രേഖകള്‍ കാണാനില്ല; പരിയാരത്ത് അഞ്ച് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

പയ്യന്നൂ൪: പരിയാരം മെഡിക്കൽ കോളജിലെ വിലപ്പെട്ട രേഖകൾ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.  കേരള കോ ഓപറേറ്റിവ് ഹോസ്പിറ്റൽ കോംപ്ളക്സിലെ ജീവനക്കാരായ ശോഭന, വസന്ത, സീമ, ഷാജി,  അക്കാദമി മെഡിക്കൽ സയൻസസിലെ ജയൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവും സസ്പെൻഡ് ചെയ്യപ്പെട്ടവരിൽപെടും.
എ.സി.എം.ഇയുടെ പ്രധാന ലഡ്ജറും 100 ലീഫുകളടങ്ങിയ ഒരു രസീത് പുസ്തകവുമാണ് കാണാതായതെന്നാണ് സൂചന. എന്നാൽ, ഇതുസംബന്ധിച്ച് പൊലീസ് സ്റ്റേഷനിലോ മറ്റോ പരാതി നൽകിയിട്ടില്ല. പരാതി നൽകുകയോ വിശദമായ അന്വേഷണം നടത്തുകയോ ചെയ്യാതെ ജീവനക്കാ൪ക്കെതിരെ ക൪ശന നടപടിയുമായെത്തിയത് മറ്റ് ജീവനക്കാരിൽ പ്രതിഷേധത്തിനിടയാക്കി.
കോളജിൽ ഇൻേറണൽ ഓഡിറ്റ് നടന്നിരുന്നു. ഓഡിറ്റ് കഴിഞ്ഞതിനുശേഷമാണ് രേഖകൾ നഷ്ടപ്പെട്ടതെന്നാണ് വിവരം. കഴിഞ്ഞ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ സന്ദ൪ശന സമയത്തുള്ള കണക്കുകളും മറ്റും സൂക്ഷിച്ച ലഡ്ജറും വിദ്യാ൪ഥികളുടെ അഡ്മിഷൻ സംബന്ധിച്ച രസീത് പുസ്തകവുമാണ് കാണാതായതെന്നു പറയുന്നു. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പരിശോധനാ സമയത്ത് മറ്റ് സ്ഥാപനങ്ങളിൽ നിന്നും ഡോക്ട൪മാരെ കൊണ്ടുവന്നിരുന്നു. ഇതിന് വൻ ചെലവാണ് എ.സി.എം.ഇ ക്കുണ്ടായത്. ഇതു സംബന്ധിച്ച ലഡ്ജറാണത്രെ കാണാതായത്. എന്നാൽ, സുപ്രധാന രേഖകൾ അപ്രത്യക്ഷമായിട്ടും പരാതി നൽകാൻ തയാറാവാത്ത നടപടി ദുരൂഹതക്കിടയാക്കുന്നു.
കെ.സി.എച്ച്.സിയുടെ കീഴിലുള്ള നാല് ജീവനക്കാരെ ചെയ൪മാനും എ.സി.എം.ഇയുടെ കീഴിലുള്ള ഒരു ജീവനക്കാരനെ ഡയറക്ടറുമാണ് സസ്പെൻഡ് ചെയ്തത്. കോളജിലെ പ്രവേശം സംബന്ധിച്ച ആരോപണം അന്വേഷിച്ച മൂന്നംഗ സമിതി സമ൪പ്പിച്ച റിപ്പോ൪ട്ട് സ൪ക്കാ൪ പരിഗണനയിലാണ്. ഇതിനിടയിലാണ് പരിയാരത്ത് മറ്റൊരു വിവാദം ഉടലെടുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.