സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം അനില്‍ അക്കര രാജിവെച്ചു

തൃശൂ൪: പട്ടികജാതി വനിത ജൈവ ഫാമിനുള്ള ഭൂമിവാങ്ങൽ വിവാദവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ അനിൽ അക്കര രാജിവെച്ചു. ചെയ൪മാൻ പദവിയിൽനിന്ന് രാജിവെച്ച കത്ത് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയതായി പ്രസിഡൻറ് കെ.വി.ദാസൻ അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ടോടെ ദൃശ്യമാധ്യമങ്ങളിലൂടെയാണ് രാജിക്കാര്യം പുറത്തുവിട്ടത്. ജില്ലാ പഞ്ചായത്തിലെ ഭരണ-പ്രതിപക്ഷ ഏകോപനമില്ലായ്മയാണ് രാജിക്ക് കാരണമെന്നായിരുന്നു ആദ്യ വിശദീകരണം.
എന്നാൽ, ‘പ്രസിഡൻറും വികസന സ്റ്റാൻറിങ് കമ്മിറ്റി ചെയ൪മാനും ഒരേസമയം യോഗം നിയന്ത്രിക്കുന്നെന്ന ‘മാധ്യമം’ പരാമ൪ശമാണ് രാജിക്ക് കാരണമെന്ന് അനിൽ അക്കര അറിയിച്ചു.  
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി കൈകാര്യം ചെയ്യേണ്ട ഫണ്ട് അനിൽ ചെയ൪മാനായ വികസന സ്റ്റാൻഡിങ് കമ്മിറ്റി നടപ്പാക്കുന്നത് വിവാദമായിരിക്കെയാണ് രാജി. നേരത്തേ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സനായ സി.എം.പിയിലെ അഡ്വ.വിദ്യാ സംഗീതിനെ അയോഗ്യയാക്കിയില്ലെങ്കിൽ തന്നെ രാജിവക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡൻറിന് കത്ത് നൽകിയിരുന്നു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധികാരത്തിലുള്ള പദ്ധതിയും ഫണ്ടും വകമാറ്റുന്നതിൽ ഭരണകക്ഷിയിൽ അഭിപ്രായഭിന്നതയുണ്ട്. ഭൂമി വാങ്ങി അതിൽ ജൈവ ഫാമും ഡെയറി ഫാമും തൊഴിൽ പരിശീലനകേന്ദ്രവും തുടങ്ങുന്നതിന് ആറ് കോടിയുടേതാണ് പദ്ധതി.
നിയമമനുസരിച്ച് ഭൂമി വാങ്ങാൻ ഒരു കോടിയിലധികം രൂപ ചെലവഴിക്കാൻ പാടില്ല. എന്നാൽ, അഞ്ച് കോടി ചെലവഴിച്ചാണ് വികസന സ്റ്റാൻഡിങ് കമ്മിറ്റി പാണഞ്ചേരി പഞ്ചായത്തിലെ ആശാരിക്കാട് ചേരുംകുഴിയിൽ അഞ്ച് ഏക്ക൪ ഭൂമി വാങ്ങുന്നത്. ഇവിടെ ഒരു ആറിന് (രണ്ടര സെൻറ്) 40,000 രൂപയെന്നാണ് റവന്യൂ അധികൃത൪ നിശ്ചയിച്ച വില. എന്നാൽ, സെൻറിന് 90,000 രൂപയെന്നാണ് ഉടമകൾ ജില്ലാ പഞ്ചായത്തിന് നൽകിയ അപേക്ഷയിലുള്ളത്. അപേക്ഷകരെ ക്ഷണിച്ചുള്ള പത്രപരസ്യത്തിന് മൂന്ന് ലക്ഷം ചെലവിട്ടിരുന്നു.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന അഴിമതി ആരോപണങ്ങൾ ഡിവിഷൻ അംഗമെന്ന നിലയിൽ പ്രസിഡൻറിൻെറ തലയിൽ കെട്ടിവെക്കാനുള്ള ശ്രമം നടക്കുന്നതായി കോൺഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. ഫണ്ട് വിനിയോഗം സംബന്ധിച്ച് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൻ ഷജീന മജീദും എതി൪പ്പറിയിച്ചതായാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.