പോരാട്ടച്ചൂടിന് കൊടിയിറക്കം

പിറവം: ആവേശക്കൊടുമുടി കയറിയ പിറവത്തെ പരസ്യ പ്രചാരണത്തിന് കൊടിയിറക്കം. പോരാട്ടച്ചൂടിൻെറ ആവേശമാവാഹിച്ച് മണിക്കൂറുകളോളം നഗരത്തെ ഇളക്കി മറിച്ചാണ് പ്രചാരണം സമാപിച്ചത്. നേതാക്കൾ കൊഴുപ്പിച്ച പ്രചാരണം അവസാന മണിക്കൂറുകളിൽ അതിലേറെ ആവേശത്തിൽ പ്രവ൪ത്തക൪ ഏറ്റെടുത്തപ്പോൾ മണ്ഡലത്തിൻെറ ആസ്ഥാനമായ പിറവം ടൗൺ അക്ഷരാ൪ഥത്തിൽ വിറച്ചു. ശക്തിപ്രകടനത്തിനുശേഷം ഇനി വോട്ടുറപ്പിക്കാനുള്ള നിശ്ശബ്ദ പ്രചാരണമാണ്. ശനിയാഴ്ച പിറവം പോളിങ് ബൂത്തിലേക്ക് നീങ്ങും.
സ്ഥാനാ൪ഥികളായ എം.ജെ. ജേക്കബും അനൂപ് ജേക്കബും കെ.ആ൪. രാജഗോപാലും ഒപ്പം വിവിധ പാ൪ട്ടികളുടെ സംസ്ഥാന നേതാക്കളും കൊട്ടിക്കലാശത്തിന് എത്തിയതോടെ ആവേശം ഇരട്ടിയായി.
പഞ്ചായത്തോഫിസിൽനിന്ന് കൃത്യം അഞ്ചിന് സൈറൺ മുഴങ്ങിയതോടെ ആവേശത്തിൻെറ ആളിക്കത്തലൊടുങ്ങി. പിറവം ബസ് സ്റ്റാൻഡ് പരിസരമാണ് പരസ്യ പ്രചാരണത്തിൻെറ സമാപനത്തിന് വേദിയായത്. ഉച്ചക്ക് മുമ്പുതന്നെ പ്രവ൪ത്തക൪ നഗരത്തിലേക്ക് ഒഴുകിയെത്തി. പാരഡി ഗാനങ്ങളും മുദ്രാവാക്യം വിളികളും അന്തരീക്ഷത്തെ മുഖരിതമാക്കി.
ഒരുമാസം നീണ്ട പ്രചാരണത്തിന് നേതൃത്വം നൽകിയ ഇടതുമുന്നണി നേതാക്കളായ ഇ.പി. ജയരാജൻ, കെ.ഇ. ഇസ്മായിൽ, ടി.എം. തോമസ് ഐസക്, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.എൻ. ബാലഗോപാൽ, സി.എൻ. ചന്ദ്രൻ, ഇ.എസ്. ബിജിമോൾ, പി.സി. തോമസ്, ഉഴവൂ൪ വിജയൻ,  എം.വി. ഗോവിന്ദൻ എന്നിവരെല്ലാം കൊട്ടിക്കലാശത്തിന് സാക്ഷ്യം വഹിച്ചു. വൈകുന്നേരം അഞ്ചിനകം നേതാക്കൾ മണ്ഡലം വിടണമെന്ന തെരഞ്ഞെടുപ്പ് കമീഷൻെറ നി൪ദേശത്തെത്തുട൪ന്ന് യു.ഡി.എഫ് പക്ഷത്തെ പ്രമുഖ൪ പിറവം വിട്ടിരുന്നു.
മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ പത്ത് മന്ത്രിമാരും കെ.പി.സി.സി അധ്യക്ഷനും ഭാരവാഹികളും ഉച്ചവരെ പിറവത്തുണ്ടായിരുന്നു.
ഇടതുമുന്നണി ശക്തിപ്രകടനം നടത്തിയ സ്ഥലത്തുനിന്ന് ഏറെ അകലെയല്ലാതെയാണ് ആയിരക്കണക്കിന് യു.ഡി.എഫ് പ്രവ൪ത്തകരും അവസാന മണിക്കൂറുകൾ കൊഴുപ്പിക്കാൻ തടിച്ചുകൂടിയത്.
 അനൂപ് ജേക്കബ് ചിഹ്നമായ ടോ൪ച്ച് കൈയിലേന്തിയാണ് പ്രവ൪ത്തക൪ക്കൊപ്പം അണിനിരന്നത്. അനൂപിൻെറ കൂറ്റൻ കട്ടൗട്ടുകളുമായി പ്രവ൪ത്തക൪ നൃത്തം വെച്ചു. ശോഭന ജോ൪ജും ജോണി നെല്ലൂരും കൊടിയിറക്കത്തിന് സാക്ഷ്യം വഹിക്കാനെത്തി.  ശക്തി പ്രകടനം അതിരുലംഘിക്കുന്നത് തടയാൻ പൊലീസ് മതിൽ തീ൪ത്തു.
ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് വി.മുരളീധരൻ, ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡൻറ് പി.ജെ. തോമസ് എന്നിവ൪ സ്ഥാനാ൪ഥി കെ.ആ൪. രാജഗോപാലിനൊപ്പം വാഹനത്തിന് മുകളിൽ നിന്നാണ് പ്രവ൪ത്തകരെ അഭിസംബോധന ചെയ്തത്. ചെറിയ അനുയായി വൃന്ദങ്ങളുമായി മറ്റ് ആറ് സ്ഥാനാ൪ഥികളും രംഗത്തുണ്ടായിരുന്നു.
ഉച്ചയോടെ വാഹനഗതാഗതം പൂ൪ണമായും തടസ്സപ്പെട്ടു. സമാന്തര റൂട്ടുകളിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ടെങ്കിലും നാലുമണിക്കൂറോളം നഗരം നിശ്ചലമായി. കെട്ടിടങ്ങൾക്ക് മുകളിൽ സമാപന ചടങ്ങുകൾ വീക്ഷിക്കാൻ ആയിരങ്ങളാണ് അണിനിരന്നത്.
 പ്രചാരണം അവസാനിപ്പിക്കേണ്ട സമയം പ്രവ൪ത്തകരെ ഓ൪മിപ്പിക്കാൻ 4.58 നു തന്നെ  സി.പി.എം നേതാക്കൾ വെള്ളം തളിച്ചതും ശ്രദ്ധേയമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.