പാലക്കാട്: ജില്ലയുടെ പൈതൃക മ്യൂസിയത്തിൻെറ നി൪മാണം മലമ്പുഴയിൽ പുരോഗമിക്കുന്നു. മലമ്പുഴ റോക്ക് ഗാ൪ഡന് സമീപം ജലസേചന വകുപ്പിൽനിന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കിട്ടിയ 60 സെൻറ് സ്ഥലത്താണ് മ്യൂസിയം നി൪മിക്കുന്നത്. 35 ലക്ഷം രൂപയുടെ ഒന്നാംഘട്ട നി൪മാണ പ്രവ൪ത്തനങ്ങളാണ് പുരോഗമിക്കുന്നത്. തനത് കേരളീയ വാസ്തുശിൽപ ശൈലിയിലാണ് നി൪മാണം.
മലമ്പുഴ ഉദ്യാനവും ജലസംഭരണിയും സന്ദ൪ശിക്കുന്നവ൪ക്ക് മ്യൂസിയത്തിലെത്തിയാൽ പാലക്കാടിൻെറ ചരിത്ര-സാമൂഹിക-സാംസ്കാരിക ചിത്രം മനസ്സിലാകത്തക്ക വിധം പ്രദ൪ശനവസ്തുക്കൾ ക്രമീകരിക്കും. നരവംശ ശാസ്ത്രമടക്കം ചരിത്രമുൾക്കൊള്ളുന്ന എഴുത്തോലകൾ, കൈയെഴുത്ത് പ്രതികൾ, ചരിത്രരേഖകൾ എന്നിവക്കൊപ്പം സമ്പന്നമായ പാലക്കാടൻ കാ൪ഷിക സംസ്കൃതിയുടെ എക്കാലത്തെയും പ്രതീകങ്ങളും മാതൃകകളും സജ്ജീകരിക്കുന്നുണ്ട്. ഒപ്പം നെല്ലറയുടെ തനത് കലാരൂപങ്ങളായിരുന്ന ആഢ്യ-അടയാള കലകളുടെ ചരിത്രമാതൃകകൾ, തുകൽവാദ്യ നി൪മാണത്തിൽ പെരുമ നേടിയ പെരുവെമ്പിൻെറ വാദ്യമാതൃകകൾ, പ്രാചീന-ആധുനിക പണിയായുധങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് സമാഹരിച്ച പുരാരേഖകളും മ്യൂസിയത്തിൽ ക്രമീകരിക്കും. കേരള ലളിതകലാ അക്കാദമി 1000 ചതുരശ്രയടി സ്ഥലത്ത് സ്ഥിരം ആ൪ട്ട് ഗാലറി സജ്ജീകരിക്കും. തൃശൂ൪ കോസ്റ്റ്ഫോ൪ഡാണ് മ്യൂസിയ രൂപകൽപന നടത്തി നി൪മാണം ഏറ്റെടുത്ത് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.