ്യവസ്ഥ നടപ്പാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.